sections
MORE

​അവിടെയും നീ കവിത വിളമ്പിക്കൊണ്ടേയിരിക്കുക...

k-tony-jose-louis-peter
കെ. ടോണി ജോസ്, ലൂയിസ് പീറ്റർ
SHARE

തീർത്തും വ്യക്തിപരമാണ് ഈ കുറിപ്പ്, ക്ഷമിക്കണം. 

ഞാൻ മലയാള മനോരമ കോട്ടയം ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലം. 

ഒരു സന്ധ്യയിൽ  ബ്യൂറോയിലേക്ക് അയാൾ കാറ്റുപോലെ കയറിവന്നു. 

മുൻപിലെ കസേരയിൽ ഇരുന്നു. ആർക്കും വന്നിരിക്കാവുന്ന കസേരയായിരുന്നു.

മുൻപിൽ കണ്ട ഒരു പേപ്പർ കഷ്ണം എടുത്തു, പേനയും. എന്തോ എഴുതുന്ന കണ്ടു. 

എഴുതിത്തീർത്ത് എന്റെ നേർക്കു നീട്ടി. ഇൗണമുള്ള കൈപ്പടയിൽ പൊള്ളുന്ന  നാലു വരിക്കവിത!

എത്രയോ പേർ ഇങ്ങനെ വന്നിരുന്ന് വാർത്തയും പരാതികളുമൊക്കെ എഴുതിത്തന്നിരിക്കുന്നു. 

പക്ഷേ, തൊഴിൽജീവിതത്തിൽ ആദ്യമായി ഒരാൾ മുൻപിൽവന്നിരുന്ന് കവിത എഴുതി നീട്ടുകയാണ്!

അനന്തരം, നിഷ്കളങ്കമായ് നിറഞ്ഞു ചിരിച്ചിട്ട് അയാൾ  കുറച്ചു പണം ചോദിച്ചു. കൊടുത്തു. കാറ്റിലാടി  ഇറങ്ങിപ്പോയി.

മാസങ്ങൾക്കു ശേഷം പിന്നെയും അതേ വരവു വന്നു. അതേ പോലെ കവിതയെഴുതി. പണം വാങ്ങി. പതുങ്ങിക്കടന്നു.

അതങ്ങനെ പതിവായി. ഇടവേളകളിൽ വന്നു കൊണ്ടേയിരുന്നു, പകലെന്നും രാത്രിയെന്നും ഭേദമില്ലാതെ.

ഓരോ വരവിലും കവിത തന്നു. പണം വാങ്ങി. തൊട്ടടുത്ത ബാറിലേക്ക് നീട്ടിവലിച്ചു നടന്നു.

കിട്ടിയ കവിതത്തുണ്ടുപേപ്പറുകൾ  ഫയലിലാക്കി ഞാൻ എവിടെയോ വച്ചു.

കവിതകൾ പുസ്തകമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ അതൊത്തു വന്നു.

വരാൻ പോകുന്ന കവിതപ്പുസ്തകത്തിന്റെ വില മുൻകൂർ വാങ്ങി. 

പുസ്തകത്തിന്റെ ആമുഖത്തിൽ നന്ദി പറഞ്ഞവരുടെ കൂട്ടത്തിൽ പേരു ചേർത്തു. 

പുസ്തകം മാത്രം കിട്ടിയില്ല.  

ഞാൻ ബ്യൂറോയിൽനിന്നു ജോലി മാറിയപ്പോൾ മാറിയ ഇടം തേടി വന്നു. 

പതിവുകൾ തുടർന്നു.

ഇൗ വർഷം കാണാൻ കഴിഞ്ഞില്ല. 

poem

കോവിഡായി, ലോൿഡൗണായി. 

ഇടയക്കെപ്പോഴോ രോഗമാണെന്നും ആശുപത്രയിലാണെന്നും മെസഞ്ചറിൽ വന്നു പറഞ്ഞു. 

പിന്നെ ഒന്നും കേൾക്കാതായി.

ഒടുവിൽ  ലൂയിസ് പീറ്റർ യാത്രയായി.

ഉഗ്രൻ കവിയായിരുന്നു.

പക്ഷേ, കവികളെക്കൊണ്ട് ആർക്കാണു കാര്യം? 

ലൂയിസ് പീറ്ററിന്റെ മരണവാർത്ത അറിഞ്ഞ ശേഷം ഞാൻ പഴയ ഫയലുകൾ തപ്പി അയാൾ ന്യൂസ്പ്രിന്റിൽ എഴുതിത്തന്ന കുറച്ചു കവിതകൾ കണ്ടെടുത്തു. പലതും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അവശേഷിച്ചവയിൽ‌ ചിലത് ഇവിടെ ചേർക്കുന്നു. 

ഇതേ കവിതകൾ ലൂയിസ് പലർക്കും എഴുതിക്കൊടുത്തിട്ടുണ്ടാകും. 

ഒരുപക്ഷേ, ലൂയിസ് പീറ്ററുടെ കവിതകൾ എന്ന സമാഹാരത്തിലും വന്നിട്ടുണ്ടാകും. 

