സൗകര്യമില്ല! ചുള്ളിക്കാടിന്റെ മറുപടിയിലെന്താണുള്ളത്?

Balachandran Chullikkad
ബാലചന്ദ്രൻ ചുള്ളിക്കാട്
SHARE

സിനിമയിൽനിന്നു കവിതയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് തിരികെ വന്നു കൂടേ? സിനിമയുടെ കപട ലോകത്തുനിന്ന് മടങ്ങി വന്നൂടേ? കേൾക്കുമ്പോൾ എത്രമാത്രം ആരാധന നിറഞ്ഞ നിഷ്കളങ്കമായ ചോദ്യമാണത്! ഒരു കവിയുടെ ഏറ്റവും വലിയ ആരാധകൻ, കവിയെ നിരന്തരം വായിക്കുന്ന ഒരാളുടെ ഹൃദയം മുറിഞ്ഞുള്ള ചോദ്യം പോലെ തോന്നിയേക്കാം. എന്നാൽ അപ്പോഴും എഴുത്ത് നിർത്തിയിട്ടില്ലാത്ത, രണ്ടാഴ്ച മുൻപും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊന്നിൽ കവിത അച്ചടിച്ചു വന്ന ഒരു കവിയോടാണ് ഈ ചോദ്യമെങ്കിലോ? സിനിമ എന്നത് ജീവിതവും പാഷനുമായി കൊണ്ടു നടക്കുന്ന ഒരാളോടാണ് ഇതേ ചോദ്യമെങ്കിലോ? എന്താണ് ആ കവി നൽകേണ്ട മറുപടി. 

‘‘സൗകര്യമില്ല!’’ എന്നു തന്നെ. അതേ മറുപടിയാണ് സാഹിത്യോത്സവത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിനു നേരേ നീണ്ട ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയതും. എന്നാൽ ആ ചോദ്യവും ചുള്ളിക്കാടിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വിവാദത്തിനും ചർച്ചയ്ക്കും വഴി തുറന്നിരിക്കുന്നു. 

‘രണ്ടുകൊല്ലം മുമ്പത്തെയാണ്. ഇതോടെ സാഹിത്യോൽസവങ്ങളിൽ പോക്ക് അവസാനിപ്പിച്ചു’ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. ഒരു പരിപാടിയിൽ അതിഥിയായി ഇരിക്കുമ്പോൾ ഏതു തരം ചോദ്യങ്ങളെ നേരിടാനും തയാറായിരിക്കണം. അത് സ്വാഭാവികവുമാണ്. എന്നാൽ എന്തു മറുപടി പറയണം എന്നത് അവരുടെ താൽപര്യവുമാണ്. 

‘വല്ല ചോദ്യോം കേട്ട് പുള്ളി ഇറങ്ങിപ്പോവുമോ എന്നായിരുന്നു എന്റെ പേടി’ എന്ന് അന്ന് ഇതേ പരിപാടിയുടെ അവതാരകയായ ശ്രീജ ശ്യാം പറയുന്നു. ഒരു കാലത്ത് മനുഷ്യന്റെ മനസ്സിനെ കവിതകൾ കൊണ്ട് ഞെരിച്ച, അതീവ പ്രക്ഷുബ്ധമായ മനസ്സുള്ള ഒരു കവിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അതേ തീ ഏതു കാലത്തും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടെന്ന തിരിച്ചറിവ് ഉള്ളതു കൊണ്ടുതന്നെയാകണം അവതാരക അങ്ങനെ സംശയിച്ചു പോയിട്ടുണ്ടാവുക, അത് സ്വാഭാവികവുമാണ്. ഒരാൾ ഇത്തരം ഒരു തീരുമാനം എടുക്കണമെങ്കിൽ ആ വേദിയിൽ അദ്ദേഹം എത്രമാത്രം അപമാനിതനായി എന്നതിന് വേറെ ഉത്തരം വേണം എന്ന് തോന്നുന്നില്ല. 

സിനിമയിൽ / സീരിയലിൽ അഭിനയിക്കണോ കവിത എഴുതി മാത്രം ജീവിക്കണോ എന്നൊക്കെയുള്ളത് ഓരോ മനുഷ്യന്റെയും പഴ്സനൽ ചോയ്സ് മാത്രം ആണ്. ആഘോഷിക്കപ്പെട്ടവർ– പ്രത്യേകിച്ച് സിനിമ, രാഷ്ട്രീയം എന്നീ മേഖലയിൽ ഉള്ളവർ– എന്ത് അപമാനവും സഹിക്കാൻ ബാധ്യതപ്പെട്ടവരാണെന്ന് മലയാളി പണ്ടേ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഉദാത്ത സാഹിത്യം മാത്രമേ എഴുതാവൂ, എന്നിട്ട് ഞങ്ങൾ പറയും പടി ജീവിക്കുക എന്നു പറയുന്നതു തന്നെയാണ് ഫാഷിസം. 

