ADVERTISEMENT

കുട്ടിക്കാലത്തെ ഓണം ആലപ്പുഴയിലും കാവാലത്തുമാണ്. താമസം ആലപ്പുഴയിലാണ്. അമ്മാവൻ കെ.പി. ശിവശങ്കരൻ നായരുടെ വീട്ടിൽ ഇഷ്ടം പോലെ പൂക്കളുണ്ട്. രാവിലെ രണ്ടു കിലോമീറ്റർ സൈക്കിൾ ചവിട്ടി അമ്മാവന്റെ പൂന്തോട്ടത്തിൽ നിന്നു പൂക്കൾ പറിക്കും.  വീട്ടിൽ വന്നു മനോഹരമായ പൂക്കളമിടും.  ഓണാവധി തുടങ്ങിയാൽ കാവാലത്തെ തറവാട്ടിലേക്കു പോകും. അവിടെ എത്തിയാൽ ഓണത്തിനു പുതിയ ഭാവവും പുതിയ താളവും കിട്ടും. 

അമ്മയുടെ സഹോദരി പാർവതിയെ വിവാഹം കഴിച്ചിരിക്കുന്നത് അച്ഛൻ കാവാലം നാരായണപ്പണിക്കരുടെ സഹോദരൻ രാമകൃഷ്ണപ്പണിക്കരാണ്. അവരുടെ വീട്ടിലാണ് ഓണക്കാലം. സമപ്രായക്കാർ ഇഷ്ടം പോലെ. രാപകൽ ആഘോഷം തന്നെ. ഒളിച്ചുകളിയാണ് പ്രധാന വിനോദം. തറവാട്ടിലും നാട്ടിൻപുറത്തും ഒളിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. തൊട്ടടുത്താണ് പൂക്കൈതയാർ. അച്ഛന്റെ കവിതകളിലെ പൂക്കൈതയാർ തന്നെ. ആ ദിവസങ്ങൾ ഞങ്ങളെ വേറിട്ടൊരു ലോകത്ത് എത്തിക്കും.

പൂപറിക്കാനും പൂക്കളമൊരുക്കാനും വൻ സംഘം കുട്ടികളാണുള്ളത്. അവിടത്തെ ഓണസദ്യയ്ക്ക് ഒരുമയുടെ സുഖമുണ്ട്. ഓണദിവസം മാളികയിൽ ചായ്പിലും മറ്റുമായി എല്ലാവരും ഒരുമിച്ചിരുന്നാണ് സദ്യ. നാടൻ വിഭവങ്ങളാണ് സദ്യയിൽ. ആ സ്വാദിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട്. തറവാട്ടിലെ പാചകക്കാർ പുരുഷന്മാരാണ്. എല്ലാവരും ഒരുമിച്ചിരുന്നു സദ്യ കഴിഞ്ഞാൽ ഒരുമിച്ചിരുന്നു വർത്തമാനം പറയും. ആകെ ഉത്സവത്തിന്റെ മട്ട്.

തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലേക്കു മാറിയതോടെ ഓണത്തിന്റെ സ്വഭാവത്തിനും മാറ്റം വന്നു. കുട്ടിക്കാലത്തെ ആഘോഷത്തിനു പകരം സംഗീത പരിപാടികളുടെ തിരക്കായി മാറി. ഓണം തിരക്കിലേക്കു മാറിയപ്പോൾ ഓർമകൾ ഗൃഹാതുരത നൽകുന്നു. തിരുവനന്തപുരത്തെ വീട്ടിൽ മകൾ ഗൗരി നല്ല പൂക്കളം നിർമിക്കും. അതു കാണുമ്പോൾ സന്തോഷം തോന്നും. നമ്മുടെ പൈതൃകം നഷ്ടപ്പെടുന്നില്ലല്ലോ എന്ന്.

English Summary : Onam memoir of Singer Kavalam Sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com