നേട്ടങ്ങളുടെ കണക്കെടുപ്പിൽ അവസാനം ശേഷിക്കുന്നത്...

decision-making
പ്രതീകാത്മക ചിത്രം
SHARE

അപ്രധാനമായവയ്ക്കു കൽപിക്കുന്ന അമിതമൂല്യവും അമൂല്യമായവയ്ക്കു നൽകുന്ന അവഗണനയുമാണ് ജീവിതത്തിൽ കുറ്റബോധത്തിന്റെ കറകൾ സൃഷ്ടിക്കുന്നത്. മുൻഗണനാക്രമം തീരുമാനിക്കുന്നിടത്തുനിന്നാണ് ഗുണപരമായ വളർച്ചയും സംതൃപ്തമായ ജീവിതവും ആരംഭിക്കുന്നത്.

നാട്ടുനടപ്പനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കുന്നവരുണ്ട്; സ്വകാര്യ സന്തോഷങ്ങളെ മുൻനിർത്തി പദ്ധതികൾ ആവിഷ്കരിക്കുന്നവരുണ്ട്; സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി പ്രദർശനങ്ങൾ ഒരുക്കുന്നവരുണ്ട്. ഒന്നും കാര്യമാക്കാതെ എന്തൊക്കെയോ എങ്ങനെയൊക്കെയോ ചെയ്യുന്നവരുമുണ്ട്. ഓരോന്നിനും അവ അർഹിക്കുന്ന പ്രാധാന്യം നൽകണം എന്നതും അർഹിക്കുന്ന പ്രാധാന്യമേ നൽകാവൂ എന്നതും മുൻഗണനാക്രമത്തിന്റെ ബാലപാഠങ്ങളാണ്.

എന്തിനുവേണ്ടി ജീവിക്കുന്നു എന്നതിൽ നിന്നാണ് എല്ലാവരുടെയും ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും ചുരുക്കപ്പട്ടികകൾ ഉടലെടുക്കുന്നത്. ലക്ഷ്യങ്ങൾക്കു തനിമയും തന്റേടവും മാത്രം പോരാ; തന്നോടൊപ്പം ഉള്ളവരോടു സഹാനുഭൂതി കൂടി വേണം. കയറാനുള്ള പടികൾ മാത്രം കണ്ടാൽ പോരാ; ചവിട്ടിനിൽക്കുന്ന പടികളെക്കൂടി ഓർക്കണം. ചവിട്ടിക്കയറുന്ന പടികളോരോന്നായി തകർത്തുകളഞ്ഞാൽ ആസന്നമായ ഒരപകടമുണ്ട് – ഒന്നു തിരിച്ചിറങ്ങേണ്ടി വന്നാൽ ഒരു പടിപോലും താഴെയുണ്ടാകില്ല.

നേട്ടങ്ങളുടെ കണക്കെടുപ്പിൽ അവസാനം ശേഷിക്കുന്നത് ബന്ധങ്ങളും സൗഹൃദങ്ങളും മാത്രമായിരിക്കും. എല്ലാറ്റിനെയും സ്വീകരിക്കാനോ ചേർത്തുനിർത്താനോ ആർക്കുമാകില്ല. വേണ്ടതും വേണ്ടാത്തതും തമ്മിലെങ്കിലും തിരിച്ചറിയാൻ കഴിയണം. വൈരങ്ങൾ വാരിക്കൂട്ടുന്നതിനിടയ്ക്കു വിരലുകൾ നഷ്ടമായെങ്കിൽ എന്തു കാര്യം?

English Summary: Subdhadhinam Motivational Column, Importance of decision making in life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;