തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്...

subhadhinam-daily-motivational-content
SHARE

യുവാവ് ഒരു ദുശ്ശീലത്തിന് അടിമയാണ്. അതു തെറ്റാണെന്ന് അയാൾക്കറിയാം. എങ്കിലും പിന്മാറാൻ കഴിയുന്നില്ല. വളരെ വിഷമിച്ച് അയാളൊരു സന്യാസിയെ സമീപിച്ചു കാര്യം പറഞ്ഞു. സന്യാസി പറഞ്ഞു: തെറ്റിൽ വീണാൽ ആദ്യം ചെയ്യേണ്ടത് അതിൽനിന്ന് എഴുന്നേൽക്കുകയാണ്. യുവാവു പറഞ്ഞു: ഞാൻ എഴുന്നേറ്റാലും വീണ്ടും അതേ തെറ്റിൽ വീഴുന്നു. സന്യാസി ഉപദേശിച്ചു: എത്രതവണ വീണു എന്നതല്ല, എത്രതവണ വീണാലും എഴുന്നേറ്റു തിരിച്ചെത്തുക എന്നതാണു പ്രധാനം. ഒരിക്കൽ മരണമെത്തുമ്പോൾ, ഒന്നുകിൽ തെറ്റിൽ വീണു കിടക്കുകയായിരിക്കും. അല്ലെങ്കിൽ, പശ്ചാത്താപത്തോടെ എഴുന്നേറ്റ് ഇരിക്കുകയാകും. ഇതിൽ ഏതാണു നല്ലത്?

എത്രതവണ വീണു എന്നതിനെക്കാൾ പ്രധാനമാണ് എത്രതവണ എഴുന്നേറ്റു എന്നത്. ഒരുതവണ എഴുന്നേൽക്കാൻ മടിച്ചാൽ പിന്നെ ആയുസ്സു മുഴുവൻ അവിടെത്തന്നെ ചെലവഴിക്കാനാകും വിധി. തെറ്റുകൾക്കു തുടർച്ചാ സ്വഭാവമുണ്ട്. പക്ഷേ, തിരിച്ചുവരവിന്റെ തുടർച്ച അത്ര എളുപ്പമല്ല. കാരണം, തെറ്റിൽ വീഴുന്നത് അർധബോധ പ്രക്രിയയും തിരിച്ചുവരവ് സുബോധ പ്രക്രിയയുമാണ്.

തെറ്റു തിരുത്താൻ നിരന്തര പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണ്. തെറ്റുകളെല്ലാം പലപ്പോഴും പരസ്യവും മടക്കയാത്രകളെല്ലാം രഹസ്യവുമായിരിക്കും. തിരുത്തലുകൾ എണ്ണുന്നതിനെക്കാൾ തെറ്റുകൾ എണ്ണാനാണ് ആളുകൾക്കിഷ്ടം. തെറ്റുകളിൽ തന്നെ തുടരാൻ പല കാരണങ്ങൾ കണ്ടെത്താം. പേരു വീണു, ഇനി നന്നായിട്ടും കാര്യമില്ല, പലതവണ ശ്രമിച്ചതാണ് നടന്നില്ല, ആരും കാണാത്തതുകൊണ്ട് കുഴപ്പമില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് തെറ്റിന്റെ തുടർച്ച ഉറപ്പുവരുത്തുന്നത്. മടങ്ങിവരവിന് ഒരേയൊരു കാരണമേയുള്ളൂ – ഉയിർത്തെഴുന്നേൽക്കണമെന്ന ഉൾബോധം.

തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്; തിരുത്താമായിരുന്നിട്ടും തിരുത്താൻ കൂട്ടാക്കാത്ത തെറ്റുകളാണ്.

English Summary : Subdhadhinam : How to get over making a mistake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;