സ്വന്തം കഴിവുകൾ കണ്ടെത്താതെ മറ്റുള്ളവരെ അനുകരിക്കുന്നവരോട്; ആരെയാണ് ഗുരുവായി സ്വീകരിക്കേണ്ടത്...

Subhadinam
SHARE

ആറു വയസ്സുകാരി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നും ശല്യമുണ്ടാക്കുന്നുവെന്നും അധ്യാപിക അവളുടെ അമ്മയെ അറിയിച്ചു. ഏതെങ്കിലും സ്പെഷൽ സ്കൂളിൽ ചേർക്കുന്നതാകും നല്ലതെന്ന് ഉപദേശിക്കുകയും ചെയ്തു.

അമ്മ അവളെയും കൂട്ടി മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. കുറച്ചു സംസാരിച്ചശേഷം അദ്ദേഹം കുട്ടിയെ തന്റെ പൂന്തോട്ടത്തിലേക്കു വിട്ടു. റേഡിയോയിൽ പാട്ടുവച്ചു. അവൾ റേഡിയോയിലെ പാട്ടിനനുസരിച്ചു നൃത്തം ചെയ്യാൻ തുടങ്ങി. മനഃശാസ്ത്രജ്ഞൻ അമ്മയോടു പറഞ്ഞു: ‘ഇവളെ സ്പെഷൽ സ്കൂളിൽ ചേർക്കാതെ, നൃത്തവിദ്യാലയത്തിൽ ചേർക്കണം.’ ആ കുട്ടിയാണ് പിന്നീട് ലോകപ്രശസ്ത നർത്തകിയും നൃത്തസംവിധായികയും നടിയുമായ ഗിലിയൻ ബാർബറ.

അഭിനിവേശങ്ങളാണ് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഒന്നിനും കൊള്ളാത്തവർ എന്നു മുദ്രകുത്തപ്പെട്ടവ രെല്ലാം മറ്റാരുടെയോ അജ്ഞതയ്ക്ക് ഇരയാകേണ്ടി വന്നവരും സ്വന്തം വഴികളിൽ സ്വയംനിർമിത പ്രതിബന്ധങ്ങൾ സൃഷ്ടിച്ചവരും ആയിരുന്നു.

അമൂല്യ നിധിശേഖരങ്ങളും ചുമന്നാണ് ഓരോരുത്തരും നടക്കുന്നത്. ഒരിക്കലെങ്കിലും അവ തുറന്നു നോക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റാരുടെയെങ്കിലും പിന്നാലെ അലഞ്ഞുതിരിഞ്ഞ് ജീവിതം പാഴാക്കേണ്ടി വരില്ലായിരുന്നു. ഏറ്റവും കൂടുതൽ പേർ അവതരിപ്പിക്കുന്നതോ ഏറ്റവുമധികം ആളുകൾ കാണുന്നതോ ആണ് ശരിയും അനുകരണീയവും എന്നു തെറ്റിദ്ധരിക്കുന്നതാണ് ആത്മാവു നശിക്കുന്നതിന്റെ അടിസ്ഥാന കാരണം.

ആത്മാവിനെ തൊടാനറിയുന്നവർക്കു മാത്രമേ, അപരനെ അവനർഹിക്കുന്ന സ്ഥലത്ത് എത്തിക്കാൻ കഴിയൂ. തന്റെ കീഴിൽ വരുന്നവരെ തനിക്കറിയാവുന്ന വഴികളിലൂടെ മാത്രം നടത്തി, സ്വന്തം സങ്കൽപങ്ങളിലുള്ള സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം എത്തിക്കാൻ ശ്രമിക്കുന്ന ഗുരുക്കന്മാരും അധികാരികളും നല്ല വഴികാട്ടികളല്ല.

ഒരാളെ കാണുമ്പോൾ അയാൾ എന്താണ് എന്നതിനേക്കാൾ, അയാൾക്ക് എന്തായിത്തീരാനാകും എന്നു കണ്ടെത്തിത്തരുന്നവരെയാണു ഗുരുവായി സ്വീകരിക്കേണ്ടത്. അടിച്ചേൽപിക്കപ്പെടുന്ന വഴികളിലൂടെ നടന്നാൽ അനാഥരാകും. ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വഴികളിലൂടെ നടന്നാൽ ഉടമകളാകും.

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;