പ്രണയം, ഭരണകൂടം, ജീവിതം; ഓണക്കാലത്തെ മുകുന്ദൻ കഥകൾ

Writer M. Mukundan
എം. മുകുന്ദൻ
SHARE

അപ്പോഴും ശ്രീഭാനു, താടിയും മുടിയും നീട്ടിയ ചിത്രകാരനായും, കഴുത്തിൽ സ്റ്റെതസ്കോപ്പണിഞ്ഞ് കയ്യിൽ ബ്രീഫ്കെയ്സ് പിടിച്ച ഡോക്ടറായും, മഞ്ഞും വെയിലുമില്ലെങ്കിലും തലയിൽ തൊപ്പിവച്ച സിനിമാ സംവിധായകനായും നെറ്റിയിലും നെഞ്ചിലും കളഭം പൂശിയ കുടുമവച്ച നാട്ടുവൈദ്യനായും, മുടിയും മീശയും കറുപ്പിച്ച് കഞ്ഞിപ്പശയിൽ മുക്കി ഉണക്കി തേച്ച ഖദർഷർട്ടും മുണ്ടും ധരിച്ച കോൺഗ്രസ് നേതാവായും സഫാരി സൂട്ട് ധരിച്ച ലയൺസ് ക്ലബ് പ്രസിഡന്റായും അങ്ങനെ പല പല വേഷങ്ങളിൽ പതിവായി നിന്നെ സന്ദർശിച്ചു. 

ഒരിക്കൽ ഒരു ചെത്തുകാരനായിപ്പോലും അയാൾ നിനക്കരികിലണഞ്ഞു. നൂറുഹൃദയങ്ങൾ കൊണ്ടുള്ള അയാളുടെ പ്രണയത്തെ നിനക്കു തിരസ്കരിക്കാൻ കഴിഞ്ഞില്ല. നിന്റെ നവവരനാകട്ടെ, നിന്റെ കണ്ണുവെട്ടിച്ച് ഇടയ്ക്കിടെ ശുചിമുറിയിൽ കയറി, വാതിലടച്ചും ടെറസിന്മേൽ ചെന്നുനിന്നും അടക്കിപ്പിടിച്ച സ്വരത്തിൽ മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ അയാൾ ഫോണിൽ ഉമ്മ വയ്ക്കുന്നതും നീ കണ്ടു. 

(പ്രണയം 2019) 

ചെറിയൊരു ഇടവേളയ്ക്കു ശേഷം എം.മുകുന്ദൻ ശക്തമായ രണ്ടു കഥകളുമായി മലയാളികളെ വിസ്മയിപ്പിക്കാനെത്തിയിരിക്കുകയാണ്. മലയാളികൾക്കുള്ള ഓണ സമ്മാനം. ‘പ്രണയം 2019’ ‘മൈഥിലിയും കല്യാണിയും’. 

പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്തമാണ് ഇരുകഥകളും. കാലം മനുഷ്യരിൽ മാറ്റം വരുത്തുമ്പോൾ പ്രണയത്തിനു വരുന്ന മാറ്റമാണ് ആദ്യകഥയിൽ പരാമർശിക്കുന്നത്. ആരെയും മാവോയിസ്റ്റാക്കുന്ന ഭരണകൂടത്തിന്റെ വർത്തമാനകാല ഇടപെടലുകളാണ് ‘മൈഥിലിയും കല്യാണിയും’ എന്ന കഥ. ‌‌കഥയെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു. 

‘‘ഞാൻ വിദേശകഥകളെ സ്ഥിരമായി ഫോളോ ചെയ്യുന്ന ആളാണ്. നമ്മൾ മലയാളികൾ എഴുതുന്നതു പോലെ ആരും പരത്തിപ്പരത്തി എഴുതില്ല. അതുപോലെ ആവശ്യമില്ലാത്ത ആഖ്യാനവും ഇല്ല. ലോകത്ത് ഒരിടത്തും ഇങ്ങനെ ആളുകൾ കഥയെഴുതുന്നില്ല. ചെറുകഥ എന്നല്ലേ പറയുന്നത്, അപ്പോൾ ആറ്റിക്കുറുക്കി വേണം. കൂടുതൽ പറയാനുണ്ടെങ്കിൽ നോവലോ നോവലെറ്റോ എഴുതാം. അതിലാണു ഞാൻ ശ്രദ്ധ കൊടുക്കുന്നത്. 

