ADVERTISEMENT

വിനോദയാത്രയ്ക്കു ശേഷം മടങ്ങുകയായിരുന്നു ആ സംഘം. ഇടയ്ക്കു ഗൈഡ് വന്നു പറഞ്ഞു: ‘ഇനിയുള്ള ഒരു മണിക്കൂർ ഏറെ പ്രകൃതിരമണീയമായ സ്ഥലത്തുകൂടിയാണു നാം യാത്ര ചെയ്യുന്നത്. വണ്ടിയിലിരുന്നുതന്നെ നമുക്കത് ആസ്വദിക്കാം.’ എല്ലാവരും ജനാലയ്ക്കരികിലുള്ള സീറ്റുകൾക്കായി ബഹളമായി. സീറ്റ് കിട്ടിയവരും കിട്ടാത്തവരും തമ്മിൽ തർക്കമായി, തല്ലായി. സമയം കടന്നുപോയി. എല്ലാവർക്കും ഇറങ്ങേണ്ട സ്ഥലമായി. അപ്പോഴാണ് വഴക്കിനിടെ തങ്ങൾക്കു നഷ്ടപ്പെട്ട മനോഹര കാഴ്ചകളെക്കുറിച്ച് അവർ ഓർത്തത്. 

ആരും ആരുടെയും ശത്രുവോ വഴിമുടക്കിയോ അല്ല. എല്ലാവർക്കും വളരാനും വലുതാകാനുമുള്ള ഇടം എവിടെയെങ്കിലുമൊക്കെ ലഭ്യമാണ്. ഇഷ്ടപ്പെട്ടതോ ശ്രേഷ്ഠമെന്നു കരുതപ്പെടുന്നതോ ആയ സ്ഥലങ്ങൾ ലഭിച്ചില്ലെങ്കിൽ, ലഭിക്കുന്ന സ്ഥലത്തിന്റെ പരിമിതിക്കുള്ളിലിരുന്ന് പുതിയ കാഴ്ചകൾ സൃഷ്ടിക്കണം. എല്ലാവരും ആഗ്രഹിക്കുന്നതും പിന്തുടരുന്നതും എളുപ്പമുള്ള, പ്രശ്നരഹിതമായ കാര്യങ്ങളായിരിക്കും. വീട്ടുമുറ്റത്തെ ചാരുകസേരയിലിരുന്ന് സൂര്യോദയം ദർശിക്കുന്നവരുണ്ട്. കടലിനടുത്തുനിന്ന് ഉദയം കാണുകയും മലമുകളിൽനിന്ന് അസ്തമയം കാണുകയും ചെയ്യുന്നവരുമുണ്ട്. എവിടെ നിന്നാൽ എളുപ്പത്തിൽ കാണാം എന്നതാകില്ല അവരുടെ ചോദ്യം; എവിടെ നിന്നാൽ ആരും കാണാത്ത കാഴ്ചകൾ കാണാം എന്നതാകും. 

എവിടെനിന്നു കാണുന്നു എന്നതനുസരിച്ച് കാഴ്ചകളുടെ അർഥവും ഭംഗിയും മാറും. എന്തിനാണ് എളുപ്പമുള്ള സ്ഥലങ്ങളിലിരുന്നു മാത്രം എല്ലാ കാഴ്ചകളും കാണുന്നത്? ഇരിപ്പിടം മാറിയാൽ ഇതുവരെ കാണാത്ത ദൃശ്യങ്ങൾ തെളിയും. എന്തിനു വേണ്ടിയാണോ യാത്ര ചെയ്തത് അതു നഷ്ടപ്പെടുന്നതാണ് യാത്രയുടെ പരാജയം. വലിയ ലക്ഷ്യങ്ങളോടെ യാത്ര തുടങ്ങിയാൽ പിന്നെ, ചെറിയ കാര്യങ്ങളുടെ പിന്നാലെ പരക്കംപായരുത്. അപ്രധാനമായവ തിരിച്ചറിയാനും അവഗണിക്കാനുമുള്ള കഴിവാണ് അതിപ്രധാനമായവ നേടുന്നതിനുള്ള ആദ്യപടി. വലിയ മലകളിൽ തട്ടിയല്ല, ചെറിയ കല്ലുകളിൽ തട്ടിയാണ് എല്ലാവരും വീഴുന്നത്. നക്ഷത്രങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ മിന്നാമിനുങ്ങുകൾ വഴിമുടക്കാൻ അനുവദിക്കരുത്.

English Summary : Subhadhinam : Why do perceptions matter?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com