ADVERTISEMENT

രുചികളുടെ ജീവിതത്തിലേക്ക് എത്തുന്നതിനു മുൻപ് എല്ലാ വഴികളും അടഞ്ഞു എന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. തിരിച്ചടികൾ മാത്രമുള്ള കാലം. ഒരുപാട് നടന്നു. ഇരുളാണു മുന്നിലെന്നു തോന്നി. 

 

ഏതോ ഒരു കടയിൽ തൂക്കിയിട്ട ആഴ്ചപ്പതിപ്പ് വാങ്ങി മറിച്ചുനോക്കി. അതിൽ എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവലിന്റെ ആദ്യഭാഗം. ‘അന്ന് കടലിന് കറുത്ത നിറമായിരുന്നു.....’ എന്നുതുടക്കം. യാത്ര എന്ന അധ്യായം രണ്ടു മൂന്നു വട്ടം വായിച്ചു. ഇത് വായിച്ചു തീർക്കാതെ ലോകത്തുനിന്ന് മടങ്ങിയാൽ അതൊരു നഷ്ടമാകുമെന്ന് മനസ്സ് പറഞ്ഞു. 51 ലക്കം വരെ നോവലിനൊപ്പം യാത്ര പോകവേ മറ്റെല്ലാം മറന്ന് പുതിയൊരിടത്തേക്കു പോകാനുറച്ചു.

 

എന്റെ ഓണം ഓർമകളിൽ എംടിയുടെ സാന്നിധ്യവും ഉണ്ട്. ഏതാനും വർഷം മുൻപ് കുവൈത്ത് എൻഎസ്എസ് നടത്തിയ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോയി. നൂറുകണക്കിനു പേർക്കു വിഭവസമൃദ്ധമായ സദ്യ. ജോലികളെല്ലാം തീർത്തപ്പോൾ സംഘാടകർ നൽകിയ ആദരത്തിന്റെ ഒപ്പം അതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം ഡബിൾ മുണ്ട് കൂടിയുണ്ടായിരുന്നു. 

 

വെള്ളിക്കസവണിഞ്ഞ ഡബിൾ മുണ്ട്. ഇങ്ങനെയൊരു മുണ്ട് ഞാൻ ആദ്യമായി കാണുകയാണ്. എന്തായാലും കിട്ടിയപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. ഇത് ഉടുക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല.

നാട്ടിലെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോട് സംസ്ഥാന സ്കൂൾ യുവജനോത്സവം. 2015ൽ ആയിരുന്നു അത്. കോഴിക്കോട് ചെന്നാൽ എംടിയെ കാണണം. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. 

 

അന്ന് യുവജനോത്സവം നടക്കുന്ന മലബാർ ക്രിസ്ത്യൻ കോളജിൽ എംടി എത്തി. എഴുത്തിലൂടെ ജീവനും ജീവിതവും പകർന്നു നൽകിയ മഹാപ്രതിഭയാണ് മുന്നിൽ നിൽക്കുന്നത്. ജീവിതാനന്ദം പകർന്ന വിരലുകളിൽ മുത്തമിട്ടു. എനിക്കു കിട്ടിയ ആ അപൂർവ സമ്മാനം, കൈയിൽ കരുതിയ ഡബിൾ മുണ്ട് ആദരത്തോടെ നൽകി ആ പാദങ്ങളിൽ നമസ്കരിച്ചു, തിരിച്ച് ആശീർവദിക്കാൻ അദ്ദേഹം കരുതിയത് രണ്ടാമൂഴത്തിന്റെ പതിപ്പ്. ‘ഏറെ പ്രിയപ്പെട്ട പഴയിടത്ത് മോഹനൻ നമ്പൂതിരിക്ക്’ എന്നെഴുതി എംടി ഒപ്പുവച്ച ആ ജീവഗ്രന്ഥം പഴയിടത്തു മനയിൽ ഇന്നും സുരക്ഷിതം. 

 

നീണ്ട ഇടവേളയ്ക്കു ശേഷം ഇത്തവണ ഓണത്തിനു നാട്ടിലുണ്ട്. മാസങ്ങൾക്കു ശേഷം പഴയിടത്തു മനയിലെ അടുക്കള ഉണർന്നു. കോവിഡ് കാലത്തും ഓണത്തിന്റെ തിരക്കുകൾ. പുതിയൊരു ലോകം എത്തുമെന്ന പ്രതീക്ഷ.

 

English Summary : Pazhayidom Mohanan Namboothiri's Onam Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com