കുട്ടിക്കാലത്തിന്റെ ഇരുണ്ട ചിത്രം വരച്ചിട്ട 29 കാരിയുടെ നോവലിന് ഇന്റർനാഷനൽ ബുക്കര്‍

Marieke Lucas Rijneveld, The Discomfort of the Evening : Photo credit : Instagram
മറീക ലൂകാസ് റൈനഫെൽഡ്,
SHARE

കുട്ടിക്കാലത്തിന്റെ ചിത്രം കോറിയിട്ട, നെതര്‍ലൻഡ്സില്‍ നിന്നുള്ള 29 കാരിയുടെ കന്നി നോവല്‍ ബ്രിട്ടിഷ് പുസ്തകാവലോകനക്കാരെ ഞെട്ടിച്ച് ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ സമ്മാനം നേടി. മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ സായാഹ്നത്തിന്റെ അസ്വസ്ഥത (The Discomfort of Evening ) എന്ന നോവലാണ് പുരസ്കാരം നേടിയത്.

വായിച്ചവരെ ഞെട്ടിക്കുക മാത്രമല്ല നോവല്‍ ചെയ്തത്, എഴുത്തുകാരിയുടെ കഴിവില്‍ മതിപ്പു തോന്നിപ്പിക്കുകയും ചെയ്തു. ‘സായാഹ്നത്തിന്റെ അസ്വസ്ഥത’ റിവ്യൂ ചെയ്തവരില്‍ പലരും ഒരേ സമയം അമ്പരക്കുകയും അസ്വസ്ഥരാകുകയുമായിരുന്നുവെന്ന് കാണാം. ഭക്തിനിര്‍ഭരമായ ക്രിസ്ത്യന്‍ ജീവിതം നയിച്ചുവന്ന കുടുംബത്തിലെ പെണ്‍കുട്ടിയായ ജാസ് ആണ് നായിക. തന്റെ മുയലിനു പകരം തന്റെ സഹോദരന്‍ മരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും അതിനു ശേഷം ജാസിന്റെ സഹോദരന്‍ ഒരു അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ദുഃഖത്തിലേക്കു വീഴുന്ന കുടുംബം ശിഥിലമാകുന്നു. ജാസോ, കൂടുതല്‍ അപകടകരമായ മനോരാജ്യങ്ങളില്‍ മുഴുകുന്നു.

തന്റെ നായികയായ ജാസിനെ പോലെ വിട്ടുവീഴ്ചയില്ലാത്ത മതബോധമുള്ള കുടുംബത്തിലായിരുന്നു എഴുത്തുകാരി മറീകയും വളര്‍ന്നത്. നെതര്‍ലൻഡ്സിലെ ഗ്രാമീണ ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന മറീകയുടെ പത്തു വയസ്സുകാരന്‍ സഹോദരനും കൊല്ലപ്പെടുന്നുണ്ട്. നെതര്‍ലൻഡ്സിലും അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ മറീക, ഇപ്പോഴും തന്റെ മാതാപിതാക്കളുടേതല്ലാത്ത ഒരു ഗോശാലയില്‍ ജോലിചെയ്യുന്നു എന്നതും വളരെ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. ‘തന്നെ നില നിർത്തുന്നത് ഗോശാലയാണ്. പശുക്കളാണ് തന്റെ പ്രിയ സുഹൃത്തുക്കള്‍; അവരുടെ തൊഴുത്ത് വൃത്തിയാക്കുന്നതും ചാണകം കോരിക്കളയുന്നതും തനിക്ക് ഇഷ്ടമാണ്’– മറീക ഈ വര്‍ഷം ആദ്യം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ബുക്കര്‍ സമ്മാനം വാങ്ങിയ മറീക പ്രതികരിച്ചത്, ‘ഏഴകിടുകളുള്ള ഒരു പശുവിനെ പോലെ താന്‍ അഭിമാനിക്കുന്നു എന്നു മാത്രമേ തനിക്കു പറയാനുള്ളൂ' എന്നാണ്. ബുക്കര്‍ സമ്മാനം ഒരു ബഹുമതിയാണെന്നും മറീക പ്രതികരിച്ചു. നോവലെഴുതുന്ന സമയത്ത് തന്റെ എഴുത്തു മേശക്കു മുകളില്‍ 'ഒരു ദയയുമില്ലാത്തവളായിരിക്കണം' (be relentless) എന്ന് എഴുതിവച്ചിരുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ മറീക പറഞ്ഞു.

ഇന്നു ലോകം തലകീഴായി മറിഞ്ഞിരിക്കുന്നു. അത് അതിന്റെ ഇരുണ്ട സ്വഭാവം വെളിപ്പെടുത്തുന്നു. താന്‍ ഡെസ്‌കിനു മുകളില്‍ എഴുതി വച്ചിരക്കുന്ന വാക്കുകള്‍ ഇടയ്ക്കിടയ്ക്ക് ഓർമിക്കും. അതിനാല്‍, താന്‍ വായിക്കുന്നു, വിജയിക്കുന്നു, പരാജയപ്പെടുന്നു, പരസ്പരം സ്‌നേഹിക്കുന്നു, എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നടത്തുന്നുമില്ല. തന്റെ പുസ്തകം 2018 ല്‍ ഡച്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ചതാണെങ്കിലും അത് തന്റെ മാതാപിതാക്കള്‍ ഇതുവരെ വായിച്ചിട്ടില്ലെന്നും എഴുത്തുകാരി വെളിപ്പെടുത്തി. ഒരു ദിവസം ഈ പുസ്തകം തന്റെ മാതാപിതാക്കള്‍ വായിക്കുമെന്നും അതില്‍ അഭിമാനംകൊള്ളുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായി മറീക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് അവരെക്കുറിച്ചല്ലെന്ന് അവര്‍ മനസ്സിലാക്കും– നോവലിസ്റ്റ് പറഞ്ഞു. 