എന്നാലും, 

എന്റെ മുൻപിലെ കസേരയിലിരുന്ന്, 

എന്റെ പേനകൊണ്ട്, 

ദിനപത്രമച്ചടിക്കുന്ന കടലാസിന്‌റെ ബാക്കിയിലെഴുതിയതാണ് ഇവ. 

ലൂയിസ് പീറ്റർ ജീവിതം കൊണ്ടല്ല കവിത കൊണ്ടു തന്നെയാണ് രേഖപ്പെടുത്തപ്പെടേണ്ടത്. 

അതിന് അടിവരയിടുന്നതാണ് ഇതിലെ പല വരികളും. 

ഒരു സെൻ ഗുരുവിന്റെ നിർമമവും ധ്യാനപൂർണവുമായ ജ്ഞാനപ്രകാശം തെളിയുന്നുണ്ട് പലതിലും. 

അവധൂതസഞ്ചാരിയുടെ അനിശ്ചിതമായ പാതകളിലൂടെ പോകുന്നുണ്ട് ചിലത്. 

എത്രത്തോളം നല്ല കവിയായിരുന്നു ലൂയിസ് പീറ്റർ എന്നത് കാവ്യചിന്തകർ നിശ്ചയിക്കട്ടെ. ‌

അയാളെഴുതിയത് വായിക്കുമ്പോൾ, ഹൃദയത്തിൽ ജീവിതമുന കൊണ്ടു പോറുന്നുണ്ട്. 

ചോര പൊടിയുന്നുണ്ട് അവിടവിടെ.  

1. എഡിറ്റോറിയൽ

അൽപ നേരമിരുന്നാൽ മതി

അഞ്ചു പേരെങ്കിലും വരും

ലോട്ടറിക്കാർ.

അൽപ നേരമിരുന്നാൽ മതി

അതിലേറെ വരും കവികൾ.

എത്ര നേരം കാത്തിരുന്നാലും 

വരാത്തവരുണ്ട്.

പേര് നിങ്ങളിട്ടോളൂ

2. അബ്കാരി

എന്തിനാണ് 

തിരക്കു കൂട്ടുന്നത്?

എല്ലാവർക്കുമുണ്ട്

മരണം നിറച്ച ചഷകം

3. പാത

ഒരിക്കൽ ഒരാൾ

നടക്കാനിറങ്ങി

പാതയൊടുങ്ങും എന്നയാൾ 

ഭയപ്പെട്ടതേയില്ല. 

മനസ്സിനും കാലിനും

ചലനശേഷിയുള്ള കാലത്തോളം

പാതകളുണ്ടാവും 

എന്നയാൾ 

പഠിച്ചിട്ടുണ്ടായിരുന്നു.

4. മഴ

ഒരിക്കൽ ഒരാൾ

മീൻ പിടിക്കാനിറങ്ങി

അപ്പോൾ പുതുമഴ പെയ്തു

മത്സ്യങ്ങൾ അദ്ദേഹത്തോടു ചോദിച്ചു,

‘ഈ മഴയും കൂടി നനയും വരെ ഞങ്ങളുടെ 

ജീവന് കാവലിരിക്കാമോ?’ 

കരുണാപൂർവം അയാൾ സമ്മതിച്ചു.

പിന്നീടൊരിക്കൽ ഞാൻ ചോദിച്ചു, 

‘അന്ന് ആരായിരുന്നു വിഡ്ഡിത്തം ചെയ്തത് 

മത്സ്യങ്ങളോ അതോ അങ്ങോ?’

അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു,

‘പുതുമഴ തന്നെ.’ 

5. 

ഭക്ഷണം വിളമ്പിയ തളിക ചോദിച്ചു,

‘ഗുരോ, ഇനി ഞാൻ എന്താണു ചെയ്യേണ്ടത്?’ 

ഗുരു മറുപടി പറഞ്ഞു,

‘നീ ഭക്ഷണം വിളമ്പുക’

6. 

ഒരിക്കൽ ഒരാൾ 

ഒരുപാടു പേരോട് എന്തോ പറഞ്ഞു;

കേട്ടവർക്കെല്ലാം എല്ലാം മനസ്സിലായി. 

പറഞ്ഞയാൾക്ക് ഒന്നും മനസ്സിൽ ഇല്ലായിരുന്നുവത്രേ.

അതിനെക്കുറിച്ചു ചോദിച്ചപ്പോൾ 

അയാൾ എന്നോടു പറഞ്ഞു,

‘വാക്കിന്റെ അധികാരി

സ്വീകരിക്കുന്നവനാണ്,

നൽകുന്നവനല്ല.’

7. 

കുടിച്ചു തീർക്കാൻ 

ഒരു പുഴയുണ്ടെന്ന് അഹങ്കരിച്ചിരുന്നുവത്രെ

മലമുഴക്കി.

ഏറെയൊന്നും തെറ്റിയിട്ടില്ല.

