ADVERTISEMENT

ലോകപ്രശസ്തയായ ഇറ്റാലിയന്‍ എഴുത്തുകാരി എലേന ഫെറെന്റേയുടെ വ്യക്തിത്വം സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെ, വിവര്‍ത്തക അന്‍ ഗോള്‍ഡ്സ്റ്റീന്‍ രംഗത്ത്. താന്‍ എലേന ഫെറന്റെയല്ല എന്ന്  വ്യക്തമാക്കുകയാണ് അന്‍. എലേനയുടെ പ്രശസ്ത നോവലുകള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തത് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അന്‍ ആണ്. ദ് ലൈയിങ് ലൈഫ് ഓഫ് അഡല്‍ട്ട് എന്ന പുതിയ നോവലും അന്‍ തന്നെയാണ് മൊഴിമാറ്റുന്നത്. അതിനിടെയാണ്, അന്‍ തന്നെയാണ് എലേന എന്നൊരു അഭ്യൂഹം പരന്നത്. എന്നാല്‍ താനല്ല എലേനയെന്നും താന്‍ അവരെ കണ്ടിട്ടുപോലുമില്ലെന്നും അന്‍ വ്യക്തമാക്കുന്നു. 

 

എഴുത്തുകാരിയെ കാണാതെയും പരിചയപ്പെതായും എങ്ങനെ വിവര്‍ത്തനം സാധ്യമാകും എന്ന ചോദ്യത്തിനും അന്‍ മറുപടി പറയുന്നു. 

‘സംശയമുള്ള ഭാഗങ്ങള്‍ ഞാന്‍ പ്രസാധകര്‍ക്ക് അയച്ചുകൊടുക്കും. അവര്‍ എലേനയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരികരിച്ച് എനിക്കയച്ചുതരും. അങ്ങനെയാണ് വിവര്‍ത്തനം പുരോഗമിക്കുന്നത്. ഞാന്‍ ഇതുവരെ എലേനയെ കണ്ടിട്ടില്ല. എനിക്ക് അവരുമായി ഒരു പരിചയവുമില്ല. ആ പുസ്തകങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നു. ആരാധിക്കുന്നു- അന്‍ വ്യക്തമാക്കുന്നു. 

 

എലേനയുടെ ജന്‍മനാടായ ഇറ്റലിയില്‍ ഒട്ടേറെത്തവണ അന്‍ പോയിട്ടുണ്ട്. ആ രാജ്യവുമായും ജനങ്ങളുമായും പരിചയപ്പെട്ടിട്ടുണ്ട്. ഇറ്റലിയുടെ സംസ്കാരവും നന്നായി മനസ്സിലാക്കിയ ശേഷമാണ് എലേനയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തതും വിജയിച്ചതും- അന്‍ പറയുന്നു. 

 

ഇതുവരെയുള്ള എലേന കൃതികളില്‍ തനിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് പുതിയ പുസ്തകമായ ‘ദ് ലൈയിങ് ലൈഫ് ഓഫ് അഡല്‍ട്ട്’ ആണെന്നു വ്യക്തമാക്കുന്നു അന്‍. മുന്‍ നോവലുകളിലെല്ലാം മധ്യവയസ്കരായ സ്ത്രീകളായിരുന്നു എലേനയുടെ നായികമാര്‍. ചിലരൊക്കെ യുവതികള്‍. ചിലര്‍ യൗവ്വനം കടന്നവര്‍. ഇതാദ്യമായി ഒരു കൗമാരക്കാരിയാണ് പുതിയ നോവലിലെ നായിക. കാലങ്ങള്‍ കടന്ന് തന്റെ കൗമാരം വീണ്ടും മനസ്സില്‍ക്കണ്ടാണ് താന്‍ പുതിയ നോവലിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്നും അന്‍ പറയുന്നു. 

 

എഴുത്തുകാരി എന്ന നിലയില്‍ ലോകപ്രശസ്തയാണെങ്കിലും എലേന ഫെറന്റെ ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അവരുടെ ഒരു ചിത്രം പോലും ആരും കണ്ടിട്ടില്ല. ആരാണ് എലേന എന്ന ചോദ്യത്തിനും മറുപടിയില്ല. ദുരൂഹത തുടരുന്നതിനിടെയാണ് പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ പുസ്തകങ്ങള്‍ തനിക്കുവേണ്ടി സംസാരിക്കുമെന്നും വായനക്കാരോട് പുസ്തകങ്ങളിലൂടെയല്ലാതെ തനിക്കൊന്നും പറയാനില്ലെന്നുമാണ് എലേന ഫെറന്റെ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന അജ്ഞാതയായ ഇറ്റാലിയന്‍ എഴുത്തുകാരിയുടെ നിലപാട്. 

 

English Summary: Translator Ann Goldstein clarifies that she is not Elena Ferrante

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com