സഹയാത്രികരാണ് യാത്രയുടെ സാഹസികതയും സൗന്ദര്യവും തീരുമാനിക്കുന്നത്

friends-1
പ്രതീകാത്മക ചിത്രം
SHARE

യാത്രയ്ക്കിടെ കാക്ക കരടിയോടു ചോദിച്ചു: ഏതാണു പ്രധാനം; യാത്രയോ ലക്ഷ്യസ്ഥാനമോ? കരടി പറഞ്ഞു: ഇവ രണ്ടുമല്ല, ആരുടെ കൂടെ യാത്ര ചെയ്യുന്നു എന്നതാണു പ്രധാനം.

ഹൃദയമറിയുന്നവരുടെ കൂടെയുള്ള യാത്ര ഹൃദ്യവും പരസ്പരം മനസ്സിലാക്കാത്തവരുടെ കൂടെയുള്ള യാത്ര ഹൃദയഭേദകവുമായിരിക്കും. യാത്രയെക്കുറിച്ചുള്ള ആദ്യ ചിന്ത എവിടേക്കു പോകുന്നു എന്നതല്ല, ആരുടെ കൂടെ പോകുന്നു എന്നതാകണം. അനുയോജ്യരല്ലാത്തവരുടെ കൂടെ അന്യഗ്രഹങ്ങളിലേക്കു യാത്ര ചെയ്താലും ഒരനുഭവവും ഉണ്ടാകില്ല. മനസ്സറിയുന്നവരുടെ കൂടെ മുറ്റത്തിനു ചുറ്റും നടന്നാലും മനം കുളിർക്കും.

സഹയാത്രികരാണ് യാത്രയുടെ സാഹസികതയും സൗന്ദര്യവും തീരുമാനിക്കുന്നത്. ഒരേ ഇഷ്ടങ്ങളും രീതികളും ഉള്ളവരുടെ കൂടെ മാത്രം യാത്ര ചെയ്താൽ എന്തു വ്യത്യസ്ത അനുഭവമാകും ഉണ്ടാകുക? വിപരീത ഇഷ്ടങ്ങളെ സ്വീകരിക്കാനും ബഹുമാനിക്കാനും അറിയാവുന്നവരുടെ കൂടെയുള്ള യാത്രകൾ മാത്രമേ വൈവിധ്യങ്ങൾ സമ്മാനിക്കൂ.

വഴി അറിയാവുന്നവരുടെ കൂടെ സഞ്ചരിക്കണമെന്നു നിർബന്ധമില്ല. കാരണം മുൻ അനുഭവങ്ങളല്ല, മുന്നിൽ കാണുന്നവയിൽനിന്ന് അനുഭവങ്ങൾ സൃഷ്ടിക്കലാണ് ഓരോ യാത്രയുടെയും സൗകുമാര്യം. എല്ലാം അറിയുന്നവരുടെ കൂടെ യാത്ര ചെയ്താൽ അവരുടെ മുൻവിധികൾക്കും മുൻകരുതലുകൾക്കും മുൻഗണന നൽകേണ്ടിവരും. വഴിയറിയാത്തവരുടെ കൂടെയും മനസ്സറിയുന്നവരുടെ കൂടെയും യാത്ര ചെയ്താൽ ഓരോ നിമിഷവും പുതുവഴികളും പുതിയ അനുഭവങ്ങളും തെളിയും.

ഇഷ്ടങ്ങളെ കണ്ടറിഞ്ഞു താലോലിക്കാൻ കെൽപുള്ളവരുടെ കൂടെ വേണം യാത്ര ചെയ്യാൻ. തനിച്ചു പറന്നു പോകുന്നവരല്ല, കൂടെ പറന്നു നടക്കാൻ പ്രേരിപ്പിക്കുന്നവർ... അവർക്കു മാത്രമേ യാത്രകളുടെ രസതന്ത്രം മനസ്സിലാകൂ.

തനിച്ചുള്ള യാത്രകൾ ധ്യാനം നൽകും; ഒരുമിച്ചുള്ള യാത്രകൾ മനപ്പൊരുത്തവും. എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നതാകും എല്ലാ സൗഹൃദങ്ങളിലെയും ആദ്യ ഓർമക്കുറിപ്പുകൾ. ഒരുമിച്ചു പോയതുകൊണ്ടു മാത്രം ഓർമകളുടെ ഭാഗമായ ചില സ്ഥലങ്ങളും വഴികളും ഉണ്ടാകും. അവ സമ്മാനിച്ച സുവർണ നിമിഷങ്ങളെക്കാൾ മനോഹരമായി ജീവിതത്തിൽ മറ്റൊന്നും ഉണ്ടാകില്ല.

English Summary : Not destination, but it's the company that matters for journey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;