അഗത ക്രിസ്റ്റീ, നിഗൂഢതകളുടെ മഹാരാജ്ഞീ, നിങ്ങളുപേക്ഷിച്ച പൊയ്‌റോട്ട് ഇതാ ഇവിടെയുണ്ട് !

Agatha Christie
അഗത ക്രിസ്റ്റി
SHARE

എന്തുകൊണ്ടാണ് അഗത ക്രിസ്റ്റിയെക്കുറിച്ച്, നിഗൂഢതകളുടെ രാജകുമാരിയെക്കുറിച്ച് പുസ്തകമെഴുതാൻ തീരുമാനിച്ചത്? ആ ചോദ്യം ഞാനെന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. ശരിയാണ് പ്രസാധകന്റെ ചൂണ്ടിക്കാണിക്കലുണ്ട്, എന്നാൽ ആ ഒരു സ്ത്രീയെ തെരഞ്ഞെടുക്കുക എന്നത് അത്രമേൽ സാഹസികത നിറഞ്ഞൊരു പ്രവൃത്തിയായിരുന്നു. ലോകത്തിൽ ഏറ്റവുമധികം പുസ്തകം വിൽക്കപ്പെടുന്ന ഒരു സ്ത്രീ, നിഗൂഢതയുടെ എഴുത്തുകാരി, സ്വന്തം ജീവിതവും ഒരു അപസർപ്പക പുസ്തകം പോലെ ഇടയ്ക്ക് വച്ച് ചില പേജുകൾ ശൂന്യമാക്കി അവശേഷിപ്പിച്ച ആൾ. സ്വാഭാവികമായും അന്വേഷണ ത്വരയുള്ളവർ നിഗൂഢതയ്ക്ക് പിന്നാലെ സഞ്ചാരം ഒരിക്കലും അവസാനിപ്പിക്കാതെ തുടർന്ന് കൊണ്ടേയിരിക്കും. അത് തന്നെയായിരിക്കണം നായിക അഗത ക്രിസ്റ്റി എന്ന പുസ്തകത്തിന്റെ പിന്നിൽ. 

സെപ്റ്റംബർ 15, അതെ ഇന്ന് അഗത ക്രിസ്റ്റിയുടെ പിറന്നാളാണ്. 1890-ൽ ബ്രിട്ടനിൽ ജനിച്ച അഗത ക്രിസ്റ്റിയുടെ ബാല്യകാലവും കൗമാരവുമൊക്കെ മറ്റു പെൺകുട്ടികളെപ്പോലെ ആയിരുന്നതേയില്ല. സ്‌കൂളിൽ പോയി ഔദ്യോഗിക വിദ്യാഭ്യാസം നടത്താൻ ചില ബുദ്ധിമുട്ടുകൾ കൊണ്ട് കുഞ്ഞു അഗതയ്ക്ക് ആയില്ല. എന്നാൽ പുസ്തകങ്ങൾ വായിക്കാനും കുഞ്ഞു കവിതകളെഴുതാനും അവൾക്കേറെ ഇഷ്ടമുണ്ടായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്ന ഏതൊരു പെൺകുട്ടിയെയും എന്ന പോലെ പ്രണയത്തിന്റെ നോവുകളും ആനന്ദങ്ങളും ഹൃദയമിടിപ്പുകളും അവൾക്കുമുണ്ടായി. 

മറ്റുള്ളവരുടെ മുന്നിൽ വച്ച് പാടാനും ആടാനും മടിയായിരുന്നു അഗതയ്ക്ക്... എന്നാൽ അത്യാവശ്യം നന്നായി പാടുകയും ചെയ്യുമായിരുന്നു, അതിലും നന്നായി വാദ്യോപകരണം മീട്ടുകയും. പട്ടാളക്കാരനായ ആർച്ചിബാൾഡ് ക്രിസ്റ്റി ഒടുവിൽ കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കെത്തിയ അഗതയിൽ അനുരക്തനായി. പ്രണയത്തിൽ നിന്നും അവർ ദാമ്പത്യത്തിലേക്കെത്തി, എന്നാൽ വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാനായി ആർച്ചിയ്ക്ക് യാത്ര പോകേണ്ടി വന്നു. 