ജനകീയ സാഹിത്യം എഴുതുന്നവർ, സിനിമ /സീരിയൽ അഭിനേതാക്കൾ തുടങ്ങിയവർ മാത്രം ‘കപടർ’ ആകുന്നത് എങ്ങനെയാണ്? എഴുത്ത് പണത്തിനു വേണ്ടി ആകരുത്, നിങ്ങൾ എല്ലായ്‌പോഴും ദരിദ്രനായി ജീവിക്കൂ, ഞങ്ങൾ പണം കൊടുക്കാതെ നിങ്ങളുടെ ഹൃദയത്തിന്റെ ഉദാത്ത സാഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യാം, എന്നൊക്കെ പറയുന്ന കപടതയോളം മറ്റൊന്നുമില്ല. അങ്ങനെയെങ്കിൽ എഴുത്തുകാർക്ക് ജീവിക്കാനുള്ള പണം വായനക്കാർ നൽകുക... എഴുതി ജീവിക്കണോ അഭിനയിച്ചു ജീവിക്കണോ എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്.

പലപ്പോഴും സെലിബ്രിറ്റികളെക്കുറിച്ചുള്ള ഓൺലൈൻ വാർത്തകളുടെ താഴെ അവർക്ക് നേരെ വരുന്ന ഷെയിമിങ്ങും അനാവശ്യങ്ങളും ആക്ഷേപങ്ങളും കണ്ടിട്ടുള്ള ഒരാൾക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിനു നേരേയുണ്ടാകുന്ന ഫെയ്‌സ്ബുക് ആക്ഷേപങ്ങൾ മനസ്സിലാക്കാൻ എളുപ്പമുണ്ട്. ഇപ്പോഴും കവിത എഴുതിക്കൊണ്ടിരിക്കുന്ന ഒരാളോട് നിങ്ങളെന്താണ് കവിത എഴുതാത്തത് എന്ന ചോദ്യം എത്ര അപമാനകരമാണ് !

അഭിനയം ഇഷ്ടമുള്ള ഒരാളോട്, സിനിമ ജീവിതം ആയ ഒരാളോട്, ആ കപട ലോകത്തുനിന്ന് നിങ്ങൾ മടങ്ങി വരുമോ എന്ന ചോദ്യം നൽകുന്ന നിരാശയും അപമാനവും ചുള്ളിക്കാടിനു മാത്രമല്ല, സിനിമ എന്നത് ജീവിതം ആയി കൊണ്ട് നടക്കുന്ന പതിനായിരങ്ങൾക്ക് നേരെയുള്ള ആക്ഷേപം തന്നെയാണ്. അവിടെ ‘എനിക്ക് സൗകര്യമില്ല’ എന്നു പറഞ്ഞു ധാർഷ്ട്യം കാണിക്കുമ്പോൾ മാത്രം എങ്ങനെ അത് സ്വീകരിക്കുന്ന ആൾ മാത്രം അപമാനിതൻ എന്ന് പറയാൻ കഴിയും? മാനവും അപമാനവും സെലിബ്രിറ്റികൾക്കില്ല സാധാരണക്കാരൻ എന്നു കരുതുന്നവർക്കു മാത്രമാണുള്ളത് എന്ന നിലയിലുള്ള പ്രതികരണങ്ങൾ മനുഷ്യരെ മനസ്സിലാക്കാതെയുള്ളതാണെന്ന് പറയേണ്ടി വരും. 

രണ്ടു വർഷം മുൻപു നടന്ന ഒരു സാഹിത്യോത്സവത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രം എടുത്ത് ആഘോഷിക്കുന്ന സോഷ്യൽ മീഡിയയോട് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറുപടി ഏതായാലും ഇങ്ങനെയാണ്:

‘രണ്ടുകൊല്ലം മുമ്പ് സാഹിത്യോൽസവത്തിൽ ഒരാളോടു ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്. അതു ഞാൻ  സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.

സ്നേഹപൂർവ്വം

ബാലൻ.

അതെ, ഇങ്ങനെ തന്നെയാണ് എന്നും ചുള്ളിക്കാട് എന്ന എഴുത്തുകാരൻ സംസാരിച്ചിട്ടുള്ളത്. അവാർഡ് നിരസിച്ചതിന്റെ പേരിലും മതം മാറിയതിന്റെ പേരിലും സീരിയലിൽ അഭിനയിക്കുന്നതിന്റെ പേരിലും വ്യക്തമായ തന്റെ രാഷ്ട്രീയം പറഞ്ഞതിന്റെ പേരിലുമൊക്കെ അദ്ദേഹം നിരന്തരം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മുറിവേറ്റു കൊണ്ടിരിക്കുന്ന മനുഷ്യനേക്കാൾ ആ മുറിവിൽനിന്നു തെറിച്ചു വീണ രക്തത്തുള്ളികൾ മാത്രമാണ് പൊതുജനം കാണുന്നത്, ഉള്ളിലെ നിറഞ്ഞിരിക്കുന്ന രക്തപ്പുഴ അപ്രത്യക്ഷമാണ്. 

