വിശപ്പാണോ പുസ്തകമാണോ വലുത്? വിശപ്പിന്റെ പ്രതലം നൽകുന്ന ഉത്തരങ്ങൾ

the-platform
SHARE

പുസ്തകം വേണോ ആയുധം വേണോ എന്ന ചോദ്യമേ ഗോറിങ്ങിനു മുന്നിൽ ഉണ്ടായില്ല. സായുധ വിപ്ലവത്തേക്കാൾ ശക്തി വാക്കുകൾക്കും പേനയ്ക്കും ഉണ്ടാകുമെന്നാണ് അയാൾ കരുതിയത്. അതുകൊണ്ടാണ് അയാൾ  മിഗ്വെൽ ഡി സെർവാന്റെസ് എഴുതിയ ഡോൺ ക്വിക്സോട്ട് എന്ന നോവൽ തന്റെ പ്രത്യേക താമസമൊരുക്കിയ ഇടത്തിലേക്ക് കൊണ്ട് പോകുന്നത്. ദ് പ്ലാറ്റ്ഫോം എന്ന ചിത്രം എത്ര വ്യക്തമായാണ് പുസ്തകത്തിന്റെയും ആയുധത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നത്!

സ്പാനിഷ് സംവിധായകനായ ഗാൽഡറിന്റെ ഒരുപാട് നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമാണ് ദ് പ്ലാറ്റ്ഫോം. തന്റെ സിഗരറ്റ് വലി നിർത്താനും ഡിപ്ലോമയ്ക്ക് വേണ്ടിയുമാണ് ഗൊറിങ് ആ പ്ലാറ്റ്‌ഫോമിൽ താമസത്തിനായി എത്തുന്നത്. അതിനു മുൻപ് അപേക്ഷ പൂരിപ്പിച്ചു നൽകുമ്പോൾ അയാൾക്കിഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് എടുത്തു ചോദിച്ച് അയാളെ സ്വീകരിക്കുന്ന വ്യക്തി അത് കുറിച്ചു വയ്ക്കുന്നുണ്ട്. ഭക്ഷണം അത്ര വലിയ കാര്യമായി അയാൾക്ക് തോന്നിയിരുന്നില്ല എന്നതാണ് സത്യം. വായനയും ആത്മാന്വേഷണവും തന്നെയാകും വിശപ്പിനേക്കാൾ വലുതെന്ന് അയാൾ ധരിച്ചിട്ടുണ്ടാവണം. എന്നാൽ വന്ന ആദ്യ ദിവസം തന്നെ ട്രൈമാഗസി എന്ന വൃദ്ധൻ അയാളെ ഞെട്ടിക്കുന്നു. അതിനേക്കാളേറെ ആ താമസ ഇടത്തിന്റെ രീതിയിൽത്തന്നെ അയാൾ ആശങ്കാകുലനാണ്. നടുവിൽ ചതുരാകൃതിയിൽ ഒരു ദ്വാരം. അതിനു ചുറ്റും വലിയ ചതുരത്തിൽ വലിയൊരു പ്ലാറ്റ്ഫോം. അതിന്റെ രണ്ടു വശങ്ങളിലായി രണ്ടു കിടക്കകൾ. ഗൊറിങ് താമസിക്കാൻ ആദ്യമെത്തുന്നത് നാല്പത്തിയേഴാം നമ്പർ പ്ലാറ്റ്ഫോമിലാണെന്നു ട്രൈമാഗസി ചുമരിലെഴുതിയത് ചൂണ്ടിക്കാട്ടി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. താഴേക്കു നോക്കിയാൽ അതുപോലെ എണ്ണിയാൽ തീരാത്ത പോലെ പ്ലാറ്റ്‌ഫോമുകൾ. നടുവിൽ വലിയ ദ്വാരം. സത്യത്തിൽ ഗോറിങ്ങിന് ഒന്നും മനസ്സിലായില്ല. പക്ഷേ തന്റെ ഒപ്പമുള്ള ട്രൈമാഗസി ഒരാളെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവിടെ വന്നതെന്നറിഞ്ഞപ്പോൾ അയാൾ ഞെട്ടിയിട്ടുണ്ടാവണം. കുറ്റം ചെയ്തവനും ഇല്ലാത്തവനും ഒരേ പ്ലാറ്റ്ഫോം തന്നെയാണ് എന്നറിയുമ്പോൾ ആരാണ് ഞെട്ടാതെയിരിക്കുക!