തുടർന്ന് രണ്ടു വർഷത്തോളമാണ് അവരുടെ വിരഹം നീണ്ടു പോയത്. ഇക്കാലമത്രയും അഗത എന്ത് ചെയ്യുകയായിരുന്നു? പ്രണയം പറയുന്ന നോവൽ എഴുതിയെങ്കിലും പ്രസാധകൻ കിട്ടാത്തത് കൊണ്ട് ആ നോവൽ എന്നെന്നേയ്ക്കുമായി അവർ ഉപേക്ഷിച്ചു കളഞ്ഞു. ഒരുപക്ഷേ എഴുത്ത് തന്നെ ഉപേക്ഷിക്കണ്ടി വന്ന അവസ്ഥ. ആർച്ചിയുടെ വിരഹത്തിൻ നിന്ന് രക്ഷ നേടാനായി നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങളിൽ നിന്നാണ് അവർ വിഷങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നത്. ഏതാണ്ട് അതെ സമയത്താണ് ആഗതയുടെ സഹോദരി മാർഗ്ഗരറ്റുമായി തന്റെ പ്രിയപ്പെട്ട കഥാപാത്രം ഷെർലോക്ക് ഹോംസിനെക്കുറിച്ച് സംസാരിക്കുന്നതും. വായനയുടെ ലോകത്ത് ശ്രദ്ധിക്കപ്പെടണമെങ്കിൽ ഹോംസിനെപ്പോലെയൊരു കഥാപാത്രത്തെക്കൊണ്ടേ സാധിക്കൂ. 

‘‘നിന്നെക്കൊണ്ട് അതിനു കഴിയുമോ?’’

മാർഗ്ഗരറ്റിന്റെ ഈ ചോദ്യം അഗതയുടെ ഹൃദയത്തിലാണ് കൊണ്ടത്. എഴുതിയെ പറ്റൂ എന്ന അവസ്ഥയാണ്. പക്ഷേ എന്ത്, എങ്ങനെ, എന്ന ആശങ്കകൾക്കൊടുവിൽ ഹോംസിനെപ്പോലെ ഒരുവൻ എന്ന ആശയത്തിലേക്ക് ഒരു വെല്ലുവിളി എത്തുമ്പോൾ അടുത്ത പ്രശ്നം ഹോംസിനെ പോലെ ആര് എന്നതായിരുന്നു. ലോകം മുഴുവൻ ആരാധകരുള്ള കുറ്റാന്വേഷകൻ ഹോംസിന് പകരം ആരെ അവതരിപ്പിച്ചാണ് ശ്രദ്ധ നേടാൻ പറ്റുക? പലരും അതിനു ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയിട്ടുണ്ട്. അയാൾക്ക് പകരം ആരെയും ജനം സ്വീകരിക്കാ പോകുന്നില്ല. പക്ഷെ അഭയാർഥികളുടെ ഇടയിൽ നിന്നും കൂർത്ത മീശയുള്ള പൊക്കം കുറവുള്ള, ഹോംസിന്റെ നേരെ വിപരീതമായി ഉള്ള ഒരുവൻ അഗതയുടെ ഹൃദയത്തിലേറി. അയാളായി അവരുടെ കഥയിലെ നായകൻ. ഹെർക്യൂൾ പൊയ്‌റോ. എന്നാൽ ആദ്യ പുസ്തകം കൊണ്ടുതന്നെ പൊയ്‌റോ വായനക്കാരുടെ ആകാംക്ഷാഭരിതമായ ഹൃദയത്തെ പൊരിച്ചെടുത്തു. ‘‘ദ മിസ്റ്റിരിയസ് അഫെയർ അറ്റ്‌ സ്റ്റൈൽസ്’’ എന്ന ആദ്യ പുസ്തകം തന്നെ ഇംഗ്ളണ്ടിലെ ബെസ്റ്റ് സെല്ലെർ ലിസ്റ്റിൽ വളരെ വേഗം ഇടം പിടിച്ചു, അത് 1921 ൽ. പിന്നീടിങ്ങോട്ട് അഗത ക്രിസ്റ്റി എന്ന അപസർപ്പക എഴുത്തുകാരിയുടെ വളർച്ചാസമയമായിരുന്നു. ആഗതയേക്കാൾ പൊയ്‌റോ എന്ന കഥാപാത്രം വായനക്കാരുടെ പ്രിയപ്പെട്ട അന്വേഷകരിൽ ഒരാളായി. ലോകത്ത് ഏറ്റവുമധികം പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.