ഒരു പെണ്ണോ ആണോ അല്ല, അതിനിടയ്‌ക്കെവിടെയോ ആണ് താനെന്നാണ് മറീക പറയുന്നത്. കുട്ടിക്കാലത്ത് താനൊരു ആണ്‍കുട്ടിയാണെന്നാണ് തോന്നിയിരുന്നത്. അന്ന് ആണ്‍കുട്ടിയെ പോലെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു. ആ പ്രായത്തില്‍ കുട്ടികള്‍ക്ക് ലിംഗഭേദമില്ല. എന്നാല്‍, കൗമാരത്തിലേക്കു കടന്നപ്പോള്‍ വേര്‍തിരിവ് വ്യക്തമായി. താന്‍ ഒരു പെണ്‍കുട്ടിയെ പോലെ വേഷം ധരിച്ച് ഒരു പെണ്‍കുട്ടിയായി. എന്നാല്‍ 20 വയസ്സില്‍ തിരിച്ച് പ്രൈമറി സ്‌കൂള്‍ തലത്തിലേതു പോലെ ആണ്‍കുട്ടിയായി. എന്നാല്‍, തന്റെ മാതാപിതാക്കള്‍ക്ക് അവര്‍ വളര്‍ത്തിയ പെണ്‍കുട്ടിയല്ല താന്‍ എന്ന കാര്യം മനസ്സിലാക്കാനായില്ല. അത് ബൈബിളിലില്ലായിരുന്നു– മറീക പറഞ്ഞു. 

ഇന്റര്‍നാഷനല്‍ ബുക്കര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടെഡ് ഹോജ്കിന്‍സണ്‍ പറയുന്നത് ഈ വര്‍ഷത്തെ ആറു പുസ്തകങ്ങളില്‍നിന്ന് വിജയിയെ തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു എന്നാണ്. എന്നാല്‍, മറീകയുടെ നോവലിന്റെ കാര്യത്തില്‍ വിധികർത്താക്കൾ ഏകാഭിപ്രായമുള്ളവരായിരുന്നുവെന്നും പറഞ്ഞു. യുക്തിക്കു നിരക്കാത്തതെന്നു തോന്നിപ്പിക്കുന്നുവെങ്കിലും കലാനിപുണത തുടിച്ചു നില്‍ക്കുന്ന കൃതിയാണ് സായാഹ്നത്തിന്റെ അസ്വസ്ഥത എന്നു നിരീക്ഷിക്കപ്പെടുന്നു.

മൊത്തം 30 ഭാഷകളില്‍ നിന്നായി 124 നോവലുകള്‍ അവാര്‍ഡ് കമ്മിറ്റിക്കു മുമ്പില്‍ എത്തിയിരുന്നു. നോവല്‍ ഞെട്ടിക്കുന്നതായിരുന്നു. ജീവിതത്തിലെ വളരെ വിഷമംപിടിച്ച ചില വശങ്ങളാണ് പുസ്തകം കൈകാര്യം ചെയ്യുന്നത്– സഹോദരന്റെ പെട്ടെന്നുള്ള മരണം, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍, മതപരമായ പശ്ചാത്തലത്തില്‍ വളരുന്നതിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം നെതിര്‍ലൻഡ്സിലെ ഒരു ഗോശാലയെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയാണ്. ഈ ഗോശാല ഒരു കുട്ടിക്ക് വളരെ വിഷമംപിടിച്ച ഇടമായിരിക്കുമെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങളിലേക്കു ചൂഴ്ന്നിറങ്ങുന്ന കണ്ണുകളുമായാണ് നായിക തന്റെ ജീവിതം നയിക്കുന്നത്. കാവ്യാത്മകമാണ് പല സാഹചര്യങ്ങളും സമീപനങ്ങളും. ദൈനംദിന ജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണ കാര്യങ്ങളെ അസാധാരണ കാര്യങ്ങളാക്കി പൊലിപ്പിച്ചുയര്‍ത്തിയുള്ള മറീകയുടെ പ്രകടനങ്ങളും പ്രശംസിക്കപ്പെടുന്നു. നില തെറ്റിക്കുന്ന ചില സാഹചര്യങ്ങളിലൂടെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണീ പുസ്തകം. എന്നാല്‍, അത് ലോകത്തെ വേറൊരു കണ്ണിലൂടെ കാണാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. അതിന് നമ്മള്‍ കടന്നു പോകുന്ന വിഷമംപിടിച്ച കാലഘട്ടത്തില്‍ വളരെ പ്രാധാന്യമുണ്ട്. 

ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും മികച്ച കഥ, നോവല്‍ വിഭാഗങ്ങളില്‍ പെടുന്ന കൃതിക്കു നല്‍കുന്നതാണ് ഇന്റര്‍നാഷനല്‍ ബുക്കര്‍ സമ്മാനം. 

English Summary : 29-Year-Old Marieke Lucas Rijneveld Becomes Youngest Author to Win International Booker Prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;