ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചുള്ള വിവാദ പരാമർശം; പുരസ്കാരം തിരിച്ചുകൊടുക്കാനൊരുങ്ങി ജെ.കെ.റൗളിങ്

Writer  JK Rowling
ജെ.കെ.റൗളിങ്
SHARE

പ്രശസ്തിയാലും പുരസ്കാരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ.റൗളിങ് പുരസ്കാരം തിരിച്ചുകൊടുക്കുന്നു. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായാണിത്. കെന്നഡി കുടുംബവുമായി അടുപ്പമുള്ള ഒരു മനുഷ്യാവകാശ ഗ്രൂപ്പ് സമ്മാനിച്ച പുരസ്കാരമാണ് റൗളിങ് ഇപ്പോള്‍ മടക്കിനല്‍കുന്നത്. റോബര്‍ട്ട് എഫ്. കെന്നഡി മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റ് കെറി കെന്നഡിയുടെ പരാമര്‍ശമാണ് കടുത്ത തീരുമാനമെടുക്കാന്‍ റൗളിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. 

ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് താന്‍ മോശമായി സംസാരിച്ചെന്നും അവര്‍ക്ക് എതിരാണെന്നും സൂചിപ്പിച്ചുകൊണ്ടുള്ള കെറിയുടെ പ്രസ്താവന കണ്ടതായി റൗളിങ് വെബ്സൈറ്റില്‍ കുറിച്ചതിനു പിന്നാലെയാണ് പുരസ്കാരം മടക്കിനല്‍കുന്ന പ്രഖ്യാപനം വന്നത്. 

‘ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതില്‍ എനിക്ക് ഒരു വിഷമവവുമില്ല. അവര്‍ക്കുവേണ്ടിയുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഞാന്‍ അവര്‍ക്ക് എതിരാണെന്നു വരുത്താനുള്ള എല്ലാ ശ്രമങ്ങളും ഹീനമാണ്. എന്റെ പ്രസ്താവനകള്‍ ഒരിക്കലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായി വഴിതിരിച്ചുവിടരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു’- വെബ്സൈറ്റില്‍ എഴുതിയ വിശദീകരണത്തില്‍ റൗളിങ് വ്യക്തമാക്കി. 

ജൂണില്‍ തുടര്‍ച്ചയായി നടത്തിയ ട്വീറ്റുകളെത്തുടര്‍ന്നാണ് റൗളിങ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് എതിരാണെന്ന ധാരണ ശക്തിപ്പെട്ടത്. താന്‍ ട്രാന്‍സ്ജെന്‍ഡറുകളെ അനുകൂലിക്കുന്നുണ്ടെങ്കിലും ജൈവപരമായ ലൈംഗികതയ്ക്കൊപ്പമാണെന്ന് അവര്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ എന്ന പ്രത്യേക വിഭാഗത്തിന്റെ തനിമ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ലോകവ്യാപകമായി വിവാദത്തിനു കാരണമായത്. 

കഴിഞ്ഞ ഡിസംബറിലാണ് റിപ്പിള്‍ ഓഫ് ലോറിയറ്റ് പുരസ്കാരത്തിന് റൗളിങ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പിന്നീട് അവര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുകയും ഹാരി പോട്ടര്‍ സിരീസ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ച നടീനടന്‍മാര്‍ ഉള്‍പ്പെടെ റൗളിങ്ങിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. തുടര്‍ന്നാണ് കെറി കെന്നഡിയും തന്റെ നിലപാട് വ്യക്തമാക്കി മുന്നോട്ടുവന്നത്. തങ്ങളുടെ സംഘടന അനകൂലിക്കുന്ന മനുഷ്യാവകാശങ്ങള്‍ക്കെല്ലാം എതിരാണ് റൗളിങ് നടത്തിയ പ്രസ്താവനയെന്നും കെറി വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ റൗളിങ് തനിക്ക് ലഭിച്ച പുരസ്കാരം തിരിച്ചുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

English Summary : JK Rowling returns award from group linked to Kennedy family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;