1926 ലെ ഡിസംബർ മാസത്തിൽ ‘‘ദ മർഡർ ഓഫ് റോജർ അക്രോയ്ഡ്’’ എന്ന പൊയ്‌റോ നോവൽ വായനയിൽ നിൽക്കുമ്പോൾ തന്നെയാണ് അഗതയെ കാണാതെയാകുന്നത്. ലോകം മുഴുവൻ ആരാധകരുള്ള ഒരു സ്ത്രീയ്ക്ക് അങ്ങനെ എങ്ങനെയാണു മാഞ്ഞു പോകാൻ കഴിയുന്നത്? അവർ മരണപ്പെട്ടോ, അതോ അവരെ ആരെങ്കിലും അപകടപ്പെടുത്തുകയോ തട്ടിക്കൊണ്ട് പോവുകയോ ഉണ്ടായോ? അതോ ചില ടാബ്ലോയ്ഡ് പത്രങ്ങൾ എഴുതിയതു പോലെ അടുത്ത പുസ്തകത്തിനുള്ള ഒരു ഗിമ്മിക്ക് ആയിരുന്നോ ആ അപ്രത്യക്ഷമാകൽ? 

എന്തായാലും പതിനൊന്ന് ദിവസങ്ങൾക്കു ശേഷം അഗതയെ യോർക്ഷെയറിലുള്ള ഒരു ഹോട്ടലിൽ നിന്ന് ഓർമ്മകൾ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്താനായി. പിന്നീട് പഴയ ഓർമ്മകളിലേക്ക് ചികിത്സ കൊണ്ട് തിരികെയെത്തിയ അഗത ഒരിക്കലും തന്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് ആരോടും സംസാരിച്ചതേയില്ല. ആത്മകഥയിൽ പോലും ആ ദിവസങ്ങളെക്കുറിച്ച് നിശബ്ദത അവർ എടുത്തണിഞ്ഞു. ആർക്കും പൂരിപ്പിക്കാൻ ആകാത്ത വിധത്തിൽ നിഗൂഢത നിറഞ്ഞൊരു മായ്ഞ്ഞു പോകലായിരുന്നു അഗതയുടെ ആ പതിനൊന്ന് ദിവസങ്ങൾ. ഒരു സ്ത്രീ പെട്ടെന്നൊരു ദിവസം ഭർത്താവിനോടോ മകളോടോ പറയാതെ വീട് വിട്ടു പോകുന്നത് എന്തിനായിരുന്നിരിക്കണം? അതിന്റെ ഉത്തരമാണ് ആ പതിനൊന്ന് ദിവസങ്ങളിൽ നിന്നും ‘‘നായികാ അഗത ക്രിസ്റ്റി’’ എന്ന പുസ്തകത്തിൽ അന്വേഷിക്കാൻ ശ്രമിച്ചത്. 

