ADVERTISEMENT

ആധുനിക സാഹിത്യം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖമുണ്ട്. ഏറ്റവുമധികം അന്വേഷണം നടത്തിയ ജീവിതം. ആവര്‍ത്തിച്ചു വായിച്ച് ഹൃദയത്തോടു ചേര്‍ത്തുവച്ച പുസ്തകങ്ങളുടെ സ്രഷ്ടാവ്. അസാധ്യമായതും എന്നാല്‍ ഏത് എഴുത്തുകാരനും മോഹിക്കുന്നതുമായ ജീവിതം. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജീവിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന എലേന ഫെറന്റേ. 

 

 

1992 മുതല്‍ തുടര്‍ച്ചയായി പുസ്തകങ്ങള്‍ എഴുതുന്നുണ്ടെങ്കിലും ഇന്നും ആര്‍ക്കുമറിയില്ല എലേന ഫെറന്റേയുടെ യഥാര്‍ഥ പേര്. എത്ര വയസ്സുണ്ട്, എന്തു ജോലി ചെയ്യുന്നു, എവിടെ ജീവിക്കുന്നു... അവ്യക്തമായൊരു ചിത്രത്തിലൂടെ പോലും ഇനിയും ആരാധകര്‍ക്ക് പിടികൊടുക്കാതെ, ദുരൂഹതയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന എഴുത്തുകാരി. തനിക്ക് ഒന്നും പറയാനില്ലെന്നും പുസ്തകങ്ങള്‍ തനിക്കുവേണ്ടി സംസാരിക്കുമെന്നും ഉറച്ചുവിശ്വസിക്കുന്ന എലേന ഫെറന്റേ മൗനം ഭേദിക്കുന്നു. 

 

‘ദ് ലൈയിങ് ലൈഫ് ഓഫ് അഡള്‍ട്സ്’ എന്ന പുതിയ നോവലിന്റെ പശ്ചാത്തലത്തില്‍, ലോകത്തെങ്ങുമുള്ള പ്രിയപ്പെട്ട വായനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിരിക്കുകയാണ് എലേന ഫെറന്റേ. പ്രസാധകനിലൂടെ ഉത്തരങ്ങള്‍ പുറത്തുവന്നെങ്കിലും ഇനിയും ആര്‍ക്കും ലഭിച്ചിട്ടില്ല എലേന എന്ന വ്യക്തിയെക്കുറിച്ചുള്ള  നേരിയ സൂചനകള്‍ പോലും. 

 

നിങ്ങളുടെ നോവലുകളിലെ മിക്ക കഥാപാത്രങ്ങളും സ്നേഹത്തിനും സൗഹൃദത്തിനുമിടെ മുറിവേല്‍ക്കുന്നവരാണ്. ജീവിതകാലം മുഴുവന്‍ ആരെയായിരിക്കും നിങ്ങള്‍ കൂടെ കൂട്ടുക, സുഹൃത്തിനെയോ കാമുകനെയോ ? 

 

അഗാധമായ സൗഹൃദത്തിനുശേഷിയുള്ള കാമുകനെയാണ് എനിക്കിഷ്ടം. ചെറുപ്പത്തില്‍ ഇതു മനസ്സിലാക്കുക വളരെ പ്രയാസമാണ്. എന്നാല്‍ വളരുന്നതോടെ വ്യത്യാസം വ്യക്തമായി മനസ്സിലാകുകയും സൗഹൃദം ജീവിതത്തില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നുതരികയും ചെയ്യും.

 

‘എന്റെ സുഹൃത്തേ’ എന്നു കാമുകനെ അഭിസംബോധന ചെയ്യുന്ന ചില പ്രണയലേഖനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവയിലെ നിഷ്കളങ്കതയും അടുപ്പത്തിന്റെ ആഴവും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആസക്തിയുടെ നേരിയ സൂചന പോലുമില്ലാത്ത ‘പെങ്ങളേ..’  എന്ന വിളിയും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. 

 

എന്താണ് എഴുത്ത് എലേനയ്ക്ക്? ഒരു മരുന്നു പോലെയാണോ? 

