അറംപറ്റിയ ആഗ്രഹം, സ്കൂളിലെ പരിഹാസം, കന്നിനോവലിന് ബുക്കർ പുരസ്കാരം; മറീകയുടെ അസാധാരണ ജീവിതം

SHARE

ലോകസാഹിത്യത്തിന് ഒരു പുതിയ എഴുത്തുകാരിയെക്കൂടി സമ്മാനിച്ച് വീണ്ടും ഇന്റർനാഷനൽ ബുക്കര്‍ പുരസ്കാരം. ഡച്ച് എഴുത്തുകാരി മറീക ലൂകാസ് റൈനഫെൽഡ്  ആണ് ഇത്തവണത്തെ പുരസ്കാര ജേതാവ്. പുസ്തകം ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’. ഡച്ച് ഭാഷയില്‍ നിന്ന് ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത് മൈക്കിള്‍ ഹച്ചിന്‍സന്‍. 

ആണ്‍കുട്ടിയുടെ ഛായയുള്ളതിനാല്‍ സ്കൂളില്‍ പരിഹാസവും കളിയാക്കലും നേരിട്ടപ്പോഴാണ് റൈനഫെൽഡ് തന്റെ പേരിനൊപ്പം ലൂകാസ് എന്നു ചേര്‍ക്കുന്നത്. അതുമുതല്‍ ആണായും പെണ്ണായും അറിയപ്പെടുന്ന അവര്‍ ഞാന്‍ എന്നതിനുപകരം ഞങ്ങള്‍ എന്ന വാക്കാണ് തന്നെക്കുറിച്ചു പറയാന്‍ ഉപയോഗിക്കുന്നത്. അവള്‍ എന്നും അവന്‍ എന്നും പറയാതെ അവര്‍ എന്നും. അധ്യാപികയാകാന്‍ വേണ്ടി പഠിച്ചെങ്കിലും പാതിവഴിയില്‍ പഠനം അവസാനിപ്പിച്ച് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 

പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന നോവല്‍ ദുഃഖത്തെക്കുറിച്ചാണ്; മരണത്തെക്കുറിച്ചും. മരണം വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിക്കുന്ന വിള്ളലുകളാണ് റൈനഫെൽഡിന്റെ കന്നി നോവലിന്റെ പ്രമേയം. 

ഒരു കുടുംബത്തില്‍ അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ രണ്ടു സാധ്യതകളാണുള്ളത്. അസഹനീയ ദുഃഖത്തിന്റെ ഫലമായി കുടുംബാംഗങ്ങള്‍ കൂടുതല്‍ അടുക്കും. അതുവരെയില്ലാത്ത സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും സാന്ത്വന തീരം അവര്‍ കണ്ടെത്തും. കടുത്ത ദുഃഖത്തിന്റെ കടലിനെ മറികടക്കാന്‍ പുതുതായി കണ്ടെത്തുന്ന സ്നേഹത്തിന്റെ തുഴ സ്വീകരിക്കും. മറ്റൊന്ന് കുടുംബം അകലുക  എന്നതാണ്. അതുവരെയുണ്ടായിരുന്ന സ്നേഹത്തിന്റെ ദ്വീപില്‍ നിന്നകന്ന് കുടുംബാംഗങ്ങള്‍ അവരുടേതായ തുരുത്തുകളിലേക്ക് ഒറ്റപ്പെടുക. അവര്‍ക്കിടെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അകല്‍ച്ചയുടെയും കടലാഴങ്ങള്‍ സൃഷ്ടിക്കപ്പെടുക. റൈനഫെൽഡിന്റെ ജീവിതത്തില്‍ യാഥാര്‍ഥ്യമായത് രണ്ടാമത്തെ സാധ്യത. അകാലത്തില്‍ അപ്രതീക്ഷിതമായി സഹോദരനെ നഷ്ടപ്പെട്ട കടുത്ത വേദനയില്‍ നിന്നാണ് ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ് പിറവിയെടുക്കുന്നത്. 

പൂര്‍ണമായും ആത്മകഥാപരമായ കഥാതന്തുവില്‍ നിന്ന് ദുഃഖത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളിലേക്ക് നോവല്‍ കടക്കുന്നു. ജാസ് എന്നാണ് നോവലിലെ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടിയുടെ പേര്. ഒരു വൈകുന്നേരം സഹോദരന്‍ ഐസ് സ്കേറ്റിങ്ങിനു പോകുമ്പോള്‍ ജാസും കൂടെപ്പോകാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ ജാസിന് വീട്ടില്‍നിന്ന് യാത്രയ്ക്കുള്ള അനുവാദം ലഭിക്കുന്നില്ല. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍, തന്നെ കൂടെക്കൂട്ടാതിരുന്ന സഹോദരന്‍ മരിച്ചുപോകട്ടെ എന്നവള്‍ ആശിക്കുന്നു. ആ ആഗ്രഹം യാഥാര്‍ഥ്യമാകുന്നതോടെ കുടുംബത്തില്‍ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളാണ് നോവലിന്റെ പ്രമേയം. 

മുന്‍പ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ എത്തിയ ‘നാര്‍ക്കോപോളിസ്’ എന്ന നോവല്‍ എഴുതിയ ഇന്ത്യക്കാരന്‍ ജീത് തയ്യില്‍ ഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കളാണ് ഇത്തവണത്തെ പുരസ്കാരം ജേതാവിനെ തിരഞ്ഞെടുത്തത്. സ്വന്തം രാജ്യത്ത് കവിയായി അറിയപ്പെടുന്ന റൈനഫെൽഡ് നോവലിസ്റ്റായി അംഗീകാരം നേടുന്ന നാളുകളാണ് ഇനി. 29 വയസ്സ് മാത്രമുള്ള റൈനഫെൽഡ് നെതര്‍ലന്‍ഡ്സില്‍നിന്ന് ആദ്യമായി ബുക്കര്‍ പുരസ്കാരം നേടുന്ന എഴുത്തുകാരിയാണ്. 

നെതര്‍ലന്‍ഡ്സിലെ സാധാരണ കുടുംബത്തില്‍ ജനിച്ച റൈനഫെൽഡിനു മൂന്നു വയസ്സുള്ളപ്പോഴാണ് സഹോദരന്‍ മരിക്കുന്നത്. ബാല്യകാലം മുതല്‍ പിന്‍തുടരുന്ന ദുഃഖത്തില്‍ നിന്നാണ് ആറുവര്‍ഷത്തോ ളമെടുത്ത് കന്നിനോവല്‍ എഴുതുന്നത്. ‘ഒരു വൈകുന്നേരത്തിന്റെ അസ്വസ്ഥതകള്‍’ ഇനി ലോകസാഹിത്യത്തിനു സ്വന്തം. 

English Summary : Unusual Life Story Of Marieke Lucas Rijnevelds International Booker Prize Winner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;