അശുദ്ധമായ വഴികളിൽ നടക്കുമ്പോഴും വിശുദ്ധിയോടെ ജീവിക്കാൻ ചെയ്യേണ്ടത്; ആരാണ് വിശുദ്ധർ

Subhadinam
SHARE

ഒരാൾ പുണ്യതീർഥത്തിൽ സ്നാനം ചെയ്തു മോക്ഷപ്രാപ്തി നേടാൻ തിടുക്കത്തിൽ യാത്ര ചെയ്യുകയാണ്. വഴിയിൽ വച്ച് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വള്ളി പൊട്ടി. അടുത്തുണ്ടായിരുന്ന ചെരിപ്പുകുത്തിയെ സമീപിച്ചു. ചെരിപ്പുകുത്തി അതീവശ്രദ്ധയോടെ തന്റെ ജോലി തുടരുന്നതിനിടെ തീർഥാടകൻ കുറച്ചു പരിഹാസത്തോടെ ചോദിച്ചു: പുണ്യതീർഥത്തിൽ സ്നാനം ചെയ്തിട്ടുണ്ടോ? ചെരിപ്പുകുത്തി ചെറുപുഞ്ചിരിയോടെ തന്റെ മുന്നിലിരിക്കുന്ന മരപ്പാത്രത്തിലെ വെള്ളം ചൂണ്ടിക്കാണിച്ചു പറഞ്ഞു: മനസ്സു ശുദ്ധമാണെങ്കിൽ ഈ മരപ്പാത്രത്തിലും പുണ്യതീർഥമുണ്ട്.

വിശുദ്ധി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയല്ല. ഒരുതവണ നടത്തുന്ന തീർഥാടനം കൊണ്ടോ അനുഷ്ഠാനം കൊണ്ടോ ആജീവനാന്ത വിശുദ്ധി കൈവരില്ല. ദൈനംദിന ജീവിതത്തിലെ സകല കർമങ്ങൾക്കിടയിലും അഴുക്കു പുരളാനുള്ള സാധ്യതയുള്ളതുകൊണ്ട് അനുദിനസ്നാനം തന്നെയാണ് അദ്ഭുതസ്നാനങ്ങളെക്കാൾ പ്രസക്തം.

കർമനിരതരാകുന്നവർക്കു കാലടികൾ വിശുദ്ധമാക്കിയേ മതിയാകൂ. അഴുക്കുചാലുകളിലൂടെ നടക്കില്ല എന്നവർക്കു വാശി പിടിക്കാനാവില്ല. വിശുദ്ധമായ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നവരെ വിളിക്കുന്ന പേരല്ല വിശുദ്ധർ. എത്ര അശുദ്ധമായ വഴികളിലൂടെ നടക്കുമ്പോഴും സ്വന്തം വിശുദ്ധി നഷ്ടപ്പെടുത്താത്തവരെ വിളിക്കുന്ന പേരാണത്.

വിശുദ്ധസ്ഥലങ്ങൾ തേടി നടക്കുന്നതിനെക്കാൾ പ്രധാനമാണ് നിൽക്കുന്ന സ്ഥലം വിശുദ്ധമാക്കാനുള്ള ശ്രമം. ജീവിക്കുന്ന ആളുകളുടെ വിശുദ്ധിയാണ് ഓരോ ഇടത്തെയും വിശുദ്ധമാക്കുന്നത്. പുണ്യസ്ഥലങ്ങളും പുണ്യകർമങ്ങളും എന്നു വേർതിരിച്ചു കാണുന്നതിനു പകരം, ഇടപഴകുന്ന എല്ലാ സ്ഥലങ്ങളും പുണ്യസ്ഥലങ്ങളായും ചെയ്യുന്ന എല്ലാ കർമങ്ങളും പുണ്യകർമങ്ങളായും മാറ്റാൻ കഴിഞ്ഞാൽ അന്തരീക്ഷവും ആവാസവ്യവസ്ഥയും വിശുദ്ധമാകും.

വേഷവിധാനങ്ങൾക്കോ പ്രത്യക്ഷ ഭാവങ്ങൾക്കോ വിശുദ്ധിയുമായി ഒരു ബന്ധവുമില്ല. ലളിതമാകാനും ചെറുതാകാനും കഴിയുന്നിടത്താണു വിശുദ്ധി ആരംഭിക്കുന്നത്. 

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;