പുഴയുണ്ട്,

കുടിച്ചുതീർക്കാനുമാകും.

കൊക്കൊരെണ്ണം 

വേറെ വേണമെന്നു മാത്രം. 

8. 

പാതയായിപ്പോയതുകൊണ്ടായിരിക്കാം

നിരന്തരം ചവിട്ടേൽക്കുന്നത്.

ഇനി ഒരാകാശമാകണം,

നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന

ഒരു മഹാശാഖി

9. 

നിദ്ര ഒരു കളിക്കളമാണ്,

സ്വപ്‌നങ്ങൾ നിരന്തരം

എന്നെ തോൽപ്പിക്കുന്ന

ഒരിടം. 

10.

ചിതൽ തിന്നുകൊണ്ടിരിക്കുമ്പോൾ

മരം ചിരിച്ചു,

മഴുവേറ്റു വീണില്ലല്ലോ.

11. 

നശിച്ച കാറ്റ് 

എന്റെ തീപ്പെട്ടി തീർത്തു 

ആ കാറ്റു തന്നെ 

എന്റെ വിയർപ്പുമൊപ്പി,

നല്ല കാറ്റ്. 

12. 

നിങ്ങൾക്ക് സൗധങ്ങൾ കെട്ടിയുയർത്തുവാനല്ല

ഞങ്ങളുടെ പൂർവികർ 

വയലുകൾ തെളിയിച്ചെടുത്തത്. 

നിങ്ങൾക്കു വെട്ടിവീഴ്ത്തുവാനല്ല

വേരുകൾ വൃക്ഷങ്ങളെ

വളർത്തിയെടുത്തത്. 

നിങ്ങൾക്കു കെട്ടിനിർത്തുവാനല്ല

ഉറവകൾ നദികളെ പ്രസവിച്ചത്.

നിങ്ങളുടെ സ്വാർഥതയ്ക്കു മെത്തയാകുവാനല്ല

കര കായലിനും കടലിനും 

ഇടം കൊടുത്തത്. 

നിങ്ങൾ ചെയ്യുന്നത് എന്താണെന്ന്

നിങ്ങൾക്കറിയാം.

ഞങ്ങളിൽ ഒരു ദൈവം പോലും

നിങ്ങളോടു പൊറുക്കില്ല

13.

നിരയൊത്തുനിൽക്കുന്ന വൃക്ഷങ്ങൾ

വനമല്ല.

ഒറ്റപ്പെടുവാനല്ല പറഞ്ഞത്,

കുതറിച്ചാടുവാനാണ്. 

14. 

കെട്ടിക്കെട്ടി മടുത്തുപോയ

കെട്ടാണു ജീവിതം

നിരന്തരം അഴിഞ്ഞുപോകുന്നു.

15. 

സ്വരം നന്നായിരിക്കേ

നിർത്തിപ്പോകേണ്ടതല്ല പാട്ട്,

സ്വയം തിരിച്ചറിയുമ്പോഴാണ്. 

അതുവരെ 

പുഴ പോലെ ഒഴുകുക,

എന്റെ പ്രിയ സംഗീതമേ

16. 

വഴിയരികിൽ ഒരു 

പൂവു ചോദിച്ചു,

വെയിലെന്നാണോ പേര്?

ഞാൻ ചിരിച്ചു. 

അവൾ പുസ്തകത്താളിൽ എന്തോ

കുറിച്ചുവെയ്ക്കാൻ ശ്രമിച്ചു.

അതെന്താണെന്ന് എന്നോടു 

പറയുവാനാവുന്നതിൻ മുൻപ്

അതു കൊഴിഞ്ഞു.

നല്ലത്. 

17. 

ഒരിക്കൽ ഒരാൾ

ഒരു സ്വപ്‌നം കണ്ടു. 

അപ്പോൾ അയാൾ

ഉറങ്ങുകയായിരുന്നോ 

ഉറക്കം നടിക്കുകയായിരുന്നോ

എന്നയാൾക്കു നിശ്ചയമില്ലായിരുന്നു. 

അതിനാൽ അയാൾ

ആ സ്വപ്‌നമുപേക്ഷിച്ചു. 

അന്നാണത്രേ

അയാൾ 

മഴവില്ലിനെ തൊട്ടത്. 

18. 

സൗജന്യമായി 

കുട നന്നാക്കിത്തന്നു,

കുടിക്കാൻ വെള്ളം തന്നു,

കൂട്ടിനൊരു ചിരിയും തന്നു.

പക്ഷേ, 

ഞാൻ നനയേണ്ടാത്ത മഴയേതാണെന്നും

കൊള്ളരുതാത്ത വെയിലേതാണെന്നും

എനിക്കു നീ പറഞ്ഞു തന്നില്ല.

നിന്റെയീ മനഃപൂർവ മൗനങ്ങൾ കാരണം

സഖീ, 

നിന്നെ ഞാൻ

ഇന്നുമോർത്തിരിക്കുന്നു. 

English Summary: K Tony Jose shares memories on poet Louis Peter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;