ADVERTISEMENT

കുറുക്കുവഴികൾക്കും കുതന്ത്രങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കുന്ന സമയം പരിശ്രമത്തിനും പരിശീലനത്തിനും വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എല്ലാ ഉദ്യമങ്ങളും കൂടുതൽ ഗുണകരവും ഫലദായകവുമായേനെ. പെട്ടെന്നുണ്ടാകുന്ന താൽക്കാലിക ആകർഷണങ്ങളാണ് കുറുക്കുവഴികളിലേക്കുള്ള പ്രലോഭനം. പക്ഷേ, പ്രയത്നങ്ങൾ ആത്യന്തിക സംതൃപ്തി സമ്മാനിക്കുമ്പോൾ, കുറുക്കുവഴികൾ നൽകുന്നതു പിരിമുറുക്കങ്ങളാകും. 

പരിശ്രമങ്ങളിൽ ഫലം ലഭിക്കുന്നതു വൈകിയാണെങ്കിലും ലഭിക്കുന്ന നേട്ടങ്ങൾക്കു സ്ഥിരതയും വളർച്ചയുമുണ്ടാകും. കുതന്ത്രങ്ങളുടെ പാരിതോഷികങ്ങൾക്ക് അമിതവേഗവും അവിചാരിത സമൃദ്ധിയും ഉണ്ടാകുമെങ്കിലും താളപ്പിഴകളും തകർച്ചയും ഉറപ്പ്.  എളുപ്പവഴികളെല്ലാം അർഹതയുള്ള വഴികളല്ല. വഞ്ചനയുടെയും കാപട്യത്തിന്റെയും കൈവഴികൾ ഇടയ്ക്കെല്ലാം വന്നുചേരുന്നുണ്ടാകും. ആ വഴികളെല്ലാം ഒരുനാൾ അടയുകയും പാതിവഴിയിൽ പിടിക്കപ്പെടുകയും ചെയ്യും. പ്രയത്നവഴികൾ നേരിന്റെ വഴികളായതുകൊണ്ട് അർഹതയുള്ള വഴികളുമാണ്. 

അധ്വാനിക്കുന്നവരെ ആദരിക്കാനേ ഈശ്വരനു താൽപര്യമുണ്ടാകൂ. ആനുകൂല്യങ്ങൾ മാത്രം അന്വേഷിച്ചിറങ്ങുന്നവരെ ആരു പരിഗണിക്കും? മുട്ട വിരിയണമെങ്കിൽ അടയിരിക്കണം; കൊയ്യണമെങ്കിൽ വിതയ്ക്കണം; ഉറവ കാണണമെങ്കിൽ കുഴിക്കണം. അലസന്മാരെ അനുഗ്രഹിക്കാൻ ഈശ്വരൻ തയാറാകില്ല. അധ്വാനത്തിന്റെ തഴമ്പില്ലാത്ത കൈകളും നീട്ടി അനുഗ്രഹം തേടി നിൽക്കുന്നതിനെക്കാൾ വലിയ ഈശ്വര അവഹേളനമില്ല. 

പരിശ്രമം പഠിപ്പിക്കുന്ന പാഠങ്ങളിലൂടെ കടന്നുപോകുന്നവർക്കു മാത്രമേ, പടിപടിയായുള്ള വളർച്ചയുമായി പൊരുത്തപ്പെടാനാകൂ. പെട്ടെന്നുണ്ടാകുന്ന പുരോഗതികളെ കൈകാര്യം ചെയ്യാൻ അറിയാത്തതിന്റെ പേരിൽ തകർന്നടിയുന്നവരും കുറവല്ല. 

ഓരോരുത്തർക്കും സ്വന്തം വഴികളും ശീലങ്ങളും പ്രത്യേകതകളുമുണ്ട്. അവയ്ക്കനുസരിച്ച് അവനവൻതന്നെ സൃഷ്ടിക്കുന്ന തനതു മാർഗങ്ങളാണ് ‘അദ്ഭുതമാർഗങ്ങളെക്കാൾ’ പ്രയോജനകരം. ആത്മീയവഴികളുടെ പിന്നിൽ അധ്വാനവഴികളും കൂടി ഉണ്ടാകണം. 

English Summary : Subhadinam - What is the importance of working hard?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com