മനോധർമത്തിനൊരു നിരുപാധിക സല്യൂട്ട്

kerala-police-disown-cop-s-gesture-to-thank-locals-who-helped-in-kozhikode-cash
SHARE

നാടകം മുതൽ കഥകളി വരെയുള്ള എല്ലാ അഭിനയവേദികളിലും മനോധർമം പരമപ്രധാനമാണ്. സ്വാഭാവികതയുടെ അത്യുന്നതിയിലാണ് മനോധർമത്തിന്റെ നില. മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥൻ എ. നിസാറിനെ അപ്പുക്കുട്ടൻ അഭിനന്ദിക്കുന്നത് മനോഹരമായ മനോധർമത്തിന്റെ പേരിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്നു വീണപ്പോൾ‌ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ഒരുസംഘം ചെറുപ്പക്കാർ കോവിഡ്കാല ക്വാറന്റീനിൽ പോകേണ്ടിവന്നപ്പോൾ, അവരുടെ സന്മനസ്സു തിരിച്ചറിഞ്ഞ് ആ സന്നദ്ധ സേവകരെ സല്യൂട്ട് ചെയ്തതാണ് നിസാറിന്റെ മനോധർമം.

അപ്പോഴിതാ നമ്മുടെ മുൻപിൽ ഒരു ചോദ്യം തൊപ്പിവച്ചു നിൽക്കുന്നു: പൊലീസിനു മനോധർമം പാടുണ്ടോ?

ഇല്ല എന്ന് നിസാറിന്റെ മേലുദ്യോഗസ്ഥർ എടുത്തുചാടി ഉത്തരം പറഞ്ഞുകളഞ്ഞു. നിസാർ സല്യൂട്ട് ചെയ്യാൻ പാടില്ലായിരുന്നു എന്ന കാര്യത്തിൽ അവർക്കു സംശയമുണ്ടായില്ല. മനോധർമവും മനുഷ്യത്വവും മഹാപാപമായതിനാൽ നിസാറിന്റെ പേരിൽ അന്വേഷണം നടത്താൻ ചില മേലാളർ ചാടിപ്പുറപ്പെട്ടതായാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം; പിന്നെ മനസ്സില്ലാമനസ്സോടെ പിന്തിരി‍ഞ്ഞുവെന്നും.

പൊലീസിലെ ഒരു മേലാൾ‌ പുഴയിൽ വീഴുന്നു എന്നു വിചാരിക്കുക. വീഴാതിരിക്കട്ടെ, വെറുതേ സപ്പോസ്. അതുവഴി വരുന്ന ഒരു പാവം നാട്ടുകാരൻ പുഴയിൽ‌ ചാടി മേലാൾ സാഹിബിനെ വലിച്ചുകയറ്റുന്നു. ബഹളംകേട്ട് ഓടിവരുന്ന പൊലീസുകാരൻ നാട്ടുകാരനെ സല്യൂട്ട് ചെയ്യാൻ പാടുണ്ടോ? ശ്വാസം കിട്ടാതെ കരയ്ക്കിരുന്നു കിതയ്ക്കുന്ന മേലാളിനു സല്യൂട്ട് നൽകുകയും പാവം നാട്ടുകാരന് ഒരു തൊഴി കൊടുത്തു യാത്രയാക്കുകയും ചെയ്യണോ? മേലാളിനൊപ്പം അവശനായി നീന്തിക്കയറിയ നാട്ടുകാരന് പൊലീസുകാരൻ ഒരു ചായ വാങ്ങിക്കൊടുത്താൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാകുമോ?

അഥവാ, ഒരൊറ്റ സല്യൂട്ടിന്റെ കാച്ച്മെന്റ് ഏരിയയിൽ മേലാളിനൊപ്പം പാവം രക്ഷകൻകൂടി ഉൾപ്പെട്ടുപോയാൽ പ്രോട്ടോക്കോൾ ലംഘനമാകുമോ? അൽപസ്വൽപം മനോധർമവും മനുഷ്യത്വവും എല്ലാവർക്കും ആവാം, സർ. യൂണിഫോം ധരിച്ചതുകൊണ്ട് ഇതൊന്നും പാടില്ല എന്നൊരു ബലംപിടിത്തം നമുക്കു വേണോ? രക്ഷാപ്രവർത്തനം കഴിഞ്ഞ് ക്വാറന്റീനിൽ പോകേണ്ടിവന്ന ചെറുപ്പക്കാർക്ക് മനുഷ്യപ്പറ്റിന്റെ സല്യൂട്ട് നൽകിയ നിസാർ പൊലീസിനെ സംസ്ഥാന പൊലീസ് മേധാവി വിളിച്ചുവരുത്തി ആദരിക്കുകയാണു വേണ്ടത്.

അതുണ്ടായാലും ഇല്ലെങ്കിലും പ്രിയപ്പെട്ട നിസാറിന് അപ്പുക്കുട്ടന്റെ നിരുപാധിക സല്യൂട്ട്!!

English Summary : Web Column Tharangalil - Kerala Police disown cop’s gesture to thank locals who helped in Kozhikode crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;