ADVERTISEMENT

ലൈബ്രറികള്‍ സജീവമാകുന്നതു വായനക്കാരുടെ സാന്നിധ്യത്തിലാണ്; പുസ്തകങ്ങള്‍ ഉണരുന്നതും. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വായനശാലകള്‍ക്കും പൂട്ടുവീണു; വായനക്കാരുടെ കൂട്ടായ്മകള്‍ക്കും. ഓസ്ട്രേലിയയില്‍ മെല്‍ബണിലെ യാറ പ്ലെന്റി പ്രാദേശിക വായനശാലകളും ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ടെങ്കിലും ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങിയത് സ്ഥിരമായി പുസ്തകമെടുക്കാന്‍ വരുന്നവരുടെ ടെലിഫോണ്‍ നമ്പരുകളുമായി. 70-ല്‍ അധികം പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാരുടെ നമ്പരുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. ഒറ്റപ്പെടലിന്റെ നാളുകള്‍ നീണ്ടുപോയപ്പോള്‍ ലൈബ്രേറിയന്‍ വായനക്കാരെ വിളിക്കാന്‍ തുടങ്ങി. 

ജീവിതം എങ്ങനെയുണ്ട്, ദിവസങ്ങള്‍ എങ്ങനെ പോകുന്നു, മടുപ്പു തോന്നുന്നുണ്ടോ തുടങ്ങിയ സാധാരണ ചോദ്യങ്ങള്‍.. പുസ്തകങ്ങളുമായി ബന്ധപ്പെട്ടല്ല, ഏതെങ്കിലും രീതിയില്‍ എങ്ങനെയെങ്കിലുമുള്ള സഹായങ്ങള്‍ വേണോ എന്നറിയാന്‍. സഹായം ആവശ്യമുള്ളവരുടെ നമ്പരുകള്‍ സര്‍ക്കാരിന്റെ കോള്‍സെന്ററിലേക്കു ഫോര്‍വേഡ് ചെയ്യും. 

 

വായനശാലകള്‍ അടച്ചുപൂട്ടിയതോടെ വായനക്കാര്‍ക്കുണ്ടായ ഏകാന്തതയും ഒറ്റപ്പെടലും മറികടക്കുക എന്നതായിരുന്നു മെല്‍ബണിലെ വായനശാലകളില്‍ നിന്നുള്ള ടെലിഫോണ്‍ വിളികളുടെ ലക്ഷ്യം. നേരത്തെ വായന ആയിരുന്നു യാറ പ്ലെന്റി വായനശാലകളിലെത്തുന്നവരെ സജീവമാക്കിയിരുന്നത്. ദിവസവും ഗ്രന്ഥശാലകളിലേക്കുള്ള യാത്ര. സൗഹൃദ ചര്‍ച്ചകള്‍. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ  കൈമാറ്റം. ആകാശത്തിനു ചുവട്ടില്‍ ഭൂമിയിലുള്ള എല്ലാറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സൗഹൃദസംഭാഷണങ്ങളിലൂടെ അവര്‍ രോഗങ്ങള്‍ മറികടന്നു. വേദനകള്‍ അതിജീവിച്ചു. ദുഃഖങ്ങളെ പിന്നിലാക്കി. മുന്നോട്ടുള്ള യാത്ര പ്രതീക്ഷാ നിര്‍ഭരമാക്കി. അക്ഷരങ്ങളുടെ ചിറകിലേറിയായിരുന്നു അവരുടെ യാത്രകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരാണ് അവര്‍ക്ക് സ്വപ്നങ്ങളുടെ, ഭാവനയുടെ ലോകത്തേക്ക് ക്ഷണക്കത്ത് നല്‍കിയത്. ലോക്ഡൗണ്‍ നാളുകള്‍ നീണ്ടുപോയതോടെ ആ ലോകം അവസാനിക്കുകയായിരുന്നു. പുസ്തകങ്ങളില്ലാത്ത, വായന ഇല്ലാത്ത, ചര്‍ച്ച ഇല്ലാത്ത ഇരുട്ടു നിറഞ്ഞ ലോകത്തേക്കുള്ള അടച്ചിടലായിരുന്നു അത്. അസഹനീയവും അസാധാരണവുമായ ആ കാലത്തെ മറികടക്കാന്‍ ലോകമെങ്ങുമള്ള ഗ്രന്ഥശാലകള്‍ പുതിയ മാര്‍ഗങ്ങള്‍ തേടി. വ്യത്യസ്ത വഴികള്‍ കണ്ടുപിടിച്ചു. വായനക്കാരുമായുള്ള ബന്ധം മുറിയാതെ നിലനിര്‍ത്തി. 

