ADVERTISEMENT

ലോക്ഡൗണ്‍ കാലത്തെ അഭിനയത്തിന്റെയും തിരക്കിട്ട ജീവിതത്തിന്റെയും ഇടവേള സമര്‍ഥമായി ഉപയോഗിച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. താരങ്ങള്‍ അപ്രതീക്ഷിതമായി വീടുകള്‍ക്കുള്ളിലേക്കു പിന്‍വലിഞ്ഞപ്പോള്‍ എഴുതാനായിരുന്നു സെയ്ഫിന്റെ തീരുമാനം. അതും സ്വന്തം ജീവിതം. ഇപ്പോള്‍ 50 വയസ്സുള്ള നടന്‍ ഇതുവരെയുള്ള തന്റെ ജീവിതയാത്രയാണ് അക്ഷരങ്ങളില്‍ രേഖപ്പെടുത്തുന്നത്. എഴുത്ത് പൂര്‍ത്തിയായിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ഹാര്‍പര്‍ കോളിന്‍സ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ നടന്‍ എഴുതുന്നു എന്ന വാര്‍ത്ത തന്നെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

സിനിമാ ജീവിതം മാത്രമല്ല, വ്യക്തിജീവിതവും ആത്മകഥയില്‍ വിശദമായിത്തന്നെ എഴുതുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. അതും ഒരു മറയും ഇല്ലാതെ. കുടുംബം, വീട്, കരിയര്‍, ഉയര്‍ച്ച താഴ്ചകള്‍... ബോളിവുഡിന്റെ അണിയറക്കഥ കൂടിയായിരിക്കും സെയ്ഫ് എഴുതുന്നത്. 

‘ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചിരിക്കുന്നു. എന്നാല്‍, എഴുതിവച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടുപോകുമെന്ന് ഇപ്പോഴൊരു തോന്നല്‍. മനോഹരമാണ്, തിരിഞ്ഞുനോക്കുന്നത്. ആഹ്ലാദകരമാണ് ഓര്‍മിക്കുന്നത്. അവ എഴുതുന്നത് ആവേശകരവും’- സെയ്ഫ് പറയുന്നു. 

‘എഴുത്ത് എനിക്ക് വ്യക്തിപരമാണ്. എന്റെ സ്വാര്‍ഥമായ പരിശ്രമങ്ങള്‍, എന്നാല്‍ ഞാന്‍ ആസ്വദിക്കുന്നതുപോലെ വായനക്കാരും എന്റെ വാക്കുകള്‍ ആസ്വദിക്കുമെന്നാണ് പ്രതീക്ഷ’- സെയ്ഫ് ആത്മകഥയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സെയ്ഫ് ആത്മകഥയെഴുതുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചലനങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഏതാനും പേര്‍ നടനെ പരിഹസിച്ചെങ്കിലും കൂടുതല്‍ പേരും തങ്ങള്‍ ആത്മകഥയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്ന കമന്റുകളാണ് പോസ്റ്റ് ചെയ്തത്. 

താനും ഭാര്യ പ്രശസ്ത നടി കരീന കപൂറും രണ്ടാമത്തെ കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അടുത്തിടെ സെയ്ഫ് അറിയിച്ചിരുന്നു. ദമ്പതികളുടെ മകന്‍ തയ്മൂര്‍ അലി ഖാന് ഇപ്പോള്‍ മൂന്നുവയസ്സുണ്ട്.  ഹരിയാനയിലെ പ്രശസ്തമായ പട്ടൗഡി രാജകുടുംബത്തിലാണ് സെയ്ഫിന്റെ ജനനം. പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഗ്രാമത്തിലെ അവസാനത്തെ നവാബായിരുന്നു. രബീന്ദ്രനാഥ ടഗോറിന്റെ കുടുംബത്തില്‍ നിന്നുള്ള പ്രശസ്ത നടി ഷര്‍മിള ടഗോറാണ് സെയ്ഫിന്റെ അമ്മ. 

നടി അമൃത സിങ്ങുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ നടന്‍ 2012 ലാണ് കരീന കപൂറിനെ വിവാഹം കഴിക്കുന്നത്. അനുഭവങ്ങള്‍ ഒട്ടേറെയുള്ള സെയ്ഫിന്റെ ആത്മകഥ സമൃദ്ധമായ വായനയ്ക്കുള്ള വിഭവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Englsih Summary : Saif Ali Khan announces his autobiography

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com