ADVERTISEMENT

അരനൂറ്റാണ്ട് മുൻപാണ്. വിഷ്ണുനാരായണൻ നമ്പൂതിരിക്ക് തൃപ്പൂണിത്തുറ സംസ്കൃത കോളജിൽ നിന്ന് ചിറ്റൂർ ഗവ.കോളജിലേക്ക് സ്ഥലംമാറ്റം. അന്ന് ചിറ്റൂരിലെ തമിഴ് ഭാഷയും സംസ്കാരവും ജീവിതരീതികളും ഒക്കെ വ്യത്യസ്തം. ബന്ധുക്കളും കൂട്ടുകാരും  ഉപദേശിച്ചു: ‘കുഞ്ഞുങ്ങളുമൊത്ത് അവിടെ ചെന്നു താമസിക്കാൻ അമ്മയ്ക്ക് ബുദ്ധിമുട്ടാകും. സ്കൂളിലും തമിഴായിരിക്കും. പഠിത്തമൊക്കെ തകരാറാകും. അതുകൊണ്ട് വിഷ്ണു തനിച്ചു പോകട്ടെ.’ എഴുത്തച്ഛന്റെ രാമായണം ഇരുപത്തിനാലു വൃത്തത്തിലെ ശ്ലോകം ചൊല്ലി കൂട്ടുകാർ കളിയായി കവിപത്നിയായ സാവിത്രിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കും: 

‘വൈദേഹി! പോരേണ്ട, പോരേണ്ട, ബാലേ! 

പൈദാഹശാന്തിക്കുപായങ്ങളില്ലേ 

ഹേ ദേവി! കല്ലുണ്ടു മുളളുണ്ടു കാട്ടിൽ 

പാദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ’

വിഷ്ണുനാരായണൻ നമ്പൂതിരി അപ്പോഴൊക്കെ മിണ്ടാതിരുന്ന് ഇതു കേൾക്കും. പിരിഞ്ഞിരിക്കുന്ന കാര്യം കവിക്കോ പത്നിക്കോ ചിന്തിക്കാൻ വയ്യ. സുഹൃത്തുക്കളുടെ നിർബന്ധം കൂടിക്കൂടി വന്നപ്പോൾ, ഒരു ദിവസം സാവിത്രി ഉചിതമായ മറുപടി കൊടുത്തു,  രാമായണം ഇരുപത്തിനാലു വൃത്തത്തിലെ പിന്നാലെ വരുന്ന ശ്ലോകം ചൊല്ലിക്കൊണ്ട്: 

‘എന്നാര്യപുത്രൻ വനത്തിന്നു പോയാൽ 

പിന്നെപ്പുരീവാസമെന്തിന്നു വേണ്ടി? 

നിന്നോടുകൂടീട്ടുപോരുന്നു ഞാനും 

എന്നാൾ മനോജ്ഞാംഗി ശ്രീരാമ രാമ’ 

കവിയുടെ ഓർമകൾക്ക് ഇപ്പോൾ പഴയ വ്യക്തതയില്ലെങ്കിലും അദ്ധ്യാത്മരാമായണത്തിലെ സീതാസ്വയംവര മുഹൂർത്തം അദ്ദേഹം പലപ്പോഴും വീട്ടിൽ വർണിക്കാറുണ്ടായിരുന്നുവെന്ന്  മകൾ ഡോ.എൻ.അദിതി പറയുന്നു: 

‘ഇടിവെട്ടീടും വണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു 

നടുങ്ങീ രാജാക്കന്മാർ ഉരഗങ്ങളെപ്പോലെ 

മൈഥിലി മയിൽ‌പേട പോലെ സന്തോഷം പൂണ്ടാൾ’ 

ഇതു ചൊല്ലുമ്പോൾ ഒരു നർത്തകന്റെ കൈമുദ്രകളും ഭാവഹാവാദികളുമായിരുന്നു അച്ഛനെന്നും അദിതി ഒാർക്കുന്നു.

 

English Summary: Vishnunarayanan Namboothiri's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com