ADVERTISEMENT

‌സന്യാസിക്ക് പ്രായമേറിയതുകൊണ്ട് സഹായത്തിന് ഒരു പരിചാരകനുണ്ട്. ഒരു ദിവസം രാവിലെ സന്യാസി എഴുന്നേറ്റപ്പോൾ മുഖം കഴുകാൻ വെള്ളം എടുത്തു വച്ചിട്ടില്ല. സന്യാസി തന്നെ കിണറ്റിൽനിന്നു വെള്ളം കോരി. അടുക്കളയിൽ നോക്കിയപ്പോൾ തീ പുകഞ്ഞിട്ടുമില്ല. സന്യാസി ദേഷ്യംപൂണ്ട് പരിചാരകനെയും ശപിച്ച് വരാന്തയിലിരുന്നു. ഉച്ചയായപ്പോൾ പരിചാരകനെത്തി. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട സന്യാസിയുടെ മുന്നിൽ പരിചാരകൻ തലകുനിച്ചു നിന്നു. എന്നിട്ടു പറഞ്ഞു: എന്റെ മകൾ ഇന്നലെ മരിച്ചു.

ജീവിതമൊരുക്കിത്തരുന്നവരുടെ ജീവിതത്തെക്കുറിച്ചുള്ള അജ്‌ഞതയാണ് ക്ഷമ അർഹിക്കാത്ത തെറ്റ്. സ്വന്തം കഴിവുകൊണ്ടു മാത്രം ജീവിക്കുന്ന ആരുമുണ്ടാകില്ല. ആരുടെയെങ്കിലുമൊക്കെ പരിഭവമില്ലാത്ത പ്രയത്നങ്ങളാണ് ഓരോ ജീവിതത്തിനും താങ്ങാകുന്നത്. 

അന്യന്റെ പരിചാരകനാകുന്നത് അവനവന്റെ നിലനിൽപിനുവേണ്ടിയാണ്. ആത്മാഭിമാനത്തോടെ അത് ചെയ്യുന്നത് ആരുമറിയാത്ത സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ടാകാം. മറ്റുള്ളവർക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നവരോട് സുഖമാണോ എന്നു ചോദിക്കാൻ പോലും ആരുമുണ്ടാകില്ല. ഒരുക്കുന്ന സൗകര്യങ്ങളിലെ പോരായ്‌മകൾക്കനുസരിച്ച് അവർ അധിക്ഷേപിക്കപ്പെടുകയും ചെയ്യും.  അധ്വാന ശേഷിയുള്ളപ്പോൾ കൂടെ നിർത്തുകയും അതുകഴിയുമ്പോൾ ഒഴിവാക്കുകയും ചെയ്യുന്നതിൽ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അമിത മോഹങ്ങൾ മാത്രമേയുള്ളൂ. ബലമായി നിൽക്കുന്നവരുടെ തളർച്ച അറിയാത്തവരാണ് യഥാർഥ ദുർബലർ.

പ്രഭാവലയങ്ങൾക്കുള്ളിൽ നിൽക്കുന്നവരുടെയെല്ലാം പിന്നാമ്പുറങ്ങളിൽ ആരുമറിയാതെ പണിയെടുക്കുന്നവരുണ്ട്. അവരുടെ വില മനസ്സിലാകണമെങ്കിൽ അൽപനേരത്തേക്കെങ്കിലും അവരുടെ അസാന്നിധ്യം അനുഭവിക്കണം.

English Summary : Subhadinam : How do we understand others?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com