എന്തിനാണ് നടുവിലുള്ള ചതുര ദ്വാരം എന്ന് മുകളിൽനിന്ന് ആ ദ്വാരത്തിനു കൃത്യമായി കൊള്ളുന്ന മറ്റൊരു പ്ലാറ്റ്ഫോം ഇറങ്ങി വന്നപ്പോഴാണ് ഗോറിങ്ങിനു മനസ്സിലായത്. ആ വലിയ ചതുര നിരപ്പിൽ നിറയെ ഭക്ഷണമാണ്. പല തരം ഭക്ഷണങ്ങൾ. നൂറു കണക്കിന് തരം ഭക്ഷണങ്ങൾ. എന്നാൽ അതിൽ പകുതിയും മറ്റാരോ ഉപയോഗിച്ച എച്ചിൽ പോലെ അലങ്കോലപ്പെട്ടിരുന്നു. ആരൊക്കെയോ ചവച്ചു തുപ്പിയ അവശിഷ്ടങ്ങൾ അതിനു മുകളിൽ കിടന്നിരുന്നു. അയാൾക്ക് അറപ്പാണു തോന്നിയത്. അയാൾ വീണ്ടും തന്റെ കയ്യിലെ പുസ്തകമെടുത്തു. ഡോൺ ക്വിക്സോട്ടിന്റെ വീര ചരിത്രങ്ങൾ വായിക്കാൻ തുടങ്ങി. വീരഗാഥകൾ സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു സ്വയം പരിഹാസ്യനാകുന്ന ക്വിക്ക്സോട്ട് അയാളെ ആത്മനിരൂപണത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. കാരണം ദിവസങ്ങൾക്കുള്ളിൽ, ഭക്ഷണത്തിനു മറ്റു വഴികളില്ലെന്നറിഞ്ഞപ്പോൾ അക്ഷരങ്ങൾക്കൊപ്പം വിശപ്പും ജീവിക്ക് അത്യാവശ്യമാണെന്നയാൾക്ക് തോന്നി തുടങ്ങിയിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. ട്രൈമാഗസി പറഞ്ഞതനുസരിച്ച് ഓരോ മാസവും ഓരോ പ്ലാറ്റ്ഫോമിലെയും മനുഷ്യർ മാറ്റപ്പെടും. താഴെയുള്ളവർ മുകളിലേയ്ക്കോ അല്ലെങ്കിൽ വീണ്ടും താഴേയ്‌ക്കോ മാറ്റപ്പെടും, മുകളിലുള്ളവരുടെ അവസ്ഥയും അങ്ങനെ തന്നെ. എന്നാൽ അതിന്റെ ഏറ്റവും ദുരന്ത തലം ഗൊറിങ് തിരിച്ചറിയുന്നത് ഇരുന്നൂറ്റി രണ്ടാം മുറിയിലെത്തിയപ്പോഴാണ്. മുകളിൽ നിന്നും താഴേക്കു തുറന്ന ഭക്ഷണ പ്ലാറ്റ്‌ഫോമിൽ പൊട്ടിച്ചിതറിയ പാത്രങ്ങളല്ലാതെ ഒരു തരി ഭക്ഷണം പോലുമുണ്ടായിരുന്നില്ല. എന്നാൽ ഓരോ മനുഷ്യരുടെയും കൃത്യമായ ഭക്ഷണ ഇഷ്ടങ്ങൾ ചോദിച്ച് അതുണ്ടാക്കി കൃത്യമായി ആ ലംബമാന ഭരണ സംവിധാനത്തിൽ അധികൃതർ അയയ്ക്കുന്നുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട ഒച്ച് ഫ്രൈ അക്കൂട്ടത്തിൽ മുപ്പത്തിയാറാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് കണ്ടപ്പോഴാണ് ഗൊറിങ് അതറിഞ്ഞത്. എന്നിട്ടും എന്തുകൊണ്ട് താഴത്തെ (അതത്രെ നിലയുണ്ടെന്നു ആർക്കുമറിയുമായിരുന്നില്ല, പലരും പല ഊഹങ്ങൾ പറഞ്ഞു) നിലയിലുള്ളവർക്ക് അവർക്കിഷ്ടമുള്ള ഭക്ഷണങ്ങൾ എത്തുന്നില്ല?

