എങ്ങനെ പങ്കാളിയെ തൃപ്തിപ്പെടുത്താം? അവിഹിതങ്ങളുടെ കുരുക്ക് അഴിക്കാം? ഉത്തരം പറയും ഈ കത്തുകൾ

simone-de-beauvoir
സിമോൺ ദ് ബുവെ
SHARE

ഞാൻ ഒരു ലെസ്ബിയനാണ്. സുഹൃത്തും ഞാനും തമ്മിൽ വർഷങ്ങളായി തീവ്രപ്രണയത്തിലാണ്. ഞങ്ങൾക്കു വിവാഹം കഴിക്കണം. ശസ്ത്രക്രിയയിലൂടെ എന്നെ പുരുഷനാക്കാൻ കഴിവുള്ള ഒരു ഡോക്ടറുടെ നമ്പർ തന്നു സഹായിക്കാമോ ? 

ബ്രിട്ടനിൽ സ്വവർഗ ലൈംഗികത കുറ്റകരമായിരുന്ന കാലത്ത് ഈ കത്ത് ലഭിച്ചത് ഒരു എഴുത്തുകാരിക്ക്. സ്ത്രീയെയും സ്ത്രീത്വത്തെയും വ്യത്യസ്തമായി നിർവചിച്ച് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ഉയിരു കൊടുത്തു വളർത്തിയ സിമോൺ ദ് ബുവെയ്ക്ക്. ആരും സ്ത്രീയായി ജനിക്കുന്നില്ലെന്നും സ്ത്രീകളായി മാറ്റപ്പെടുകയാണെന്നും പ്രഖ്യാപിച്ച് സ്ത്രീവിമോചനപ്പോരാട്ടത്തിന് സ്വന്തം ജീവിതം കൊണ്ട് അർഥം നൽകിയ വിപ്ലവകാരിക്ക്. വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും അസ്തിത്വവാദത്തിന്റെ ആചാര്യൻ ഴാങ് പോൾ സാർത്രുമായി കിടക്ക പങ്കിട്ട് ജീവിതം ആസ്വദിക്കുകയും ചെയ്ത, സെക്കൻഡ് സെക്സ് എന്ന പുസ്തകത്തിന്റെ രചയിതാവിന്. 

ലഭിച്ച കത്ത് നോക്കാതിരിക്കുകയോ അവഗണിക്കുകയോ അല്ല സിമോൺ ദ് ബുവെ ചെയ്തത്. വായിച്ച് വിശദമായി മറുപടി എഴുതി. വീണ്ടും ബുവെയ്ക്ക് കത്തുകൾ വന്നുകൊണ്ടിരുന്നു. സങ്കീർണമായ ലൈംഗികപ്രശ്നങ്ങൾക്ക് പരിഹാരം തേടി. അവിഹിത ബന്ധങ്ങളുടെ കുരുക്ക് അഴിക്കാൻ. പ്രായവ്യത്യാസമുള്ള പങ്കാളികളുടെ ഇഷ്ടങ്ങളിലെ പൊരുത്തക്കേടുകൾക്ക് പരിഹാരം തേടി. പ്രണയനഷ്ടത്തിൽ ആശ്വാസം തേടി. സമ്പന്നമായ ലൈംഗികതയിൽ ആഹ്ലാദം പ്രകടിപ്പിച്ച്. കണക്കില്ലാതെ കത്തുകൾ. ഓരോ കത്തും ശ്രദ്ധിച്ചു വായിച്ച് മറുപടി എഴുതി സിമോണും. 1986– ൽ സിമോൺ മരിച്ചെങ്കിലും കത്തെഴുത്ത് നിലച്ചില്ല. തങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം തേടി സിമോണിന്റെ വിലാസത്തിലേക്ക് ഇപ്പോഴും കത്തുകൾ വരുന്നുണ്ട്. അവയൊക്കെയും പാരിസിലെ ശ്മശാനത്തിൽ കല്ലറയ്ക്കു മുകളിൽ കാത്തുകിടക്കുന്നു. മറുപടി എഴുതാൻ കഴിയാത്തതിനെക്കുറിച്ചോർത്ത് സങ്കടപ്പെടുന്നുണ്ടായിരിക്കണം സിമോൺ. കാരണം അത്രമാത്രം അവർ മനുഷ്യരെ പരിഗണിച്ചിരുന്നു. അവരുടെ അടിച്ചമർത്തപ്പെട്ട മോഹങ്ങളെ ഗൗനിച്ചിരുന്നു. സ്ത്രീകളുടെ സന്തോഷത്തിനുവേണ്ടി ആഗ്രഹിച്ചിരുന്നു.

