ADVERTISEMENT

കഥയിലെ ഓണവും യുക്തിയിലെ ഓണവും രണ്ടാണ്. വിശ്വാസപ്രകാരം മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ എന്നീ അവതാരങ്ങൾ കഴിഞ്ഞാണു പരശുരാമാവതാരം. അപ്പോൾപ്പിന്നെ പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച കേരളത്തിൽ വാമനന് എങ്ങനെ വരാൻ കഴിയും?! വാമനാവതാര കാലത്തു കേരളമില്ലല്ലോ?! 

 

എന്നിട്ടും ഈ കഥയും ഈ വിശ്വാസവും ചേർത്തു നമ്മൾ ഓണം ആഘോഷിക്കുന്നതിനു കാരണം കേരളീയരുടെ, മലയാളികളുടെ സമത്വസിദ്ധാന്തമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലുമുണ്ട്, കാർഷികോത്സവങ്ങൾ. ഓണവും ഒരർഥത്തിൽ കാർഷികോത്സവം തന്നെ. പക്ഷേ, ഓണം വ്യത്യസ്തമാകുന്നതു സമത്വം എന്ന സിദ്ധാന്തത്തിലാണ്. സമത്വത്തിൽ അധിഷ്ഠിതമായ ലോകം എന്ന മലയാളികളുടെ സ്വപ്നമാണു തിരുവോണം. അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥതന്നെ ഒരു തിരുവോണ സങ്കൽപമായിരുന്നു. അതു പോയതോടെത്തന്നെ തിരുവോണത്തിന്റെ സങ്കൽപവും പോയി. 

 

ഒരുകാലത്തു കേരളത്തിന്റെ മലനാട് മുഴുവൻ വനമായിരുന്നു. മരങ്ങൾ വെട്ടി കൃഷിഭൂമിയാക്കുകയും കൃഷി ചെയ്യാൻ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടു കേരളത്തിൽ കാർഷികവ്യവസ്ഥ കൊണ്ടുവന്നതു പരശുരാമനാണെന്നു ഞാൻ വിശ്വസിക്കുന്നു. അതിന്റെ പ്രതീകമാണു മഴു. 

 

എല്ലാവരും തുല്യരായി വാഴുന്നതു സ്വപ്നം കാണുന്നവരുള്ള കേരളത്തിൽത്തന്നെ, ആ സിദ്ധാന്തം മുന്നോട്ടുവച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ രൂപംകൊണ്ടതു യാദൃച്ഛികമായിരിക്കില്ല. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സിദ്ധാന്തത്തിലൂടെ ആദർശത്തിന്റെ ഉഴുതുമറിക്കൽ നടത്തിയ ശ്രീനാരായണഗുരു സമത്വത്തിന്റെ വിത്തു വിതയ്ക്കാൻ മണ്ണു പാകമാക്കിക്കൊടുക്കുകയും ചെയ്തു. 

 

English Summary : Sreekumaran Thampi's writing on Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com