ADVERTISEMENT

ഫ്രഞ്ച് ഭാഷയിൽനിന്ന് ഇംഗ്ലിഷ് കടംവാങ്ങിയ ഒരു ഇടിവെട്ടു വാക്കാണ് ഫോഴ്സ് മഷ്വേർ. രാജകീയ ഇംഗ്ലിഷിൽ പറയണമെന്നു നിർബന്ധമുള്ളവർ ഫോസ് മഷ്വേ എന്നു പറഞ്ഞാലും മതി. 

എങ്ങനെ പറഞ്ഞാലും അതിന്റെ ഇടിവെട്ടു സ്വഭാവത്തിനു മാറ്റമില്ല. മനുഷ്യന്റെ പിടിയിൽ നിൽക്കാത്ത പ്രകൃതിദുരന്തം പോലെയുള്ള കടുത്ത സംഭവങ്ങൾക്കുള്ള പദം നമ്മുടെ നാവിനു വഴങ്ങാത്തതു സ്വാഭാവികം. 

 

ഇടിവെട്ടു മുതൽ വെട്ടുക്കിളിവരെയുള്ള പ്രതിഭാസങ്ങളൊക്കെ ഇതിൽപെടുത്താം എന്നതാണ് ഈ വാക്കിന്റെ സൗകര്യം. 

ഇതിൽ നമുക്ക് ഏറ്റവും പരിചയം ഇടിവെട്ടാണ് എന്നതിനാലാണ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായിജി ഒരു ഫോഴ്സ് മഷ്വേർ പ്രയോഗം നടത്തിയത്. 

 

സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാത്രമല്ല തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഫോഴ്സ് മഷ്വേർ കയറി വെട്ടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നുവച്ചാൽ ഇടിവെട്ടി. 

 

ക്ലിഫ് ഹൗസിൽ വെട്ടിയപ്പോൾ കുറെ കാര്യങ്ങൾ നശിച്ചുപോയി എന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഇടിവെട്ടിൽ സിസിടിവി ക്യാമറകൾ തകരാറിലായെന്നു തെളിയിക്കാനാണ് അദ്ദേഹമിതു പറഞ്ഞത്. 

ഇടിവെട്ടിയാൽ നമുക്കാർക്കെങ്കിലും നിയന്ത്രിക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. 

 

ഇല്ല സർ; അതുകൊണ്ടാണ് ഫ്രഞ്ചുകാരും ഇംഗ്ലിഷുകാരുമൊക്കെ നാവുളുക്കുന്ന ഈ പ്രയോഗം ഇപ്പോഴും കൊണ്ടുനടക്കുന്നത്. ഇത്തരം വെട്ടുകൾ എവിടെയും സംഭവിക്കാം. 

 

ന്യൂജെൻ പിള്ളേർ ഇടിവെട്ടു സിനിമ, ഇടിവെട്ടു തമാശ, ഇടിവെട്ടു പ്രണയം എന്നൊക്കെ പറയാറുണ്ടെങ്കിലും അതിൽ യഥാർഥ ഇടിവെട്ടില്ല; അതൊരു വെർച്വൽ വെട്ടാണ്.

 

യഥാർഥത്തിൽ മുഖ്യമന്ത്രിയുടെ സായംകാല പ്രഭാഷണ പരമ്പരയുടെ ഉപോൽപന്നങ്ങളിലൊന്നാണ് ഈ ഭാഷാവഴക്കം. 

ഭരണവും ഭരണകൂടവുമാവുമ്പോൾ ഫോഴ്സ് മഷ്വേർ ഇങ്ങനെ പലതരത്തിലുണ്ടാവാം എന്നു ഗുണപാഠം.

 

English Summary : Tharangangalil Column written by Panachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com