ആർത്തി മൂത്ത മുകൾവർഗ്ഗക്കാർ മാത്രം കയ്യടക്കി വച്ചിരിക്കുന്ന പണവും സമ്പത്തും എല്ലായ്പ്പോഴും അവന്റെ കയ്യിൽ മാത്രം ഭദ്രമാണ്. താഴേക്കു പോകുമ്പോൾ പാവപ്പെട്ടവന്റെ കയ്യിൽ വിശപ്പു മാത്രമാണ് ബാക്കി. അതുകൊണ്ടുതന്നെ അവരിൽ ചിലർ ആയുധമെടുത്തേക്കാം. തങ്ങൾക്കും വിശപ്പിനും ഭക്ഷണത്തിനും അർഹതയുണ്ടെന്നും അത് മുകൾതട്ടിൽ നിന്നു ലഭിച്ചില്ലെങ്കിൽ തങ്ങളുടെ ഒപ്പമുള്ളവന്റെ ജീവനും സ്വത്തും അപഹരിക്കാമെന്നും അവൻ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ താഴേയ്ക്ക് പോകുന്ന നിലകളിൽ രക്തം ചാല് കീറി കിടന്നിരുന്നു. വിശപ്പടക്കാൻ മാംസം ഭക്ഷിക്കേണ്ടി വരുന്ന ഗതികേടിൽ ഗോറെങ്ങും പെട്ട് പോകുന്നുണ്ട്. ചില നേരങ്ങളിൽ അയാളുടെ ഭക്ഷണം ഡോൺ ക്വിക്സോട്ട് തന്നെയാണ്. പുസ്തകത്തിലെ പേജുകൾ വായിലിട്ട് ചവച്ചരയ്ക്കുമ്പോൾ ലോകം മുഴുവൻ പരിഹസിച്ച് പരാജയപ്പെട്ടു തിരികെ വന്നു മരണത്തെപ്പൂകിയ ആ ക്വിക്സോട്ട് പോലും ചിരിച്ചിട്ടുണ്ടാവണം. വിശപ്പിനേക്കാൾ വലുതല്ല പുസ്തകമെന്ന തിരിച്ചറിവ് നൽകിയ നിമിഷത്തിൽ ഒന്നിലാണ് അയാളിലെ വിപ്ലവകാരി ഉണർന്നതും. തുല്യ നീതിയുടെ വഴികൾ ക്വിക്സോട്ടിനെ പോലെ അയാളും ലോകത്തെ പഠിപ്പിക്കാൻ ആഗ്രഹിച്ചു. അതിനായി, മറ്റൊരിക്കൽ എത്തിയ ഒരു സഹ തടവുകാരനൊപ്പം അയാൾ ഭക്ഷണ പ്ലാറ്റ്‌ഫോമിൽ കയറി ഓരോരുത്തർക്കും അവർ അർഹിക്കുന്ന ഭക്ഷണം എടുത്ത് കൊടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ആയുധങ്ങൾ അവരെ കീറി മുറിക്കുന്നു, മുകൾ വർഗ്ഗക്കാർ തങ്ങൾക്ക് അർഹമായത് വിട്ടു പോകുന്നത് നോക്കി നെടുവീർപ്പിടുന്നു, താഴത്തെ നിലകളിൽ വിശപ്പടക്കാൻ പരസ്പരം വെട്ടി മരിച്ച ശരീരങ്ങൾ അവരെ ഭ്രമിപ്പിക്കുന്നു, ഒടുവിൽ അവരുടെ കണക്കു കൂട്ടലുകളും കഴിഞ്ഞ് ഏറ്റവും താഴത്തെ നിലകളിലൊന്നിൽ വരെ അവർ മറ്റാർക്കും കൊടുക്കാതെ ഈ ഭരണ സംവിധാനത്തിലെ ആളുകൾക്ക് മനസ്സിലാക്കാൻ ബാക്കി വച്ചിരുന്ന പന്നകോട്ട എന്ന ഭക്ഷണം ഒടുവിലുള്ള പെൺകുട്ടിക്ക് നൽകുന്നു. അവളാണ് യഥാർത്ഥ സന്ദേശം എന്നവർ കണ്ടെത്തുന്നുണ്ട്. 

