ചെറുനാഴി മാഹാത്മ്യം, അഥവാ ലൈഫ് ഈസ് ബ്യൂട്ടിഫുൾ !

thagangalil-column-jose-panachipuram
SHARE

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്ന സങ്കടം അയ്യപ്പപ്പണിക്കർ കവിതയിലാക്കിയപ്പോൾ ഭൂലോക കള്ളന്മാരെല്ലാം കാഷ്വൽ ലീവെടുത്ത് പാടിപ്പാടി ആഘോഷിച്ചുവെന്നാണു ചരിത്രം. കള്ളവും ചതിയുമില്ലാത്ത കാലത്തിന്റെ ചമയങ്ങളണിഞ്ഞ് മഹാബലിത്തമ്പുരാൻ പാതാളത്തിൽനിന്നു കേരളത്തിലേക്കു വരുന്ന ഈ ആഴ്ച അയ്യപ്പപ്പണിക്കരുടെ വരികൾ നാട്ടിൽ പൂക്കളമിടുകയാണ്. 

മാവേലിവരവു പ്രമാണിച്ച് ബഹുമാനപ്പെട്ട ജനകീയ സർക്കാർ ഓണക്കിറ്റെന്നു പേരിട്ടു വിതരണം ചെയ്യുന്ന പൊതിയിൽ കയ്യിട്ടത് കള്ളനാണോ, അതോ വെറും മോഷ്ടാവോ? ഓണക്കിറ്റിലെ ശർക്കര തൂക്കിനോക്കുമ്പോൾ 100 ഗ്രാം കുറവുണ്ടെങ്കിൽ നൂറിലെ രണ്ടു പൂജ്യങ്ങളുടെ ആനുകൂല്യം ചേർത്ത് ആലോചിച്ചാൽ അതിൽ കള്ളമുണ്ടോ? ചതിയുണ്ടോ? ഓണപ്പൊതിക്കായി 50 രൂപയ്ക്കു സപ്ലൈകോ സമാഹരിക്കുന്ന വസ്തുവിനു ബില്ലെഴുതുമ്പോൾ സർക്കാരിനെ കാണിക്കാൻ‌ ‘5’ന്റെ ഏതാണ്ട് അതേ അഴകളവുകളുള്ള 8 ചേർത്ത് 80 എന്നെഴുതണം എന്നു നിർദേശിക്കുന്ന ഉദ്യോഗസ്ഥൻ കള്ളനോ മോഷ്ടാവോ? 

കിറ്റിലുള്ളത് 500 രൂപയുടെ സാധനങ്ങളാണെന്നാണു കേട്ടുകേൾവിയെങ്കിലും ഒറ്റയ്ക്കൊറ്റയ്ക്കു വഴിയെഴുതി കൂട്ടുമ്പോൾ 500ൽ എത്തുന്നില്ലെങ്കിൽ പിഴച്ചത് കണക്കോ പൊതിയോ? 500 രൂപ, രൂപയായിട്ടു കിട്ടിയാൽ ഇതേ സാധനങ്ങൾ അയലത്തെ കടയിൽനിന്ന് അപ്പുക്കുട്ടന് 330 രൂപയ്ക്കു കിട്ടുമെങ്കിൽ 170 രൂപ ഓണസമ്മാനമായി ബാക്കിയുണ്ടാവേണ്ടതല്ലേ സർ?  

ചില പൊതികൾക്കുള്ളിൽ കാലിക്കൂടുകൾ കയറിക്കൂടാൻ ഏണി ചാരിയത് കള്ളനും മോഷ്ടാവുമല്ലെങ്കിൽ തസ്കരനായിരിക്കുമോ?

ലൈഫ് മിഷൻ പദ്ധതിയിൽ 20 കോടിയുടെ പദ്ധതിക്കു കരാർ കൊടുക്കുമ്പോൾ നാലേകാൽ കോടി ഇടനിലക്കാർക്കു കിട്ടുന്നതിന് നമ്മൾ മോഷണമെന്നോ കളവെന്നോ പറയാത്തത് മാവേലികാലം തൊട്ടുള്ള നമ്മുടെ മാന്യതകൊണ്ടാണ്. എത്ര മുഴുത്താലും കമ്മിഷനു തൊണ്ടിമുതലെന്ന് ഓമനപ്പേരുണ്ടാവുന്നില്ല. 

അപ്പോൾ, ഈ ഓണത്തിനും അയ്യപ്പപ്പണിക്കർ മഹാകവിയുടെ ചോദ്യം മാവേലിക്കൊപ്പം കയറിവരികയാണ്:

വെറുമൊരു മോഷ്ടാവിനെ കള്ളനെന്നു വിളിക്കാമോ? മാവേലിനാട്ടിൽപോലും കളവെന്നോ മോഷണമെന്നോ പറയാതെ കള്ളപ്പറ, ചെറുനാഴി തുടങ്ങിയ  അളവുതൂക്കപ്രധാനമായ പദങ്ങളാണ് പ്രചാരത്തിലുണ്ടായിരുന്നതെന്നു നമുക്കറിയാം. ഇപ്പോഴായാലും കള്ളപ്പറക്കാരൻ എന്നു വിളിക്കരുതെന്നേ കവി പറയൂ. എന്തുകൊണ്ടെന്നാൽ, ആ പറയിൽ കള്ളനുണ്ടല്ലോ.

അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഇത്തരം കള്ളന്മാരെ നമുക്കു ചെറുനാഴിക്കാരൻ എന്നോ ബഹുവചനത്തിൽ ചെറുനാഴിക്കാർ എന്നോ വിളിക്കാം. 

ചെറുതല്ലോ ചേതോഹരം എന്നു നാം പാടിപ്പഠിച്ചിട്ടുണ്ടല്ലോ.

ഇംഗ്ലിഷ് മീഡിയക്കാർ സ്മോൾ ഈസ് ബ്യൂട്ടിഫുൾ എന്നു പറയും. അവിടെനിന്നു കുറച്ചുകൂടിപ്പോയാൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ; കള്ളനും മോഷ്ടാവിനും. 

English Summary : Tharangalil Column by Jose Panachipuram - Free Onam grocery kit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;