കവി സത്യസന്ധനാണോ എന്നുള്ളതൊന്നും വായനക്കാരെ ബാധിക്കേണ്ട കാര്യമല്ല, അയാളുടെ എഴുത്ത് മാത്രമാണ് മുഖ്യം. ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അവനവന്റെ ജീവിതം ആഘോഷിച്ച് ജീവിച്ചു തീർക്കുന്ന ഒരാളെ ഇത്തരത്തിൽ ചോദ്യങ്ങളാൽ അപമാനിച്ച് സാഹിത്യ വേദികളിൽ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന നിലപാടുകൾ മനുഷ്യർ ആവർത്തിക്കുക തന്നെ ചെയ്യും. സോഷ്യൽ മീഡിയയിലും പുറത്തും പലരുടെയും നിലപാടുകൾ തമ്മിൽ വലിയ വ്യത്യാസമില്ലല്ലോ. 

എഴുത്തുകാരും സിനിമാക്കാരും രാഷ്ട്രീയക്കാരും എല്ലാം മനുഷ്യർ തന്നെയാണ്. പൊതു സഭയിൽ ഇരിക്കുന്നു എന്നുവച്ച് അപമാനങ്ങൾ കൊണ്ട് വീർപ്പു മുട്ടേണ്ട കാര്യമില്ലാത്തവരുമാണ്. നിങ്ങൾ അവരോട് അവരുടെ സിനിമയിലെ നിങ്ങൾക്കിഷ്ടമല്ലാത്ത ഭാഗത്തെ കുറിച്ച് വിമർശിക്കാം, പുസ്തകത്തിലെ മോശമായ ഭാഗത്തെ ഉദ്ധരിച്ച് കൊല്ലാതെ കൊല്ലാം, എന്നാൽ കവിത എഴുതിക്കൊണ്ടിരിക്കുന്ന ഒരാളോട് കവിതയിലേക്കു മടങ്ങി വരൂ എന്ന് പറയാനാകില്ല, സിനിമ ജീവിതമായ ഒരാളോട് ‘സിനിമ എന്ന കപട ലോകത്തുനിന്ന് തിരികെ വരൂ’ എന്ന് പറയാനാകില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള വ്യക്തമായ ആക്ഷേപം തന്നെയാണ്. 

ഒരു കൂട്ടം ആളുകൾ നോക്കിയിരിക്കുമ്പോൾ നമ്മുടെ സൃഷ്ടികൾ വായിക്കാത്ത ഒരാൾ (പണ്ടെന്നോ മാത്രം വായിച്ച ഒരാൾ ) നമ്മുടെ സ്വകാര്യതയിൽ കയറി ഇടപെടുന്നതു പോലെ ഒരു ഉരിഞ്ഞു പോകൽ തോന്നി ചോദ്യകർത്താവിന്റെ ചോദ്യത്തിൽ. എന്നിട്ടും അദ്ദേഹം പറഞ്ഞ ‘സൗകര്യമില്ലായ്മ’ മാത്രമാണ് സംസാരിക്കപ്പെടുന്നത്. വല്ലാത്തൊരു സങ്കടത്തിൽ നിന്നാണ് ചുള്ളിക്കാടിൽനിന്ന് ആ മറുപടി വന്നതെന്ന് കരുതുന്നു. 

എത്രയോ കാലമായി അദ്ദേഹം നേരിടുന്ന ഏറ്റവും മോശം ചോദ്യമാണത്. പലയിടത്തും അദ്ദേഹം ഒഴിഞ്ഞു മാറിയിട്ടുണ്ടാവും, നിശബ്ദത പാലിച്ചിട്ടുണ്ടാവും അഭിനയത്തെ കുറിച്ച് ആക്ഷേപങ്ങൾ കെട്ടിട്ടുണ്ടാവും, ആ സങ്കടങ്ങളിൽ ധിക്കാരിയായി പോയ ഒരാളുടെ ഹൃദയം ചിതറിയ പോലെയാണ് ആ ‘സൗകര്യമില്ലായ്‌മ’യെ കേൾക്കേണ്ടത്. ഒരുകാലത്ത് പ്രക്ഷോഭം നിറഞ്ഞ ഹൃദയവുമായി ജീവിച്ച ഒരാൾക്ക് ഒടുവിൽ ഇപ്പോഴെങ്കിലും പൊട്ടിത്തെറിക്കാൻ ആയില്ലെങ്കിൽ പിന്നെ എപ്പോഴാണ്.

English Summary : Balachandran Chullikkad Controversial Question And Answer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;