ഡോൺ ക്വിക്ക്‌സോട്ടിന്റെ യാത്രയും ഗോറിങ്ങിന്റെ യാത്രയും വളരെ വിരുദ്ധമായ തലത്തിൽ നടത്തപ്പെടുന്നുണ്ട് ഈ ചിത്രത്തിലൂടെ. ആശയം ഗംഭീരമെങ്കിലും ക്വിക്‌സോട്ടിന്റെ വഴികൾ പലപ്പോഴും അയാളുടെ ഉൾക്കാഴ്ചയില്ലായ്മ മൂലം മൂടി കിടക്കുന്നതാണ്. എന്നാൽ ഗോറിങ്ങിന്റെ മുന്നിൽ വഴികൾ തുറന്നുതന്നെ കിടക്കുന്നുണ്ട്. അയാളുടെ യാത്രയിൽ അയാൾ സ്വയം കണ്ടെത്തുകയും തന്റെ ചുറ്റുമുള്ള മനുഷ്യരെ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ അയാൾ ഒടുവിൽ തിരിച്ചു വരവ് ഇല്ലാത്ത പോലെ യാത്ര പോകുന്നുണ്ടെങ്കിലും അയാൾ നൽകിയ സന്ദേശം എക്കാലവും പ്ലാറ്റ്ഫോമിന്റെ ഭരണ സമിതി ഓർത്തു വയ്ക്കും. പക്ഷേ മുകൾ വർഗ്ഗവും താഴത്തെ വർഗ്ഗവും തമ്മിലുള്ള വ്യത്യാസം എന്നെങ്കിലും മാറ്റപ്പെടുമോ?

പുസ്തകങ്ങൾ കൊണ്ടോ, അതോ ആയുധങ്ങൾ കൊണ്ടോ ആ മാറ്റം നടത്തേണ്ടത്?

വിശപ്പാണോ അക്ഷരങ്ങളാണോ മനുഷ്യനെ മാറ്റി മറിക്കേണ്ടത്?

ബൗദ്ധികമായ ചിന്തയിൽ നിന്നും ആയുധവും വിശപ്പും പുറത്ത് പോകുമ്പോഴും സായുധ വിപ്ലവത്തിന്റെ ആവശ്യത്തെ ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. അരാജകത്വത്തിന്റെ ലോകത്തിൽ വായനയ്ക്കും ചിന്തകൾക്കുമപ്പുറം പട്ടിണി മാറ്റലിലൂടെയും നീതി പൂർവ്വം സ്വമത്വം നല്കുന്നതിലൂടെയുമാണ് മനുഷ്യനെ സമാധാനത്തിലേക്കും സന്തോഷത്തിലേയ്ക്കും നയിക്കാനാകുന്നത്. വിശപ്പുണ്ടെങ്കിലും സമാധാനവും അത്യാർത്തിയുമില്ലാത്ത മനുഷ്യന് മാത്രമേ വായന പറഞ്ഞിട്ടുള്ളൂ. എന്നാൽ അനീതിയും പട്ടിണിയും ആദ്യം തന്നെ നഷ്ടപ്പെടുത്തുന്നത് ഈ സമാധാനം തന്നെയാണല്ലോ! ലോകം തന്നെ ഒരു ചിത്രമായി മുന്നിൽ വരുന്നതാണ് 2019  ൽ പുറത്തിറങ്ങിയ ഈ ചിത്രം. 

English Summary : Spanish movie ‘the platform’ deals with books and hungry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;