 

ആവശ്യപ്പെടുന്ന വായനക്കാര്‍ക്ക് അഞ്ചും പത്തും പുസ്തകങ്ങള്‍ ഒരുമിച്ചെത്തിച്ചുകൊടുക്കുന്ന പതിവും ലോക്ഡൗണ്‍ കാലത്തുതന്നെയാണ് തുടങ്ങിയത്. പൊടിപിടിച്ചും താളുകള്‍ മറിക്കാതെയും മുഷിഞ്ഞിരുന്ന പുസ്തകങ്ങള്‍ക്ക് പുനര്‍ജന്‍മം. 

 

പോസ്റ്റല്‍ സര്‍വീസുകള്‍ വഴി പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് കോവിഡിനെ മറികടന്ന ഗ്രന്ഥശാലകളുമുണ്ട്. 

 

മീല്‍സ് ഓണ്‍ വീല്‍സ് എന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നവരുടെ കൈവശം പുസ്തകങ്ങള്‍ കൊടുത്തുവിട്ട് വാനയയുടെ ലോകം സജീവമാക്കിയ ലൈബ്രറികളുമുണ്ട് ലോകത്തിന്റെ വിവിധ ഭാഗത്ത്. ഇതിന്റെ ചുവടുപിടിച്ചാണ് സംഗീത സ്കൂളുകള്‍ ഗിത്താറുകളും മറ്റും ആവശ്യക്കാര്‍ക്ക് വീടുകളില്‍ വാടകയ്ക്ക് എത്തിച്ചുകൊടുത്തതും. 

 

ഓണ്‍ലൈന്‍ സെഷനുകളായിരുന്നു ഒരു വിഭാഗം ലൈബ്രറികള്‍ തിരഞ്ഞെടുത്തത്. വിഡിയോ സെഷനുകളിലൂടെ കഥകള്‍ വായിക്കുക, കവിത ചൊല്ലുക, ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ. എഴുത്തുകാരെയും വായനക്കാരെയും സംഘടിപ്പിച്ചു നടത്തിയ സമ്മേളനങ്ങള്‍ വിജയമാണെന്നാണ് പലരും അവകാശപ്പെടുന്നത്. 

 

ഇതുവരെയില്ലാത്ത പുതിയൊരു കാലത്തിലൂടെയാണ് വായനശാലകള്‍ സ‍ഞ്ചരിക്കുന്നത്. വായന മരിച്ചില്ലെന്നു മാത്രമല്ല, ലോക്ഡൗണ്‍ കാലത്ത് പൂര്‍വാധികം ശോഭയോടെ പുനര്‍ജനിച്ചു എന്നതാണ് യാഥാര്‍ഥ്യം. വായനക്കാരല്ലാത്തവര്‍ പോലും പുസ്തകങ്ങള്‍ക്കുവേണ്ടി കാത്തിരുന്ന കാലം. ഓരോ പുസ്തകവും ഒന്നിലധികം തവണ വായിച്ചാസ്വദിച്ച നാളുകള്‍. പുതിയ പുസ്തകങ്ങളെ എത്രയും പ്രിയത്തോടെ കാത്തിരന്ന നാളുകള്‍. കോവിഡ് അനന്തര കാലം വായനശാലകള്‍ക്കു തുറക്കുന്നതു പുതിയ വാതിലുകള്‍. അവയിലൂടെ കടന്നുവരുന്നതു പുതുവെളിച്ചം. അക്ഷരങ്ങള്‍ വജ്രകാന്തികളെപ്പോലെ വായനക്കാരുടെ മനസ്സുകളെ ഭാവനയുടെ നിറച്ചാര്‍ത്തണിയിക്കുന്ന പുതുകാലം. 

 

English Summary : Libraries in the time of coronavirus pandemic

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com