ADVERTISEMENT

ഓണം കൊടിയിറങ്ങി പാതാളത്തിലേക്കു മടങ്ങുമ്പോൾ ഒരു സങ്കടവും ഒരു സന്തോഷവുമാണ് മാവേലിത്തമ്പുരാൻ ഒപ്പം കൊണ്ടുപോകുന്നത്.മാവേലിനാട്ടിലോടുന്ന ആംബുലൻസിൽപോലും മാനുഷരെല്ലാരുമൊന്നുപോലെയല്ലല്ലോ എന്നതാണ് സങ്കടം.

 

ഒരു ഗർഭിണിയെ അടിയന്തരമായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ആംബുലൻസിൽ ഗർഭിണി – അർജന്റ് എന്ന് എഴുതി വയ്ക്കാറില്ല.

 

റോഡപകടത്തിൽ പരുക്കേറ്റയാളുമായി പാഞ്ഞുപോകുമ്പോൾ അപകടം എന്ന ബോർഡ് വയ്ക്കുന്നില്ല.

ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു കുതിക്കുമ്പോൾ ഹൃദയം – അടിയന്തരം എന്ന് ആംബുലൻസിന്റെ ചില്ലിൽ നോട്ടിസ് പതിക്കുന്നില്ല.

 

എന്നിട്ടും,

 

എന്തിനാണ് മാളോരേ, കോവിഡ് ബാധിതരെ കൊണ്ടുപോകുമ്പോൾ മാത്രം ‘കോവിഡ്’ എന്ന് ആംബുലൻസിൽ ബോർഡ് വയ്ക്കുന്നത്?

 

ആംബുലൻസിൽ ആരെ കൊണ്ടുപോയാലും അതിന് അടിയന്തര സ്വഭാവമുണ്ട്. പിന്നെന്തിനാണ് ഒരു കോവിഡ് അടിയന്തരം?

 

കോവിഡ് വരുന്നേ, മാറിക്കോ എന്നൊരു ഭീഷണി നമ്മുടെ ഈ സമത്വസുന്ദര നാട്ടിൽ വേണോ? അതു മര്യാദയാണോ?

 

മാവേലിത്തമ്പുരാന്റെ ചോദ്യത്തിന് ബഹു കേരള സർക്കാർ ഈ ഓണം ആഴ്ചയിൽത്തന്നെ സമാധാനമുണ്ടാക്കണ്ടേ?

 

രോഗങ്ങളുടെ കാര്യത്തിലും വേണ്ടേ സമത്വം?

 

ആംബുലൻസുകളിൽനിന്ന് കോവിഡ് ബോർഡുകൾ അപ്രത്യക്ഷമാകാൻ മാവേലിയും ഓണവും നിമിത്തമാവട്ടെ.

 

പോകുന്ന പോക്കിൽ തമ്പുരാന്റെ മുഖത്തൊരു ചിരി പരക്കാൻ കാരണം ഒരു പത്രത്തിൽ വന്ന പരസ്യമാണ്.

മാവേലിയെ ആവശ്യമുണ്ട്

എന്നു തലക്കെട്ട്.

ചുവടെ ഇങ്ങനെ വായിക്കാം:

മാവേലിയായി നിൽക്കാൻ അഞ്ചു ദിവസത്തേക്ക് നല്ല ഉയരവും അതിനൊത്ത വണ്ണവും ഉള്ളവരെ ആവശ്യമുണ്ട്.

 

ശമ്പളം ദിവസം 900 രൂപ + ബാറ്റ + കുപ്പി.

 

എന്നിട്ട്, രണ്ടു ഫോൺ നമ്പറും.

 

പരസ്യം വായിച്ച് മാവേലി കുലുങ്ങിച്ചിരിച്ചുപോയി; കുടവയറില്ലാത്തതിനാൽ അതു കുലുങ്ങിയില്ല.

തിരിച്ചു പാതാളത്തിലെത്തിയാലുടൻ ആ നമ്പറിലേക്കു വിളിക്കാൻ മാവേലി ഉദ്ദേശിക്കുന്നു.

എന്തിന് തമ്പുരാനേ?

 

അപേക്ഷിച്ചവരുടെ ചിത്രങ്ങൾ അയച്ചുതരണമെന്ന് ആവശ്യപ്പെടാൻ.

 

ഉയരത്തിന്റെയും വണ്ണത്തിന്റെയും വയറിന്റെയും അനുപാതം കണ്ട് മലയാളിയുടെ മനസ്സറിയാമല്ലോ.

 

English Summary : Tharangangalil Column Written By Panachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com