ബട്‍ലർ ലിറ്റററി പുരസ്കാരം; മത്സരം അമ്മയും മകളും തമ്മിൽ

cathy-Sweeney-Lucy-Sweeney
ലൂസി സ്വീനി ബയൺ, കാതി സ്വീനി
SHARE

സാഹിത്യലോകത്തെ അപൂർവതയായി അമ്മയും മകളും ഒരേ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ. അയർലൻഡിലെ ബട്‍ലർ ലിറ്റററി പുരസ്കാരത്തിനുവേണ്ടിയാണ് കൗതുകകരമായ മത്സരം അരങ്ങേറുന്നത്. 2018 ആഗസ്റ്റിനും 2020 ജൂണിനും ഇടയിൽ പ്രസിദ്ധീകരിച്ച സർഗാത്മക സാഹിത്യ കൃതികൾക്കാണ് ഏകദേശം ഒന്നര ലക്ഷം രൂപ വരുന്ന പുരസ്കാരം നൽകുന്നത്. അമ്മ കാതി സ്വീനിക്കൊപ്പം ഇത്തവണ മകൾ ലൂസി സ്വീനി ബയണും ചുരുക്കപ്പട്ടികയിലുണ്ട്. വെൻഡി എർസ്കീൻ, ഇയാൻ മലാനെ, ഓയിസിൻ ഫഗൻ എന്നീ മൂന്ന് എഴുത്തുകാർ കൂടി ചേർന്നതാണ് അവസാന പട്ടിക. ഒക്ടോബർ ആദ്യം ജേതാവിനെ പ്രഖ്യാപിക്കും. 

മോഡേൺ ടൈംസ് എന്നാണ് കാതി സ്വീനിയുടെ പുസ്തകത്തിന്റെ പേര്. മകളുടെ കൃതി പാരിസ് സിൻഡ്രോം. അയർലൻഡിൽ പേരും പെരുമയുള്ള പുരസ്കാരമാണ് ബട്‍ലർ ലിറ്റററി പ്രൈസ്. 1962 ലാണ് ആദ്യ പുരസ്കാരം നൽകിയത്. 2018 ൽ ഐറിഷ് അമേരിക്കൻ കൾചറൾ ഇൻസ്റ്റിറ്റ്യൂട്ട് ഇടയ്ക്കു നിന്നുപോയ പുരസ്കാരം പുനരാരംഭിക്കുകയായിരുന്നു. 

അധ്യാപികയായി ജോലി ചെയ്തിരുന്ന കാതി സ്വീനി 30 വയസ്സിനു ശേഷമാണ് എഴുതിത്തുടങ്ങുന്നത്. ആദ്യകാല കഥകൾ അയർലൻഡിലെ സാഹിത്യ മാസികകളിൽ  പ്രസിദ്ധീകരിച്ചു. തുടർന്നും എഴുതിയതോടെ രാജ്യത്തെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിയായി പേരെടുത്തു. 21 ചെറുകഥകളുടെ സമാഹാരമാണ് മോഡേൺ ടൈംസ്. ആദ്യത്തെ പുസ്തകം. സമാഹാരത്തിലെ ചില കഥകൾ ഒരു പേജിൽ താഴെ മാത്രമേയുള്ളൂ. എന്നാൽ ദ് വുമൺ വിത് ടൂ മെനി മൗത്ത് പോലെ പല കഥകളും ചർച്ചാവിഷയമായി. സെക്സ് ഡോൾസ് മുതൽ സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പീഡനങ്ങൾ വരെയുള്ള വിഷയങ്ങൾ കാതി കഥകൾക്കു വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ശൈലിയും തീവ്രമായ പ്രമേയങ്ങളും തന്നെയാണ് കരുത്ത്. റഷ്യൻ സാഹിത്യത്തിന്റെ ആരാധിക കൂടിയാണ് ഈ വർഷം 50 വയസ്സ് തികയുന്ന കാതി. 

എഴുതാൻ ആഗ്രഹിക്കാതിരുന്നിട്ടും എഴുതുകയും അറിയപ്പെടാൻ കൊതിക്കാതെ തന്നെ പ്രശസ്തയാകുകയും ചെയ്ത കാതി, അധ്യാപിക എന്നറയിപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്. തന്റെ കഴിവും പ്രതിഭയും അധ്യാപനത്തിനുവേണ്ടി സമർപ്പിച്ചു എന്നു പറയുമ്പോൾ കാതിക്ക് അഭിമാനമുണ്ട്. ഇനി കൂടുതൽ എഴുതണം എന്ന ആഗ്രഹവും.

അറിയാതെ ഞാൻ എഴുത്തുകാരിയായി. കുറെയൊക്കെ അറിയപ്പെട്ടു. എഴുതാനുണ്ട് ഇനിയുമേറെ കഥകൾ: കാതി പറയുന്നു. 

അമ്മ കാതിയെപ്പോലെ ചെറുകഥകളാണ് ലൂസിയും എഴുതുന്നത്. പാരിസ് സിൻഡ്രോമിലുള്ളത് 11 കഥകൾ. ഒറ്റയ്ക്ക് ലോകത്തെ അറിയുന്ന, യാത്ര ചെയ്യുന്ന സ്ത്രീയുടെ അനുഭവങ്ങളാണ് ഓരോ കഥയും. ഒറ്റയ്ക്കൊരു യുവതി ലോകം കാണാൻ ഇറങ്ങുമ്പോൾ പതിയിരിക്കുന്ന സന്തോഷങ്ങളും അപകടങ്ങളും കഥകളെ വ്യത്യസ്തമാക്കുന്നു. കഥകളാണെങ്കിലും പുസ്തകത്തിന് ഒരു കേന്ദ്രകഥാപാത്രമുണ്ട്. കഥകളെ ആ കഥാപാത്രം ഒരു മാലയിലെന്നപോലെ കോർത്തുകെട്ടുന്നു. എന്നാൽ ഓരോ കഥയുടെയും പശ്ചാത്തലം വ്യത്യസ്ത ഭൂവിഭാഗങ്ങളുമാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ഒട്ടേറെ ആരാധകരെ നേടിയ ലൂസിയുടെ ആദ്യ പുസ്തകം അയർലൻഡിൽ നന്നായി സ്വീകരിക്കപ്പെട്ടതുമാണ്. 

അമ്മയും മകളും തമ്മിൽ മത്സരിക്കുമ്പോൾ പുരസ്കാരം ആർക്ക് എന്നറിയാൻ ഒക്ടോബർ വരെ കാത്തിരിക്കണമെങ്കിലും അയർലൻഡിലെ വായനക്കാരുടെ മനസ്സിൽ ഇരുവരും സ്വന്തമായ ഇരിപ്പിടം നേടിക്കഴിഞ്ഞു. പുരസ്കാരം അവരുടെ നേട്ടങ്ങളുടെ തൊപ്പിയിലെ മറ്റ‌ൊരു പൊൻതൂവലാകുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ. 

English Summary : Cathy Sweeney and daughter Lucy Sweeney Byrne shortlisted for Butler Literary Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;