ADVERTISEMENT

ചോക്ലേറ്റോ ബ്രൗണിയോ വൈനോ തരൂ; പകരം തരാം പുസ്തകങ്ങൾ. പുസ്തക പ്രേമികളുടെ മാലാഖയായ മിലി ജിന്നെറ്റിന്റെ ആപ്തവാക്യം.

 

ലോക്ഡൗൺ കാലത്തും വായനയെ സജീവമാക്കിയ പുസ്തകങ്ങളുടെ കൂട്ടുകാരിയാണ് മിലി. ‘സൗത്ത് ലണ്ടൻ ബുക്ക് സ്വാപ്’ എന്ന പേരിൽ ഫേസ്ബുക്കിൽ മിലി ആരംഭിച്ച വ്യത്യസ്തമായ പദ്ധതിയിലൂടെ വായന തുടരുന്നു; പുസ്തകങ്ങളുടെ അവിരാമമായ സഞ്ചാരവും. 

 

ലണ്ടനിലെ ടൂട്ടിംഗ് സിറ്റിയിലുള്ള പരസ്യ കമ്പനിയിലാണ് മിലിയ്ക്കു ജോലി. ഏപ്രിലിൽ ലോക്ഡൗണായതോടെ നിർബന്ധിത അവധി. ഒഴിവുസമയം ചെലവഴിക്കാൻ തെരഞ്ഞെടുത്തത് വായന. കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ സുഹൃത്തിന്റെ പുസ്തകങ്ങളുമായി വച്ചുമാറ്റം. അതും കഴിഞ്ഞപ്പോൾ വിലയ്ക്കു വാങ്ങി. ചെലവും കൂടുമെന്ന ആശങ്കയ്ക്കിടെ, തന്നെപ്പോലെയുള്ള വായനക്കാരുടെയെല്ലാം അവസ്ഥയും തിരിച്ചറിഞ്ഞു. തന്നാലാവുന്നത് ചെയ്യണമെന്ന ചിന്തയും.

 

സമൂഹമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിൽ ഇരുപതു പുസ്തകങ്ങളുടെ പേരുകൾ മിലി പോസ്റ്റ് ചെയ്തു. വന്നു വാങ്ങാമെങ്കിൽ തന്നു വിടാം എന്ന വാഗ്ദാനവും. ഞൊടിയിടയിൽ ഇരുപതിനും ആവശ്യക്കാർ. മടങ്ങുമ്പോൾ സ്നേഹ സമ്മാനമായി പലരും കൈമാറിയതു മധുരം. ചോക്ലേറ്റ്, കുക്കി, ബ്രൗണി... വൈൻ വൗച്ചറുകൾ കൊടുത്തു പുസ്തകം വാങ്ങിയവരുമുണ്ട് കൂട്ടത്തിൽ.

ലഭിച്ച മികച്ച പ്രതികരണങ്ങൾ മിലിയെ ഞെട്ടിച്ചതു കുറച്ചൊന്നുമല്ല. അടുത്തത് എന്തു ചെയ്യാമെന്നായി ചിന്ത. ഫേസ്ബുക്കിൽ തുടങ്ങിയ ബുക്ക്‌ സ്വാപ് ഗ്രൂപ്പ് -  സൗത്ത് ലണ്ടനിൽ നിന്നുള്ള പരമാവധി ആളുകളെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി അവർക്കിടയിൽ തന്നെ പുസ്തക കൈമാറ്റം. പദ്ധതി വൻവിജയം. രണ്ടു ദിവസങ്ങൾക്കുള്ളിൽ വച്ചു മാറ്റത്തിനൊരുങ്ങി മുന്നൂറിലധികം പുസ്തകങ്ങൾ. 

താൽപര്യപ്പെട്ടവരുടെയെല്ലാം വീട്ടുപടിക്കൽ മടുപ്പില്ലാതെ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് മിലി. 

കിട്ടുന്ന പുസ്തകങ്ങൾ തരംതിരിച്ച് ഫോട്ടോയും ചേർത്ത് സ്പ്രെഡ്ഷീറ്റിലേക്ക്, പിന്നെ നേരെ ഗ്രൂപ്പിലേക്കും. അംഗങ്ങൾക്ക് ലിസ്റ്റിൽ നിന്നും ഇഷ്ടപുസ്തകം തെരഞ്ഞെടുക്കാം. പുസ്തകം തന്ന ക്രമത്തിൽ തെരഞ്ഞെടുക്കുന്നതിനും മുൻഗണന. എത്താവുന്നിടത്ത് മിലി തന്നെ പുസ്തകങ്ങളെത്തിക്കും. ബാക്കി വീടിനു പുറത്തെ ബോക്സിൽ നിക്ഷേപിക്കും. 

 

നാനൂറിലധികം അംഗങ്ങളുള്ള ഗ്രൂപ്പാണ് ഇപ്പോൾ ‘സൗത്ത് ലണ്ടൻ ബുക്ക് സ്വാപ്.’ പുസ്തകം കൊടുക്കാനും വാങ്ങാനും ക്യൂ നിൽക്കുന്നവരുടെ സംഘം. മിലിയുടെ കിടപ്പു മുറിയിൽ ഊഴം കാത്തു കിടപ്പുണ്ട് കഥകളും കവിതകളും നോവലുകളും ; പലകൈ മാറാനുള്ളവ. പകരം മധുരമെത്തിയില്ലെങ്കിലും പരിഭവമില്ല, അലിച്ചിറക്കുന്തോറും കൊതി കൂടുന്ന വായനയുടെ രുചിയുണ്ട് മിലിയുടെ മനസ്സിൽ. അതു പങ്കുവച്ചു കിട്ടുന്നുമുണ്ട്... ഇരട്ടിമധുരം. 

 

English Summary : Millie Ginnett, South London woman launches a communitywide book swap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com