എല്ലാ ശത്രുക്കളും എതിർത്തു തോൽപിക്കേണ്ടവരല്ല

subhadhinam-motivational-column
SHARE

താഴ്‌ന്നു പറക്കുന്ന പരുന്തിനെ കണ്ടപ്പോൾ കാക്കയ്‌ക്ക് ഒന്നു കൊത്താൻ തോന്നി. ഒരു തവണ കൊത്തിയെങ്കിലും പരുന്ത് പ്രതികരിച്ചില്ല. കാക്കയ്‌ക്ക് തോന്നി പരുന്തിനു തന്നെ പേടിയാണെന്ന്. കാക്ക വീണ്ടും പരുന്തിന്റെ മുകളിലൂടെ ചെന്ന് തലയിൽത്തന്നെ കൊത്തി. എന്നിട്ടും പരുന്ത് ഗൗനിച്ചില്ല. എന്നാൽ കാക്കപോലും അറിയാതെ പരുന്ത് കൂടുതൽ ഉയരത്തിലേക്കു നീങ്ങിത്തുടങ്ങി. ഉയരം കൂടിയതനുസരിച്ച് ശ്വാസം കിട്ടാതെ വന്നു കാക്ക നിലംപതിച്ചു. 

പ്രതികരിക്കാത്തവരെല്ലാം പ്രതികരണശേഷി ഇല്ലാത്തവരല്ല. പ്രതികരിച്ച് സമയം നഷ്‌ടപ്പെടുത്താൻ താൽ‌പര്യമില്ലാത്തവരും പ്രതികരണങ്ങളിലൂടെ സ്വയം വഴിതെറ്റാൻ താൽപര്യമില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. ഒരാൾ എന്തിനോട് പ്രതിപ്രവർത്തിക്കുന്നു എന്നു നോക്കിയാൽ അയാളുടെ ബലവും ബലഹീനതയും അറിയാം. 

പ്രകോപനം ശീലമാക്കിയവരെ പ്രതികരിച്ചു തോൽപിക്കാനാകില്ല. അവർക്കുള്ള പ്രത്യുത്തരം പൂർണനിശ്ശബ്‌ദത തന്നെയാണ്. ഓരോരുത്തരും തങ്ങളുടെ ശക്തികേന്ദ്രത്തിൽ നിന്നു മാത്രമേ പ്രകോപനങ്ങൾ സൃഷ്‌ടിക്കൂ. അപരിചിത മണ്ഡലങ്ങളിലെ പ്രതികരണങ്ങളിൽ കരുത്തിനേക്കാൾ പ്രധാനം ദീർഘവീക്ഷണമാണ്. ശാരീരികക്ഷമത കൊണ്ട് ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായെന്നു വരില്ല. ആവശ്യമുള്ളതിനോടും അർഹതയുള്ളതിനോടും മാത്രം പ്രതികരിക്കാൻ കഴിഞ്ഞാൽതന്നെ അപ്രധാനമായതെല്ലാം ഒഴിവാകും. 

എല്ലാ ശത്രുക്കളും എതിർത്തു തോൽപിക്കേണ്ടവരല്ല. അധിക്ഷേപങ്ങളും ആക്രമണങ്ങളും മാത്രം ശീലമാക്കിയവർക്ക് സ്വന്തമായ ദിശയോ ലക്ഷ്യമോ ഉണ്ടാകില്ല. ആരെയെങ്കിലും അവഹേളിക്കുന്നതിനോ അപമാനിക്കുന്നതിനോ മാത്രമായിരിക്കും അവർ ദിനചര്യകൾ പോലും ക്രമീകരിക്കുന്നത്. അവരെ അവഗണിക്കുകയും സ്വന്തം അഭിനിവേശങ്ങളെ പിന്തുടരുകയും മാത്രമാകും ആത്മാഭിമാനം നിലനിർത്തുന്നതിനും സ്വയം നഷ്‌ടപ്പെടാതിരിക്കുന്നതിനുമുള്ള ഏക മാർഗം. എല്ലാവർക്കും വിഹരിക്കാനുള്ള ആകാശം എല്ലായിടത്തുമുണ്ട്. അപരന്റെ ചലനങ്ങൾക്കു വിഘാതം സൃഷ്‌ടിക്കാതെ സ്വന്തം യാത്രകളെ ക്രിയാത്മകവും മനോഹരവുമാക്കിയാൽ എല്ലാവരുടെയും ആകാശം കൂടുതൽ സഞ്ചാരക്ഷമമാകും.

English Summary : Subhadinam : Is it good to reply fast?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;