ADVERTISEMENT

ഇന്ത്യൻ മണ്ണ് ലോകത്തിനു സമ്മാനിച്ച മഹാനായ എഴുത്തുകാരനാണ് ജോർജ് ഓർവെൽ. ഏകാധിപത്യത്തിന്റെ വിമർശകനായിരുന്ന ഓർവെലിന്റെ 1984, അനിമൽ ഫാം എന്നീ നോവലുകളുടെ പേരിലാണ് ലോകം ഇന്നും ഓർവലിനെ ആരാധിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ കസ്‌റ്റംസ് എക്‌സൈസ് വിഭാഗത്തിൽ ഉദ്യോഗസ്‌ഥനായിരുന്ന റിച്ചാർഡ് ബ്ലയറിന്റെ മകനായി ബംഗാളിലെ മോത്തിഹാരിയിൽ 1903ൽ ജനിച്ച എറിക് ആർതർ ബ്ലയർ ആണ് ജോർജ് ഓർവെൽ ആയി അറിയപ്പെട്ടത്.

 

ചെറുപ്പത്തിൽ റിച്ചാർഡ്, എറിക്കിനെ ഇംഗ്ലണ്ടിലേക്കയച്ചു. കോളജ് പഠനകാലത്തുതന്നെ എറിക് മാഗസിനിലും പ്രാദേശിക പത്രങ്ങളിലും എഴുത്തു തുടങ്ങി. കവിതയും ലേഖനങ്ങളുമായിരുന്നു ആദ്യകാല എഴുത്തുകൾ. എറിക്കിന് പക്ഷേ, ഇംഗ്ലണ്ടിലെ അന്തരീക്ഷം തീരെ ഇഷ്‌ടപ്പെട്ടില്ല. സർവകലാശാലാ പഠനത്തിനു ലഭിച്ച സ്‌കോളർഷിപ്പ് വേണ്ടന്നുവച്ച് എറിക് ഇന്ത്യൻ പൊലീസിൽ സേവനമനുഷ്‌ഠിക്കാൻ ബർമയിലെത്തി. എറിക്കിന്റെ മുത്തശ്ശിയും കുടുംബവും ബർമയിലായതിനാലായിരുന്നു തന്റെ ആദ്യനിയമനം ബർമയിലാക്കാമെന്ന് അദ്ദേഹം തീരുമാനിച്ചത്. 

 

തുടർന്ന് സബ് ഡിവിഷനൽ പൊലീസ് ഓഫിസറായും ജില്ലാ പൊലീസ് ഓഫിസറായും നിയമിതനായ എറിക് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് അവധി വാങ്ങി ഇംഗ്ലണ്ടിലേക്കുതന്നെ തിരിച്ചുപോയി. പൊലീസിലെ ജോലി രാജിവച്ച് അദ്ദേഹം മുഴുസമയ എഴുത്തുകാരനായി.

പൊലീസിലെ തന്റെ അനുഭവങ്ങളുടെ സമാഹാരമായിരുന്നു ‘ബർമ്മയിലെ ദിനങ്ങൾ’ എന്ന നോവൽ. ഏകാധിപത്യത്തിനും സർവാധിപത്യത്തിനുമെതിരെ തന്റെ സർഗശക്‌തി ഉപയോഗിച്ച് പടനയിക്കുന്നതാണ് പിന്നീട് ലോകം ഓർവെലിൽനിന്നു കണ്ടത്. ദുഃഖിതരുടെയും പീഡിതരുടെയും വേദനകൾക്കു മരുന്നു പുരട്ടാൻ അദ്ദേഹം അവർക്കിടയിൽതന്നെ ജീവിച്ചു.

 

മുപ്പതുകളിൽ സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തോട് ആഭിമുഖ്യം കാട്ടിയ ഓർവെൽ സ്‌പെയിനിലെ ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യാൻ അവിടെ എത്തിയെങ്കിലും അദ്ദേഹം റിപ്പബ്ലിക്കൻ തീവ്രവാദികളോടൊപ്പം ചേർന്നു. രാഷ്‌ട്രീയ എതിരാളികളെ അടിച്ചമർത്തുന്ന കമ്യൂണിസ്‌റ്റ് ചിന്താഗതിക്കെതിരെ അദ്ദേഹം പൊരുതി. സ്വന്തം ജീവൻ ഭീഷണിയിലാണെന്നു തിരിച്ചറിഞ്ഞതോടെ അവിടെനിന്നു പാലായനം ചെയ്‌തു. ‘ഹോമേജ് ടു കാറ്റിലോണിയ’ എന്ന കൃതിയിൽ ഈ അനുഭവങ്ങളാണ് അദ്ദേഹം എഴുതിയത്.

 

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ ചേരാൻ വിസമ്മതിച്ച ഓർവെൽ ബിബിസിയുടെ ഇന്ത്യൻ ലേഖകനായി ഇവിടെയെത്തി. 1945ൽ പ്രസിദ്ധീകരിച്ച ‘ആനിമൽ ഫാം’ എന്ന നോവലിലൂടെയാണ് ഓർവെൽ ലോക പ്രശസ്‌തി നേടിയത്. സ്‌റ്റാലിനിസ്‌റ്റ് റഷ്യയുടെ സർവാധിപത്യത്തെ നിശിതമായി വിമർശിച്ച ഈ നോവൽ വിമർശനങ്ങൾക്കും കാരണമായി. ഓർവെലിന്റെ ‘1984’ എന്ന നോവൽ ലോക ക്ലാസിക്കുകളിൽ ഒന്നായാണ് സാഹിത്യ ലോകം പരിഗണിക്കുന്നത്.

 

English Summary: George Orwell, who was born in India, made a mark in world literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com