ADVERTISEMENT

അഗ്നിശമനസേനയില്‍ ജോലി ചെയ്യുന്ന ഫയർമാന്‍ ഗൈ മൊണ്ടാഗിന്റെ ജോലി തീയണയ്ക്കലല്ല, കത്തിക്കൽ. നാടു മുഴുക്കെ ഓടി നടന്ന് പുസ്തകം കത്തിക്കൽ. അറിവും അക്ഷരവും വെറുക്കുന്ന, പേടിക്കുന്ന ഭരണകൂടത്തിന്റെ ചിന്താശേഷിയില്ലാത്ത അനുയായി. എന്നാൽ മൊണ്ടാഗിനൊരു രഹസ്യമുണ്ട്. ജോലിക്കിടയിൽ പലപ്പോഴായി 

മോഷ്ടിച്ച പുസ്തകങ്ങൾ അയാളുടെ വീട്ടിലുമുണ്ട്. ഒരിക്കല്‍ ഒരാളുമറിയാതെ മൊണ്ടാഗും വായിച്ചു തുടങ്ങുന്നു. അക്ഷരങ്ങളുടെ മണവും വായനയുടെ സുഖവും. അറിവിന്റെ ആദ്യാനുഭവം. 

 

അറിഞ്ഞതെല്ലാം വ്യർത്ഥമായിരുന്നെന്നും അറിയാൻ ഇനിയുമേറെയുണ്ടെന്നുമുള്ള തിരിച്ചറിവായിരുന്നു വായനയുടെ ഫലം. 

 

അമേരിക്കൻ നോവലിസ്റ്റ് റേ ബ്രാഡ്ബറിയുടെ പ്രശസ്ത നോവൽ ഫാരൻഹീറ്റ് 451 പറയുന്നത് ചുടു തീയിൽ വെന്തടരുന്ന പുസ്തകക്കൂട്ടങ്ങളുടെ പ്രാണവേദനയുടെ കഥ. കടലാസിന്റെ ജ്വലനനില തന്നെയാണ് നോവലിന്റെ പേരും. 

 

പുസ്തകങ്ങൾ ചുട്ടു കത്തിക്കുന്ന സാങ്കല്പിക നഗരമാണ് നോവലിന്റെ പശ്ചാത്തലം. പുസ്തക പ്രേമികളെ പിന്തുടർന്നു വേട്ടയാടുന്ന ഫയർഫൈറ്റർമാർ അന്നാട്ടിലെ പതിവു കാഴ്ചയും. 

 

മൊണ്ടാഗ് അവസാനമായി മോഷ്ടിച്ച പുസ്തകം ബൈബിൾ. തന്റെ പുസ്തകങ്ങളെ കൊല്ലുന്നതിനു മുൻപ് സ്വയം വെന്തു മരിച്ച വൃദ്ധയുടെ വീട്ടിൽ നിന്നു സഹപ്രവർത്തകരറിയാതെ കടത്തിയത്. പരിചയക്കാരനായ ഇംഗ്ലീഷ് പ്രൊഫസറുടെ സഹായത്തോടെ ബൈബിൾ പഠനം. എന്നാൽ ഫയർഫൈറ്റർമാരുടെ നേതാവിന് ഭർത്താവിനെ ഒറ്റു കൊടുത്ത് മൊണ്ടാഗിന്റെ ഭാര്യ. ഒടുവിൽ പുസ്തകങ്ങൾ ഒളിപ്പിച്ചെന്ന കണ്ടെത്തലിൽ തന്റെ തന്നെ വീട് ചുട്ടു കത്തിക്കാൻ മൊണ്ടാഗ് നിർബന്ധിതനാകുന്നു. വീടിനൊപ്പം എരിഞ്ഞടങ്ങിയതു പൂഴ്ത്തിവെച്ച പുസ്തകങ്ങളും.

 

നോവൽ അവസാനിക്കുമ്പോൾ സമൂഹത്തിന്റെ കെട്ടുപാടുകളെ അതിജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ നടുവിലാണ് മൊണ്ടാഗ്. തലമുറകൾക്കു കൈമാറാന്‍ പുസ്തകങ്ങൾ മനപ്പാഠമാക്കുന്ന വിവേകശാലികളുടെ സംഘത്തിൽ. അയാൾ പുസ്തക വിദ്വേഷിയല്ല, പുസ്തക പ്രേമികളായ പുതിയ സുഹൃത്തുക്കൾക്കൊപ്പം പുതുലോകം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന വിപ്ലവകാരി. 

‘‘കത്തിക്കുന്നതിൽ വല്ലാത്ത ഒരു സുഖമുണ്ട്’’ എന്ന ആദ്യ സംഭാഷണത്തിൽ നിന്ന് പുസ്തകം എന്ന ആയുധവുമായി അജ്ഞതയുടെ തീയണയ്ക്കാൻ ശ്രമിക്കുന്ന യഥാര്‍ഥ ‘ഫയർമാൻ’.

 

ടെലിവിഷൻ പോലെയുള്ള സാങ്കേതികവിദ്യകൾ പുസ്തകവായനയുടെ പ്രസക്തിയ്ക്ക് ഭംഗമുണ്ടാക്കുമെന്ന തോന്നലിൽ നിന്നാണ് ബ്രാഡ്ഡ്ബറി 

ഫാരൻഹീറ്റ് 451 എഴുതുന്നത്. അടുത്തിടെയിറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് തീയേൽപ്പിക്കുമ്പോൾ മാത്രം അക്ഷരങ്ങൾ തെളിഞ്ഞുവരുന്ന സാങ്കേതികവിദ്യയിൽ നിർമ്മിച്ചതും.

 

‘‘എല്ലാം കത്തിക്കുക, എല്ലാം കത്തിക്കുക. തീ ശോഭയുള്ളതും ശുദ്ധവുമാണ്.’’ അറിവിന്റെ വെളിച്ചം തലമുറകളിലേക്ക് പകരണമെന്ന സന്ദേശം പങ്കുവയ്ക്കുന്ന നോവലിസ്റ്റ് വായനക്കാർക്കു കൈ മാറുന്നതും സർവ്വം ശുദ്ധീകരിക്കുന്ന അഗ്നിയുടെ ദീപശിഖ.

English Summary: Fahrenheit 451 Novel by Ray Bradbury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com