തെറ്റു ചെയ്യുന്നതിനെക്കാൾ നെറികേടാണ് മറ്റൊരാളുടെ തെറ്റിനു വിലയിടുന്നത്

subdhadinam-what-happens-when-you-admit-your-mistakes
SHARE

പേരക്കുട്ടികൾ രണ്ടുപേരും മുത്തശ്ശിക്കൊപ്പമാണു താമസം. മൂത്തവൻ കുസൃതിയാണെങ്കിലും മുത്തശ്ശിയുടെ ചൂരലിനെ പേടിയാണ്. ഒരുദിവസം വീട്ടിലെ കോഴിക്കുഞ്ഞുങ്ങൾ വരാന്തയിലൂടെ നടക്കുമ്പോൾ അവനൊരു വടിയെടുത്ത് അടികൊടുത്തു. ഒരെണ്ണം ചത്തുപോയി. ഇതുകണ്ട അനിയത്തി മുത്തശ്ശിയോടു പറയുമെന്നും അടികിട്ടുമെന്നും അവന് ഉറപ്പായി. അവൻ ഏറെ അപേക്ഷിച്ചതുകൊണ്ട് മുത്തശ്ശിയോടു പറയില്ലെന്ന് അവൾ വാക്കുകൊടുത്തു. പക്ഷേ, ഇടയ്ക്കു പിണങ്ങുമ്പോഴൊക്കെ കോഴിക്കുഞ്ഞിന്റെ കാര്യം പറഞ്ഞ് അനിയത്തി ഭീഷണിപ്പെടുത്തും. നിവൃത്തികെട്ട് അവൻ മുത്തശ്ശിയോട് എല്ലാം തുറന്നുപറഞ്ഞു. മുത്തശ്ശി പറഞ്ഞു: ‘നിനക്കിത് അന്നേ പറയാമായിരുന്നല്ലോ; സാരമില്ല’. 

ഏറ്റുപറച്ചിലുകൾ സമ്മാനിക്കുന്ന സ്വാതന്ത്ര്യം തടവറയിൽ നിന്നുള്ള മോചനത്തെക്കാൾ വലുതാണ്. അകപ്പെട്ടുപോകുന്ന തെറ്റുകൾക്കു മുകളിൽ അപരിചിതത്വത്തിന്റെയും അറിവില്ലായ്മയുടെയും മേൽക്കൂരയുണ്ടാകും. തെറ്റിന്റെ പരിണതഫലത്തെക്കാൾ തിരുത്തലിന്റെ അനന്തരഫലമാണ് തെറ്റു ചെയ്യുന്നവർ മുന്നിൽ കാണേണ്ടത്. തിരുത്താൻ ശ്രമിക്കുന്ന തെറ്റുകളെ എതിരാളികൾ പോലും സ്വാഗതം ചെയ്യും. തെറ്റിന്റെ കുറ്റബോധവും മറച്ചുവയ്ക്കലിന്റെ സമ്മർദവും കൂടിച്ചേർന്ന് സമാധാനവും സമനിലയും നഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് സത്യം തുറന്നുപറഞ്ഞു സ്വതന്ത്രമാകുന്നത്. പറ്റിയ തെറ്റുകൾ മറ്റൊരാൾക്കു വിലപേശാൻ അടിയറവയ്ക്കുന്നതിലും ഭേദം, മറ്റുള്ളവർ അറിഞ്ഞാണെങ്കിലും സ്വയം തിരുത്തുന്നതാണ്. 

ഒരാളുടെ അബദ്ധങ്ങളെ ചൂഷണം ചെയ്യുന്നവരാണ് മനഃസാക്ഷിയില്ലാത്ത മുതലെടുപ്പുകാർ. നേരിട്ടു തോൽപിക്കാൻ കഴിയാത്തവന്റെ ബലഹീനതകൾ മുതലെടുക്കുന്നതു തരംതാണ തന്ത്രമാണ്. തെറ്റു ചെയ്യുന്നതിനെക്കാൾ നെറികേടാണ് മറ്റൊരാളുടെ തെറ്റിനു വിലയിടുന്നത്. അപരനെ കുറ്റംവിധിക്കാനും ഭീഷണിപ്പെടുത്താനും മാത്രം നിരപരാധിത്വവും നിഷ്കളങ്കതയും ആർക്കാണുള്ളത്? മറ്റുള്ളവരുടെ പിഴവുകളുടെ പട്ടികയുമായി നടക്കുന്ന പലർക്കും സ്വന്തം തെറ്റുകൾ മറയ്ക്കാനുണ്ടാകും.

English Summary : Subhadinam : What happens when you admit your mistakes?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;