Nayika-agatha-christie

ഭർത്താവിന്റെ കാമുകിയായിരുന്ന നാൻസി നീൽ എന്നായിരുന്നു അഗത ക്രിസ്റ്റി കണ്ടു കിട്ടിയ ഹോട്ടലിൽ പേര് നൽകിയിരുന്നത് എന്നത് അവരുടെ ഓർമ്മകൾ നഷ്ടപ്പെട്ടു എന്ന പ്രസ്താവനയെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. ആർച്ചിബാൾഡിന്റെ പ്രണയം അഗതയുടെ മനസ്സമാധാനം കെടുത്തിയിരുന്നു. ഒടുവിൽ വിവാഹമോചനത്തിന്റെ വിഷയം കൂടി സംസാരിച്ചു കഴിഞ്ഞപ്പോഴേക്കുമാകണം ഭ്രാന്തിന്റെ വക്കോളമെത്തിച്ച ചിന്തകൾ അഗതയെക്കൊണ്ട് കടുത്ത തീരുമാനങ്ങൾ എടുപ്പിച്ചത്. എന്നാൽ അവരെ കാണാതായ ആ പതിനൊന്ന് ദിവസങ്ങൾ മുൾമുനയിലായിരുന്നു ആർച്ചി ഉൾപ്പെടെ എല്ലാവരും, എന്തിനു ലണ്ടൻ പൊലീസ് വിഭാഗം വരെ. ഫോഴ്സിലെ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ അണി നിർത്തിയ തിരച്ചിലും ലണ്ടന്റെ ചരിത്രത്തിൽ അഗതയ്ക്കു വേണ്ടിയായിരുന്നു. അത്രയ്ക്ക് വലിയ ആരാധക വൃന്ദം സ്വന്തമായുണ്ടായിരുന്ന ഒരാളെ കാണാതെ പോകുമ്പോൾ പിന്നെ എന്താണ് പൊലീസ് ചെയ്യേണ്ടത്! മൂന്ന് ദിവസങ്ങൾക്ക് ശേഷം അഗതയുടെ കാർ കണ്ടെത്തുമ്പോൾ അവിടെ ഒരു ആക്രമണ സാഹചര്യവും കാണാനുണ്ടായിരുന്നു. ഒപ്പം വണ്ടി ഇടിച്ച നിലയിലും. 

പതിനൊന്നാം ദിവസം കണ്ടെത്തുമ്പോൾ ഓർമ്മകൾ നഷ്ടപ്പെട്ടെന്ന പോലെ അഗത നിശബ്ദയായി. മറ്റൊന്നും അവർ പറഞ്ഞില്ല. ശരിക്കും അഗതയുടെ ജീവിതത്തിൽ എന്താവും സംഭവിച്ചത്? തിരികെയെത്തിയ ശേഷം അടുത്ത വർഷം അഗത ആർച്ചിയിൽ നിന്നും വിവാഹ മോചിതയായി. ആർച്ചി അയാളുടെ കാമുകി നാൻസി നീലിനെ വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം അഗത മരണം വരെ തനിയ്‌ക്കൊപ്പം നിന്ന മാക്സ് മല്ലൊവനെയും വിവാഹം കഴിച്ചു. 

അതിനു മുൻപെന്ന പോലെ ആ നിഗൂഢമായ അവസ്ഥയ്ക്ക് ശേഷവും അഗതയുടെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി തുടർന്നു. ഇപ്പോഴും അവ അങ്ങനെ തന്നെ തുടരുന്നു. ഒരു നൂറ്റാണ്ടിനിപ്പുറവും അഗതയുടെ ജനനവും പുസ്തകങ്ങളും ആഘോഷിക്കപ്പെടുന്നു. അവരുടെ നിഗൂഢതയെക്കുറിച്ച് അന്വേഷണങ്ങൾ നടക്കുന്നു, അതിനെ ബേസ് ചെയ്ത ഗോൺ ഗേൾ പോലെയുള്ള സിനിമകളും പുസ്തകങ്ങളും ഇറങ്ങുന്നു. ഇപ്പോഴും ഔട്ട് ഓഫ് സ്റ്റോക്ക് ആയ അവരുടെ പുസ്തകങ്ങളെ അന്വേഷിച്ച് വായനക്കാർ പരക്കം പായുന്നു. കാലം ഒരു എഴുത്തുകാരിയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. അഗത ക്രിസ്റ്റീ, നിഗൂഢതകളുടെ മഹാരാജ്ഞീ നിങ്ങളുപേക്ഷിച്ച പൊയ്‌റോട്ട് ഇതാ ഇവിടെയുണ്ട്... വായനക്കാരുടെ കൈകളിൽ, നിങ്ങളാകട്ടെ ഹൃദയത്തിലും.

English Summary: Queen of mystery writing Agatha Christie's birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;