ADVERTISEMENT

പ്രണയസ്വപ്നങ്ങളിലെ ചാരുതയേറിയ ദൃശ്യം പോലെ ഒരു വീട്. ഓര്‍മയില്‍ നിന്നു മാഞ്ഞുപോകാത്ത നിര്‍മിതി. പിന്‍വിളി വിളിക്കുന്ന ചെടികള്‍. കാല്‍പ്പാടുകള്‍ മാഞ്ഞുപോയിട്ടില്ലാത്ത തിരുമുറ്റം. ശിശിരത്തില്‍ ഇല കൊഴിഞ്ഞ് വസന്തത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന ഒറ്റപ്പെട്ട മരങ്ങള്‍. തലമുറകളുടെ സ്വപ്നങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ വെള്ളവും വളവും നല്‍കിയ വീട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോഴാണ് സഹായം എത്തിയത്. സ്വപ്നദൃശ്യത്തിന്റെ സാക്ഷാത്കാരമായി ഇനിയും ജീവിക്കും ആ വിട്. സന്ദര്‍ശകരെ കാത്ത്. 

 

ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന പ്രണയകഥ പോലെയുള്ള വിട് ബ്രോണ്ടി പാഴ്സനേജ് എന്നാണറിയപ്പെടുന്നത്. ബ്രിട്ടനില്‍ യോർക്​ഷയറിലെ ഹാവോര്‍ത്തില്‍ ഗ്രാമീണത ശാന്തതയില്‍ ആരെയും ആകര്‍ഷിക്കുന്ന സ്വച്ഛസുന്ദരമായ ഭവനം. ബ്രോണ്ടി സഹോദരിമാരുടെ വീട്. ഇംഗ്ലിഷ് സാഹിത്യത്തിലെ അനശ്വര കൃതികള്‍ എഴുതിയ ഷാര്‍ലറ്റ്, എമിലി, ആനി എന്നീ ബ്രോണ്ടി സഹോദരിമാര്‍ ആ വീട്ടിലിരുന്നാണ് എഴുതിയത്. വുതറിങ് ഹൈറ്റ്സ് ഉള്‍പ്പെടെയുള്ള ക്ലാസ്സിക്കുകള്‍ പിറന്ന വീട്. വര്‍ഷങ്ങളായി പുരാവസ്തു മന്ദിരമായി വീട് സംരക്ഷിക്കുന്നത് ബ്രോണ്ടി സൊസൈറ്റി.  ഓരോ ദിവസവും എത്തുന്ന നൂറുകണക്കിനു സന്ദര്‍ശകരാണ് വീട് നിലനിര്‍ത്തിയത്.

 

കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ബ്രോണ്ടി സൊസൈറ്റി പ്രതിസന്ധിയിലായി. ചരിത്ര സ്മാരകമായ വീട് സംരക്ഷിക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പോലും പണമില്ലാത്ത അവസ്ഥ. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതോടെ ബ്രോണ്ടി സൊസൈറ്റി അഭ്യര്‍ഥനയുമായി രംഗത്തെത്തി. സുമനസ്സുകള്‍ കഴിയാവുന്ന തുകകള്‍ നല്‍കി ബ്രോണ്ടി പാഴ്സനേജിനെ സംരക്ഷിക്കുക. വീട് അടച്ചുപൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടാല്‍ സംഭവിക്കുന്നത് ഒരു ചരിത്ര സ്മാരകത്തിന്റെ അവസാനമായിരിക്കും. ബ്രോണ്ടി സഹോദരിമാരോട് ചെയ്യുന്ന അനീതി. ചെറിയ സഹായങ്ങള്‍ പ്രതീക്ഷിച്ചാണ് അഭ്യര്‍ഥന നടത്തിയതെങ്കിലും ബ്രോണ്ടി സൊസൈറ്റിയെ അത്ഭുതപ്പെടുത്തി ഉടനെത്തി 20 ലക്ഷത്തിന്റെ സഹായം. അതും ടി.എസ്. എലിയറ്റ് എന്ന വലിയ കവിയുടെ പേരിലുള്ള ഫൗണ്ടേഷനില്‍ നിന്ന്.

 

വേസ്റ്റ് ലാന്‍ഡ് എന്ന ഇതിഹാസ കാവ്യത്തിലൂടെ ഇംഗ്ലിഷ് കവിതയെ ആധുനികതയിലേക്ക് നയിച്ച കവിയാണ് എലിയറ്റ്. കവിയുടെ ഓര്‍മ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് കയ്യയച്ച് സംഭാവന നല്‍കിയത്. അതോടെ ബ്രോണ്ടി ഭവനം അടച്ചുപൂട്ടലില്‍ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇനി പൊതുജനങ്ങളില്‍ നിന്നുള്ള സഭാവന കൂടി കിട്ടിയാല്‍ ലോക്ഡൗണിനു ശേഷം സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ആ വീട് ഉണ്ടായിരിക്കും. വഴി തെറ്റിയ യാത്രക്കാരെ അഭയസങ്കേതത്തിലേക്കു വിളിക്കുന്ന വെളിച്ചം അണയാത്ത വിളക്കുമരം പോലെ. 

 

ഓഗസ്റ്റ് 28 ന് ബ്രോണ്ടി ഭവനം വീണ്ടും തുറന്നിരുന്നെങ്കിലും സന്ദര്‍ശകര്‍ എത്തായതോടെയാണ് അടച്ചുപൂട്ടാന്‍ ആലോചിച്ചത്. 

 

എലിയറ്റും ബ്രോണ്ടി സഹോദരിമാരും തമ്മിലുള്ള മറ്റൊരു ബന്ധവും ഇതോടെ മറനീക്കി പുറത്തുവന്നു. ബ്രോണ്ടി സഹോദരിമാരുടെ മരണശേഷം അനാഥാവസ്ഥയിലായ കെട്ടിടം വാങ്ങി സൊസൈറ്റിയെ ഏല്‍പിച്ച ഒരു മനുഷ്യസ്നേഹിയുണ്ട്. ലക്ഷാധിപതിയായ ബ്രാഡ്ഫോഡ്. അദ്ദേഹം എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡിലെ ഒരു കഥാപാത്രമാണ്. 

 

എലിയറ്റ് ഇന്നില്ല. ബ്രോണ്ടി സഹോദരിമാരും. എന്നാല്‍ അവരുടെ കൃതികള്‍ നിലനില്‍ക്കുന്നു; കാലത്തെ അതിജീവിച്ച്. ഇനി ബ്രോണ്ടി വീടും കാലത്തെ അതിജീവിക്കാന്‍ പോകുന്നു. ബ്രോണ്ടി സഹോദരിമാരുടെ കഥകള്‍ പോലെ കഥ പിറന്ന വീടും അനശ്വരതയിലേക്ക്. 

 

English Summary: TS Eliot estate steps into Bronte parsonage Museum rescue appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com