കൊറോണ തുടങ്ങിയതിനു ശേഷം എഴുതിയിട്ടേയില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലാ യിരുന്നു. കുറച്ചുകഴിഞ്ഞതോടെ നമ്മൾ അതുമായി മാനസികമായി ഒത്തുചേർന്നു. അങ്ങനെയാണ് ഈ രണ്ടു കഥകളും എഴുതുന്നത്. പല തലത്തിലാണ് ‘മൈഥിലിയും കല്യാണിയും’ പറയാൻ ശ്രമിച്ചത്. ആരെയും മാവോയിസ്റ്റാക്കുന്ന ഒരു പ്രവണത അടുത്തിടെ നാം കണ്ടതാണല്ലോ. അത്തരമൊരു സാഹചര്യത്താണ് മൈഥിലി കല്യാണിയായി മാറുന്നത്. 

‘‘ അനങ്ങരുത്’’ പൊലീസുകാർ അവളെ വളഞ്ഞു. ‘‘ചുണ്ട് അനങ്ങിയാൽ കൊന്നുകളയും’’. 

അവൾ ഒന്നും മനസ്സിലാകാതെ കണ്ണുകൾ തിരുമ്മി പൊലീസുകാരെ നോക്കി. അഞ്ച് തോക്കുകൾ അവളെ ഉന്നം പിടിച്ചു. പൊലീസ് മേധാവി വൈദ്യുതി വെളിച്ചം വീണ അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കി ഉറപ്പുവരുത്തി. ഉച്ചത്തിൽ പറഞ്ഞു: 

‘‘ നീ കല്യാണിയല്ലേടീ?’’ 

‘‘ ഏത് കല്യാണി?’’ 

‘‘ ഹ...ഹ..ഹഹ. അയാൾ ഉച്ചത്തിൽ ചിരിച്ചു. 

‘‘ ഏത് കല്യാണിയെന്നോ? സാക്ഷാൽ മാവോയിസ്റ്റ് കല്യാണി’’. 

(മൈഥിലിയും കല്യാണിയും) 

ഇപ്പോഴത്തെ പെൺകുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെക്കുറിച്ചു കൂടിയാണ് ഈ കഥ. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചുകൂടി സൂചിപ്പിക്കുകയാണ് കഥയിൽ.

പുതിയ കാലത്തെ പ്രണയത്തെക്കുറിച്ചാണ് ‘പ്രണയം 2019’ൽ പറയുന്നത്. കഥയിൽത്തന്നെ കഥാകൃത്ത് നിലപാട് വ്യക്തമാക്കുന്നുണ്ട്. 

‘പുതിയ കാലത്തെ പ്രണയത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. പ്രണയമായാലും മരണമായാലും പറയുമ്പോൾ തുടക്കം മുതലേ പറയണമെന്നാണ് എന്റെ പക്ഷം’. എഴുപത്തിനാലു വയസ്സായ ശ്രീഭാനു ഇരുപത്തിരണ്ടുകാരിയെ പ്രണയിക്കുന്നു. 

‘മരണം രംഗബോധമില്ലാതെ കടന്നുവരുന്ന ഒരു കോമാളിയാണെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പ്രണയവും അങ്ങനെത്തന്നെ. അത്, എപ്പോൾ, എവിടെ നിന്നു കടന്നുവരുമെന്ന് ആർക്കുമറിയില്ല. ജാതിയോ മതമോ പണമോ സമ്പത്തോ പ്രായമോ ഒന്നും പ്രണയത്തിന് ഒരു ആലോചനാ വിഷയം പോലുമല്ല. അങ്ങനെയാണ് എഴുപത്തിന്നാലുകാരനായ വി.ശ്രീഭാനു ഇരുപത്തിരണ്ടുകാരിയായ നിന്നെ പ്രണയിക്കുന്നത്. അയാൾ നിന്നെ പ്രണയിക്കാൻ തുടങ്ങുമ്പോൾ നിന്റെ ജാതിയോ മതമോ ഒന്നും അയാൾക്കറിയില്ലായിരുന്നു’. 

പത്രത്തിൽ അച്ചടിച്ചുവന്ന അവളുടെ ഫോട്ടോ കണ്ട്, ഇഷ്ടപ്പെട്ട്, നേരിട്ടുകാണാനും പിന്നീടങ്ങോട്ട് പലതവണ അവളെ കാണാൻ അയാൾ നടത്തുന്ന വേഷപ്രച്ഛന്നവുമെല്ലാമാണ് കഥാകൃത്ത് രസകരമായി ആവിഷ്ക്കരിക്കുന്നത്. മലയാള മനോരമ വാർഷികപ്പതിപ്പിലെ ‘പ്രണയം 2019’ പ്രണയത്തിന്റെ പുതിയൊരു തലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകും. 

English Summary : M. Mukundan Talks About His Latest Short Stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;