ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളിലും കുർദ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബെഹറസ് ബുചാനിയുടെ മനസ്സിൽ അസ്വാതന്ത്ര്യത്തിന്റെ ഓർമ്മകളുണ്ട്. തടങ്കൽപാളയത്തിന്റെ നീറിപ്പുകയുന്ന ഓർമ്മകൾ. ഇരുട്ടറ കടന്നു വല്ലപ്പോഴും വിരുന്നെത്തിയിരുന്ന വെളിച്ചക്കീറായിരുന്നു തടവറയിൽ ബെഹറസിനു കൂട്ട്. ആ നുറുങ്ങു വെട്ടത്തിൽ പിറവിയെടുത്ത അക്ഷരങ്ങളാണ് അദ്ദേഹത്തിനു പുനർജന്മം നൽകിയതും. അതേ അക്ഷരങ്ങൾ ഇനി സിനിമയാകുന്നതോടെ പുതിയൊരു ദൃശ്യാനുഭവം ലോകത്തിനു ലഭിക്കും. ഓസ്ട്രേലിയയിൽ ചിത്രീകരിച്ച് ഓസ്ട്രേലിയയിൽ തന്നെ ആദ്യ പ്രദർശനത്തിന് ഒരുങ്ങുന്ന സിനിമയിലൂടെ കാവ്യനീതിയും.

 

സ്വതന്ത്ര മാധ്യമപ്രവർത്തനം ജീവനു ഭീഷണിയായപ്പോൾ 2013 ൽ ബെഹറസിനു മാതൃരാജ്യമായ ഇറാൻ വിടേണ്ടി വന്നു. കപ്പൽ കയറുമ്പോൾ മനസ്സിലുണ്ടായിരുന്നത് സുരക്ഷിതമായ മറ്റൊരിടം. ആദ്യമെത്തിയത് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ. അഭയാർഥികളെ ഓസ്ട്രേലിയ അയച്ചത് തടങ്കൽപ്പാളയമായ മാനസ് ദ്വീപിലേക്ക്. അവിടെ കാത്തിരുന്നത് കൊടും ക്രൂരതയുടെ നാളുകൾ.

 

വെടിവച്ചും കുത്തിയും ഗാർഡുകൾ കൊലപ്പെടുത്തുന്നവര്‍ക്കിടെ നിരാധാരമായ ജീവിതം. പട്ടിണി കിടന്നും അസുഖം വന്നും മരിക്കുന്നവർ പതിവു കാഴ്ച. വിഷാദത്തിന്റെ പിടിയിലമർന്ന് ജീവനൊടുക്കുന്നവരുമേറെ. കുഴിഞ്ഞ കണ്ണുകൾ, ഒട്ടിയ മുഖം, എല്ലുന്തിയ കഴുത്ത്, കൂനിയ തോളുകൾ, നേർത്ത ശബ്ദം, തളർന്ന ശരീരം; വ്യത്യസ്തമായിരുന്നില്ല ബെഹറസിന്റെ സ്ഥിതിയും. തടവറയുടെ അനിശ്ചിതത്വമായിരുന്നു കൂടുതൽ കടുപ്പം.

 

കൊടിയ പീഡനത്തിന്റെ തുരുത്തുകളിലൊന്നിലേക്ക് വലിച്ചെറിയപ്പെട്ട മാംസപിണ്ഡമായിരുന്നു ഞാൻ. ചുറ്റും ദേഷ്യവും സങ്കടവും കൊണ്ട് മുറിവേറ്റ ഹൃദയങ്ങളുമായി നീറിക്കഴിയുന്ന മനുഷ്യക്കോലങ്ങൾ. അറവുശാലയിലേക്കു കൊണ്ടുപോകുന്ന ചെമ്മരിയാടുകളെപ്പോലെ കൂട്ടം തെറ്റിയവർ: ബെഹറസ് പറയുന്നു.

 

കൈപ്പിടിയിൽ നിന്നു വഴുതിത്തുടങ്ങിയ മനസ്സിനെ തിരികെപ്പിടിക്കാൻ കണ്ടത് ഒരേ ഒരു വഴി: എഴുത്ത്. ബെഹറസ് എഴുതി. കഥകൾ, കവിതകൾ, പാട്ടുകൾ... ഒരു പുസ്തകം തന്നെ. പേപ്പറിൽ എഴുതുന്നതു സരക്ഷിതമല്ലാത്തതിനാല്‍ എഴുത്ത് ഫോണിൽ. വാട്സാപ്പ് സന്ദേശങ്ങളായി സുഹൃത്തിന് അയച്ചു കൊടുത്ത രചനകൾ വിവർത്തകരുടെ സഹായത്തോടെ ഓസ്ട്രേലിയയിൽ പ്രസിദ്ധീകരിച്ചു. 

പുസ്തകത്തിനു പേരു കടമെടുത്തത് പ്രസിദ്ധമായ കുർദ്ദിഷ് പഴഞ്ചൊല്ലിൽ നിന്നും: നോ ഫ്രണ്ട് ബട്ട് ദ് മൗണ്ടൻസ്; ഇറാനിലെ വംശീയ ന്യൂനപക്ഷമായ കുർദ് ജനതയുടെ നിസ്സഹായാവസ്ഥ വെളിവാക്കുന്ന പ്രയോഗം.

 

പുസ്തകം സിനിമയാകാനൊരുങ്ങുമ്പോൾ ബെഹറസ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിലാണുള്ളത്. ആറു വർഷത്തെ നരക ജീവിതത്തിന് താൽക്കാലിക അറുതിയായെങ്കിലും പൗരത്വത്തിന്റെ ആശങ്കകൾ ബാക്കി. പുതിയൊരു രാജ്യത്തെ പുതിയൊരു  നഗരത്തിൽ ശരീരം സ്വതന്ത്രമാണെങ്കിലും പ്രവാസിയായ മനുഷ്യനറിയാം സുഹൃത്തുക്കളില്ലാത്തതിന്റെ വേദന; ..പർവ്വതങ്ങൾ ഒഴികെ.

നോ ഫ്രണ്ട് ... ബട്ട്‌ ദ് മൗണ്ടൻസ്.

 

English Summary : No Friend But the Mountains: The True Story of an Illegally Imprisoned Refugee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com