 

എഴുത്ത് എനിക്ക് ഒരിക്കലും മരുന്നല്ല. ഉണങ്ങിയിട്ടില്ലാത്ത മുറിവില്‍ കത്തി കൊണ്ട് വീണ്ടും മുറിവേല്‍പിക്കുന്നതുപോലെയാണ് എനിക്ക് എഴുത്ത്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വിമാനയാത്ര ചെയ്യേണ്ടിവരികയും എന്നാല്‍ ആകാശത്തെ പേടിക്കുകയും ചെയ്യുന്നവരെപ്പോലെയാണ് ഞാന്‍. അവര്‍ക്ക് വിമാനയാത്ര ഒഴിവാക്കാന്‍ സാധിക്കില്ല. യാത്ര ചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല എന്നുതന്നെ അവര്‍ വിചാരിക്കും. ഒടുവില്‍ ലക്ഷ്യത്തില്‍ എത്തുമ്പോള്‍ ആശ്വസിക്കും. ഓരോ പുസ്തകവും എനിക്കു തരുന്നതും ഇതേ ആശ്വാസം തന്നെ. 

 

സ്കൂളുകളില്‍ പഠിച്ച സാഹിത്യപുസ്തകങ്ങളെക്കുറിച്ച് ? 

 

സ്കൂളുകളിലെ സാഹിത്യ പഠനം വിരസമായാണ് എനിക്കു തോന്നിയിട്ടുള്ളത്. പ്രത്യേകിച്ചൊരു വികാരവും സൃഷ്ടിക്കാത്തവ. ഭാവന ഉണര്‍ത്താത്ത പഠനങ്ങള്‍. മനോഹരമായ വാചകത്തില്‍നിന്ന് വെര്‍ബും അഡ്ജക്റ്റീവുമൊക്കെ കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ വാചകം മൃതദേഹം പോലെയാണ് അനുഭവപ്പെടുക. 

 

കോവിഡ് എന്ന മഹാമാരിയെക്കുറിച്ച് ?

 

വൈറസിനേക്കാളും ഞാന്‍ ചിന്തിക്കുന്നത് ഇതു സൃഷ്ടിച്ച ഭീതിയെക്കുറിച്ചാണ്. കഷ്ടപ്പെട്ടു ജീവിച്ചവരുടെ ജീവിതത്തെ കോവിഡ് കീഴ്മേല്‍ മറിച്ചു. അവരെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. ആരുടെ ജീവിതവും എത്രമാത്രം മാറ്റപ്പെടാം എന്ന പാഠവും  പഠിച്ചു. അതിനേക്കാള്‍, ഭയം വ്യാപിക്കുന്നതാണ് ഞാന്‍ ശ്രദ്ധിക്കുന്നത്; എത്രമാത്രം ദുര്‍ബലമാണ് നമ്മുടെ നിലനില്‍പ് എന്നും. 

 

ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എലേനയുടെ പുസ്തകങ്ങള്‍. വായിച്ചവരെ അതിശയിപ്പിച്ച ഭാഷയും  ഭാവനയും. ‘ദ് അബാന്‍ഡന്‍ഡ് ഡേയ്സ്’ എന്ന പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട് പ്രശസ്ത എഴുത്തുകാരി സംഗീത ശ്രീനിവാസന്‍. ബന്ധങ്ങളുടെ സങ്കീര്‍ണതയും ജീവിതത്തിന്റെ രഹസ്യാത്മകതയും. മറക്കാനാകാത്ത വേദനകളുടെ തീത്തൈലം മനസ്സില്‍ കോരിയൊഴിക്കുന്നതുപോലുള്ള എഴുത്ത്. വായനക്കാര്‍ ഇന്ന് ഏറ്റവുമധികം കാത്തിരുന്ന് വായിക്കുന്നതും എലേനയെത്തന്നെ. ഇഷ്ടപ്പെടുന്നില്ലെങ്കിലും കരയാന്‍ കൊതിക്കുന്നതുപോലെ, വേദനയാണെന്ന് അറിയാമെങ്കിലും മുറിവേല്‍ക്കാന്‍ കാത്തിരിക്കുന്നതുപോലെ, കത്തിമുന പോലെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്കുവേണ്ടി.

 

English Summary : Elena Ferrante We dont have to fear change what is other shouldnt frighten us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com