ADVERTISEMENT

മലയാളിക്ക് എന്നും തന്റെ അയൽപക്കത്തുള്ള എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. ഒരു മലയാളി എഴുത്തുകാരനെപ്പോലെ, ചിലപ്പോൾ അതിലേറെ മലയാളി സമൂഹം ഏറ്റെടുത്ത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ. 

 

ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലിലൂടെ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും സുപരിചിതൻ. ഇതിനെല്ലാമുപരി 1982 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ സർവകലാവല്ലഭൻ. 

 

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എഡിറ്റർ, പ്രസാധകൻ, രാഷ്‌ട്രീയക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച മാർക്വേസ് 1928ൽ കൊളംബിയയിലാണ് ജനിച്ചത്. പഠനകാലത്തു മികച്ച വിദ്യാർഥി എന്ന പേരെടുത്ത മാർക്വേസിന് ഒട്ടേറെ സ്‌കോളർഷിപ്പുകളും ലഭിച്ചിരുന്നു. 

 

നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയിൽ നിയമത്തിലും പത്രപ്രവർത്തനത്തിലും ഉന്നതപഠനം നടത്തിയ മാർക്വേസ് പത്രത്തിലൂടെയാണ് തന്റെ എഴുത്തുജീവിതം തുടങ്ങിയത്. അറുപതുകളിൽ മെക്‌സിക്കോ സിറ്റിയിൽ പത്രപ്രവർത്തകനായും തിരക്കഥാകൃത്തായും പ്രവർത്തിച്ചു. 

 

ചെറുകഥകളിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന മാർക്വേസ് ഫിക്‌ഷനും യാഥാർഥ്യവും ഇഴകിച്ചേരുന്ന പ്രതിപാദനരീതി തുടക്കം മുതലേ പ്രകടമാക്കിയിരുന്നു. മെക്‌സിക്കോയിൽ താമസിക്കുന്ന കാലത്താണ് മാർക്വേസ് തന്റെ മാസ്‌റ്റർപീസായ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവൽ എഴുതുന്നത്. കാലിപ്‌സോ സംഗീതവും പേരക്കയുടെ സുഗന്ധവും ചൂഴ്‌ന്നുനിൽക്കുന്ന മക്കോണ്ട ഗ്രാമവും ബുവേന്ത്യാ കുടുംബത്തിന്റെ ദുരന്തകഥയും പറഞ്ഞ നോവൽ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. നോവലിന്റെ കോടിക്കണക്കിനു പ്രതികളാണ് വിറ്റഴിഞ്ഞത്. 1820 മുതൽ 1920 വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ അനേകം തലമുറകളിലൂടെ ബുവേന്ത്യാ കുടുംബത്തിന്റെ കഥയോടൊപ്പം ലാറ്റിനമേരിക്കയുടെ ചരിത്രംകൂടിയാണ് അദ്ദേഹം നോവലിലൂടെ അവതരിപ്പിച്ചത്. 

യുദ്ധം, പകർച്ചവ്യാധി, മരണം തുടങ്ങിയ ദുരന്തങ്ങൾക്കിടയിലും പ്രണയത്തിന്റെ സൗന്ദര്യം അരീസയുടെയും ഡാസായുടെയും ആത്മബന്ധത്തിലൂടെ മാർക്വേസ് ‘കോളറാകാലത്തെ പ്രണയം’ എന്ന നോവലിലൂടെ വരച്ചുകാട്ടി. 

 

പത്രപ്രവർത്തകനായി എഴുത്തുജീവിതം ആരംഭിച്ച മാർക്വേസിന് വാർത്തകളും സർഗാത്മക രചനകൾക്കുള്ള ഇന്ധനമായിട്ടുണ്ട്. മയക്കുമരുന്നു ലോബിയുടെയും അധോലോകത്തിന്റെയും കഥ പറഞ്ഞ ‘ന്യൂസ് ഓഫ് എ കിഡ്‌നാപ്പിങ്’, ‘ക്ലാൻഡസ്‌റ്റൈൻ ഇൻ ചിലി’ എന്നീ രചനകൾ യഥാർഥ സംഭവങ്ങളെയും വാർത്തകളെയും അടിസ്‌ഥാനമാക്കിയാണ് അദ്ദേഹമെഴുതിയത്. 

എഴുത്തിന്റെ മാജിക്കും സംഭവങ്ങളുടെ റിയലിസവും രചനകളിൽ ആവാഹിച്ച മാർക്വേസ് കോടിക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്‌ത്തി 2014ൽ ആണ് അന്ത്യയാത്രയായത്. 

 

English Summary: Gabriel Garcia Marquez is like a neighbour to malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com