സിമോണിനു ലഭിച്ച പതിനായിരക്കണക്കിനു കത്തുകൾ പരിശോധിച്ച് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തി പുസ്തകമാക്കുകയാണ് ജുഡിത്ത് കോഫിൻ എന്ന ഗവേഷക. ഏകദേശം 20,000 കത്തുകൾ ഇപ്പോൾ കോഫിന്റെ കൈവശമുണ്ട്. ബ്രിട്ടനിൽനിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കത്തുകളുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലം മുതലുള്ളവ. ‘സ്ത്രീകളുടെ കാമശാസ്ത്രം’ എന്നറിയപ്പെട്ട സെക്കൻഡ് സെക്സ് എന്ന  പുസ്തകത്തെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് കോഫിൻ കണക്കില്ലാത്ത കത്തുകൾ കണ്ടെത്തുന്നതും അവ പുസ്തകമാക്കാൻ ശ്രമിക്കുന്നതും. സെക്സ്, ലവ് ആൻഡ് ലെറ്റേഴ്സ്: റൈറ്റിങ് സിമോൺ ദ് ബുവെ എന്ന പുസ്തകം വരുന്ന സെപ്റ്റംബറിൽ പുറത്തിറങ്ങും. 

സാർത്രിന്റെ അസ്തിത്വവാദം ലോകമാകെ കൊടുങ്കാറ്റ് ഉയർത്തിയ കാലത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു സിമോൺ. അസൂയയില്ലാതെ അദ്ദേഹത്തെ സ്നേഹിച്ച്. ആസക്തിയില്ലാതെ ശരീരം അസ്വദിച്ച്. ബന്ധങ്ങളുടെ കെട്ടുപാടില്ലാതെ സ്നേഹം അറിഞ്ഞ്. സ്വാതന്ത്ര്യത്തിൽ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തി. ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു ജീവിച്ച സിമോൺ അന്നത്തെ തലമുറയ്ക്ക് ഒരു തത്ത്വചിന്തക മാത്രമല്ലെന്നാണ് കോഫിൻ കണ്ടെത്തിയ കത്തുകൾ തെളിയിക്കുന്നത്. തങ്ങളുടെ രഹസ്യങ്ങൾ വിശ്വസിച്ച് പങ്കുവയ്ക്കാൻ കഴിയുന്ന സുഹൃത്തായിരുന്നു അവർക്ക് സിമോൺ. ലൈംഗികതയുടെ തലനാരിഴ കീറാൻ കഴിവുള്ള വിദഗ്ധ. കെട്ടുപിണഞ്ഞ ബന്ധങ്ങളുടെ കെട്ടഴിക്കാൻ കഴിവുള്ള മനഃശാസ്തജ്ഞ. 

സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് ഉയരാൻ ആഗ്രഹിച്ച സ്ത്രീകൾ തങ്ങളുടെ ആശങ്കകളും ആഗ്രഹങ്ങളും സിമോണുമായി പങ്കുവയ്ക്കുന്നതും പതിവായിരുന്നു. പുരുഷൻമാരുമുണ്ടായിരുന്നു കത്തെഴുതിയവരിൽ. എങ്ങനെ തങ്ങളുടെ പങ്കാളികളെ സംതൃപ്തിപ്പെടുത്താമെന്ന രഹസ്യങ്ങൾ തേടി. സിമോണും സാർത്രം തമ്മിലുള്ള ബന്ധത്തിന്റെ അനന്യമായ രസതന്ത്രം തേടി. ഫാക്ടറി തൊഴിലാളികളുണ്ട് കത്തെഴുതിയവരിൽ. ഡോക്ടർമാരുണ്ട്. പ്രസിദ്ധരും പ്രതിഭാശാലികളുമുണ്ട്. സാധാരണക്കാരുണ്ട്. 

മറുപടികൾ മോഹിക്കാതെ പോലും കത്തുകൾ ഇപ്പോഴും തുടരുന്നു. സ്നേഹിക്കുന്നതിനെക്കുറിച്ചാണല്ലോ സിമോൺ പറഞ്ഞതും; സ്നേഹം ആഗ്രഹിക്കുന്നതിനെക്കുറിച്ചല്ലല്ലോ. പരിഹാരത്തെക്കാൾ തങ്ങളെ കേൾക്കാൻ ഒരാൾ ഉണർന്നിരിക്കുന്നല്ലോ എന്ന ചിന്തയായിരിക്കും അവരെ കത്തെഴുതാൻ പ്രേരിപ്പിക്കുന്നത്. അവർ വീണ്ടും എഴുതട്ടെ. കേൾക്കുന്നുണ്ടാകും സിമോൺ. ആ കല്ലറയിൽ ചെവിചേർത്താൽ കേൾക്കുന്ന മിടിപ്പുകളിലുണ്ടായിരിക്കും ഓരോരുത്തരും തേടുന്ന മറുപടികൾ. അതീവ രഹസ്യം; വിശുദ്ധം. ആത്മാവ് ആത്മാവിനോട് മന്ത്രിക്കും പോലെ. 

English Summary : Sex, Love, and Letters: Writing Simone de Beauvoir book written by Judith G. Coffin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;