സ്വർഗീയ ചോദ്യങ്ങൾ

tharangalil-column-jose-panachipuram
SHARE

സ്വർഗം പലർക്കും പലേടത്താണെന്നു നമുക്കറിയാം.  

അമേരിക്കയാണു സ്വർഗമെന്ന് ഒരുപാടുകാലം പലരും വിചാരിച്ചിരുന്നു. കമ്യൂണിസത്തിന്റെ നല്ല നാളുകളിൽ പാവങ്ങൾ വിചാരിച്ചത് സ്വർഗമെന്നാൽ റഷ്യയും ചൈനയുമാണെന്നാണ്. 

റഷ്യയുടെ സ്വർഗീയ പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ ഒരു കവി ഇങ്ങനെ പാടുകപോലും ചെയ്തു:

സോവിയറ്റെന്നൊരു നാടുണ്ടത്രേ

പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം 

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഇടതു–വലതായി പിരിഞ്ഞപ്പോൾ ഇടതുകാരുടെ സ്വർഗം ചൈനയായി; വലതുകാർക്കതു റഷ്യയായി തുടർന്നു. 

സ്വർഗം താണിറങ്ങിവന്നതോ എന്ന ഗാനത്തിലേതുപോലെ റഷ്യ കമ്യൂണിസത്തിൽനിന്നിറങ്ങിയപ്പോൾ ഓ, ഇതല്ലല്ലോ സ്വർഗം എന്നു ചിലർ തിരിച്ചറിഞ്ഞു. 

ചൈന സ്വർഗമായി തുടർന്നവരിൽ ചിലർ ഇടയ്ക്കു ചില ഉപസ്വർഗങ്ങൾ കണ്ടെത്തുകയും ചെയ്തു – ക്യൂബ, ഉത്തരകൊറിയ എന്നിങ്ങനെ.

യഥാർഥത്തിൽ സ്വർഗം എന്നൊന്നുണ്ടോ എന്നു ചോദിച്ചാൽ, മലയാളി പാതാളത്തിലേക്കു വിരൽ ചൂണ്ടും. പാതാളമുള്ളതുകൊണ്ടാണല്ലോ നമ്മുടെ പ്രിയ മഹാരാജൻ മാവേലിത്തമ്പുരാൻ‌ പാതാളത്തിന്റെ വാതിൽ തുറന്ന് ഓണക്കാലത്തു കേരളത്തിലേക്കു വരുന്നത്. 

പാതാളമുണ്ടെങ്കിൽ സ്വർഗവുമുണ്ടാവാം. സ്വർഗം പരമ്പരാഗതമായി മുകളിലും പാതാളം താഴെയുമാണ്. 

സ്വർഗമില്ലെന്നു കരുതിപ്പോന്ന ചൈനയും ഇപ്പോൾ അതുതന്നെ പറയുന്നു:

മുകളിലൊരു സ്വർഗമുണ്ട്. ബഹിരാകാശത്താണത്; 

അഥവാ നോക്കിയാൽ കാണുന്ന ആകാശങ്ങൾക്കപ്പുറം. 

അതുകൊണ്ടാണ് ചൈന അവരുടെ ആദ്യ ചൊവ്വാ ദൗത്യത്തിന് ടിയൻവെൻ – ഒന്ന് എന്നു പേരിട്ടതെന്ന് അപ്പുക്കുട്ടൻ വിചാരിക്കുന്നു. 

ടിയൻവെൻ എന്ന പദത്തിനർഥം ‘സ്വർഗത്തോടുള്ള ചോദ്യങ്ങൾ’ എന്നാകുന്നു. 

ആ ചോദ്യങ്ങൾക്കുത്തരം തേടിയാണ് ചൊവ്വാ ദൗത്യം. ഒരുപക്ഷേ, ചൊവ്വയ്ക്കടുത്തെവിടെയെങ്കിലുമാണു സ്വർഗമെന്ന് ചൈനയ്ക്കു സൂചന കിട്ടിയിട്ടുണ്ടാവും; അല്ലെങ്കിൽ ചൊവ്വയിൽത്തന്നെ. 

ടിയൻവെൻ എന്ന പദം ചിലർക്കെങ്കിലും ടിയാനൻമെൻ സ്ക്വയർ ഓർക്കാനൊരു കാരണമാകും. 

ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് സേന കൊന്നൊടുക്കിയ സ്വാതന്ത്ര്യ പ്രക്ഷോഭകരുടെ എണ്ണം പതിനായിരത്തിൽ കുറയില്ല. 

അത് 1989ൽ ആയിരുന്നു. 31 വർഷം മുൻപ്.

അവർ തേടിയത് അടിച്ചമർത്തപ്പെടാത്ത സ്വാതന്ത്ര്യത്തിന്റെ സ്വർഗമായിരുന്നു. 

ടിയാനൻമെൻ എന്ന പദത്തിന്റെ അർഥമോ?

സ്വർഗീയ ശാന്തിയുടെ കവാടം. 

ഇപ്പോഴിതാ അതേ ചൈനയുടെ ചോദ്യങ്ങൾ സ്വർഗീയ ശാന്തിയുടെ കവാടം കടന്ന് സ്വർഗത്തിലേക്കുതന്നെ പോകുന്നു.

English Summary : Tharangangalil Column written by Panachi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;