ADVERTISEMENT

ആയിരം അണുകവിതകൾ തുടർച്ചയായി  എഴുതി,  മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർത്തിരിക്കുകയാണ് പ്രശസ്ത കവി  സോഹൻ റോയ്.  രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ  തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനംദിന അണുകാവ്യ രചനാസപര്യ, ഓഗസ്റ്റ് ഒൻപതിന് ആയിരം എണ്ണം തികയ്ക്കുകയാണ്. അന്ന് വൈകുന്നേരം ആറരയ്ക്ക്, ‘അണുകാവ്യവല്ലിയിൽ ആയിരം പുഷ്പങ്ങൾ’ എന്ന് നാമകരണം ചെയ്ത വെബിനാറിലൂടെയാണ് അദ്ദേഹത്തിന്റെ ആയിരാമത്തെ കവിതയുടെ പ്രകാശനച്ചടങ്ങുകൾ  സംഘടിപ്പിച്ചിരിക്കുന്നത്. സോഹൻ റോയിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇത് ലൈവായി സംപ്രേക്ഷണം ചെയ്യും. 

 

കവിതാ രൂപത്തിൽ ഉള്ള വരികൾ, സംഗീതം ചെയ്യിപ്പിച്ചെടുത്ത്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ  വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. 

 

കഴിഞ്ഞ രണ്ടരവർഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന ‘അണുകാവ്യം’ എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ ആയിരം എണ്ണം  തികഞ്ഞിരിക്കുന്നത്. ഈ ‘അണുകാവ്യ’ വീഡിയോകളിലൂടെ കണ്ണോടിച്ചാൽ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലുണ്ടായ പ്രധാന സംഭവങ്ങൾ ഒന്നൊന്നായി ആർക്കും ഓർത്തെടുക്കാൻ സാധിക്കും എന്ന ഒരു വലിയ പ്രത്യേകത കൂടി ഇതിനുണ്ട്. 

 

ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്സ് ‘അണുകാവ്യം’ എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ, അവ  ‘അണുമഹാകാവ്യം’ എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു.  

രണ്ടായിരത്തിപ്പത്തൊൻപതിലെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിലും, തുടർന്ന്

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ.  സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച് , പ്രശസ്ത കവിയും ഗാനരചയിതാവുമായ  ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച ‘അണുമഹാകാവ്യം’ എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങിയത്. 

 

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് സോഹൻ റോയിയുടെ  വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.

 

English Summary: Sohan Roy's thousand micropoems in thousand days 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com