ADVERTISEMENT

ശബ്ദം കേട്ടു പുറത്തിറങ്ങിയ അയാൾ ഞെട്ടിപ്പോയി. പുത്തൻ കാറിൽ നാലു വയസ്സുകാരൻ മകൻ ചുറ്റിക കൊണ്ട് അടിക്കുകയാണ്. ദേഷ്യം സഹിക്കാനാവാതെ അയാൾ ആ ചുറ്റിക വാങ്ങി മകന്റെ കൈകളിൽ ആഞ്ഞടിച്ചു. അവൻ നിലവിളിക്കാൻ തുടങ്ങി. ദേഷ്യം ശമിച്ചപ്പോൾ അയാൾ മകനെയും കൊണ്ട് ആശുപത്രിയിലെത്തി. ഗുരുതര പരുക്കേറ്റ ഒരു വിരൽ മുറിച്ചു മാറ്റേണ്ടിവന്നു. മകനരികിൽ മനസ്സു തകർന്നിരുന്ന അയാളോടു മകൻ പറഞ്ഞു – ‘കാറിൽ അടിച്ചതിനു സോറി അച്ഛാ...’ ഒപ്പം ഒരു ചോദ്യവും – എന്റെ ഈ വിരൽ എന്നാണു വലുതാകുക?

 

മരുന്നുകൊണ്ട് ഉണക്കാൻ പറ്റാത്ത ചില മുറിവുകളുണ്ട്. ക്രോധവും പകയും സൃഷ്ടിക്കുന്ന ക്ഷതങ്ങൾക്കു മരുന്നില്ല. പെട്ടെന്ന് ഉണരുകയും സാവധാനം ശമിക്കുകയും ചെയ്യുന്ന വികാരമാണു കോപം. അതിനിടെ സംഭവിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവൃത്തികൾക്കു പരിഹാരമുണ്ടാവില്ല. 

 

എല്ലാ തെറ്റുകളും അളന്നെടുക്കേണ്ടത് ഒരേ അളവുപാത്രം കൊണ്ടല്ല. പ്രായത്തിന്റെ പക്വതക്കുറവു കൊണ്ടും അറിവില്ലായ്മ കൊണ്ടും തെറ്റു ചെയ്യുന്ന ചില സമയങ്ങളുണ്ട് – ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതുമായ സമയം. ആ സമയത്ത് പകരം ലഭിക്കുന്നതു കഠിന പീഡകളാണെങ്കിൽ അവ മായ്ക്കാനാകാത്ത മുറിവുകളായി ശേഷിക്കും. 

ഒരാളുടെ പ്രവൃത്തിക്കാണോ, ആ വ്യക്തിക്കാണോ ശിക്ഷ നൽകേണ്ടത്? പ്രവൃത്തികൾക്കു നൽകുന്ന ശിക്ഷയിൽ പരിഹാരത്തിന്റെ സാധ്യതയും വ്യക്തിക്കു നൽകുന്ന ശിക്ഷയിൽ പ്രതികാരത്തിന്റെ ഭാവവും ഉണ്ടാകും. 

തിരുത്തപ്പെടാതെ പോകുകയോ വർധിതവീര്യത്തോടെ ആവർത്തിക്കപ്പെടുകയോ ചെയ്യുന്ന തെറ്റുകൾക്കു പിന്നിൽ, അപമാനിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥകളുണ്ടാകും. തിരുത്തലാണ് ഉദ്ദേശ്യമെങ്കിൽ ചെയ്തികളെ ശിക്ഷിക്കണം; പ്രതികാരമാണു ലക്ഷ്യമെങ്കിൽ ചെയ്ത ആളിനെയും. 

 

തിരുത്തുന്നവർക്ക് ഒരു കടമയുണ്ട് – തിരിച്ചുവരവിന്റെ സാധ്യതകൾ അവശേഷിപ്പിക്കണം. അല്ലാത്ത ശിക്ഷകർ തകർച്ചയുടെ വഴിയൊരുക്കുന്നവരാണ്. 

 

English Summary: Subdhadhinam Motivational Column, Impact of Punishment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com