‘ഞമ്മള് മാമു തൊണ്ടിക്കോട്, കല്ലായീലെ മര മില്ലിലാണ് പണി, ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?’

HIGHLIGHTS
  • കൃഷ്ണമ്മാഷ് മുതൽ മാമുക്കോയ വരെ എന്റെ അധ്യാപകരാണ്
  • കോഴിക്കോട്ടുകാരുടെ ഭാഷയിൽ, ശരീരചലനത്തിൽ മാമുക്കോയയുണ്ട്.
Mammukkoya-literature
കൃഷ്ണൻ മാഷ്, മാമുക്കോയ
SHARE

ടഗോർ കൃഷ്ണൻ മാഷ് മുതൽ മാമു തൊണ്ടിക്കോട് വരെ...

അതിരാവിലെയാണ്, വാതിൽ തുറന്നപ്പോൾ ഒരു യുവാവ് പുറത്തു നിൽപുണ്ട്. ഫോക്നർ അയാളോട് അകത്ത് കയറിയിരിക്കാൻ പറഞ്ഞു. അമേരിക്കയും കടന്ന് ഫോക്നറുടെ നോവലുകൾ ലോകസഞ്ചാരം തുടങ്ങിയ കാലത്തു നടന്ന സംഭവമാണ്, ഫോക്നര്‍ക്ക് നൊബേല്‍ സമ്മാനം കിട്ടുന്നതിനെല്ലാം മുമ്പാണിത്.

‘സര്‍, ഞാനൊരു നോവലെഴുതിയിട്ടുണ്ട്. സാറതൊന്നു വായിക്കണം’ – അയാള്‍ പറഞ്ഞു. പേപ്പർകെട്ടെടുത്ത് അയാൾ മേശപ്പുറത്തു വച്ചപ്പോൾ ഫോക്നർ ചോദിച്ചു, ‘ഇപ്പോൾ വായിക്കണമെന്നുണ്ടോ? നോവലല്ലേ, ഞാന്‍ വായിച്ചോളാം.’ യുവാവിന് ക്ഷമയുണ്ടായിരുന്നില്ല. വല്ലോം കിട്ടിയിട്ടേ പോകൂ എന്ന നിലയിലായിരുന്നു അയാൾ. ‘സാർ, നോവലെഴുത്തിനെക്കുറിച്ച് സാറെനിക്ക് വിലപ്പെട്ട ചില ഉപദേശങ്ങള്‍ തന്നാലും മതി.’ അയാൾ പറഞ്ഞു. ചിരിച്ചു കൊണ്ട് ഫോക്നര്‍ പറഞ്ഞു. ‘ഒറ്റ ഉപദേശമേ എനിക്ക് തന്നു വിടാനുള്ളൂ, എഴുതുമ്പോൾ മനുഷ്യസ്വഭാവത്തെക്കുറിച്ച് എഴുതൂ എന്ന് !!’  

പുസ്തകങ്ങൾ പോലെ ചില മനുഷ്യരുണ്ട്, അവരെക്കാണുമ്പോൾ ഞാൻ ഫോക്നറെ ഓർക്കും. അത്രമേൽ ഭംഗിയിൽ ഈ മനുഷ്യരെ ആവിഷ്കരിക്കാനാകുമോ എന്നറിഞ്ഞുകൂടാ. കാതിനെ ലക്ഷ്യമാക്കിയുള്ള വാക്കുകള്‍ കണ്ണിനുവേണ്ടിയുള്ളതല്ല എന്നു പറയാറുണ്ട്. കണ്ടും കേട്ടും അനുഭവിച്ച അനുഭൂതി എഴുതി വരുമ്പോൾ കിട്ടണമെന്നില്ല. ഉദാഹരണത്തിന് ഞാൻ ചിലതു പറയാം. ആനനം, ആസ്യം, വക്ത്രം, വദനം !! വായിക്കുമ്പോൾ വല്ലോം തോന്നുന്നുണ്ടോ? കുട്ടിക്കാലങ്ങളിൽ  മലയാളം ക്ലാസ് കേട്ടതിന്റെ നേരിയ സ്മരണയ്ക്കപ്പുറത്ത് ഒരു കുന്തവും തോന്നാനില്ല, എനിക്കറിയാം. എനിക്ക് പക്ഷേ എഴുതിയറിയിക്കാനാകാത്ത അനുഭൂതിയുണ്ട് ഈ വാക്കുകൾ വീണ്ടും പറയുമ്പോൾ.

ആനനം, ആസ്യം, വക്ത്രം, വദനം !! 

എത്രാം ക്ലാസായിരുന്നുവെന്ന് എനിക്കോർമയില്ല. ക്ലാസിലന്ന് കൃഷ്ണൻ മാഷാണ്. ഇതാ ദൈവം എന്നു തോന്നിപ്പിച്ച മനുഷ്യരുടെ വിരലിലെണ്ണാവുന്ന ഒരു പട്ടികയുണ്ട് എന്റെ കൈയ്യിൽ. അതിലെപ്പഴും പി.സി.കൃഷ്ണൻ മാസ്റ്റർ ഉണ്ട്. ടോള്‍സ്റ്റോയിയുടെ ഒരു നോവല്‍ കൈയിൽ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘ഇതാ ദൈവം’ എന്ന് വിളിച്ചു പറഞ്ഞ് ദസ്തയേവ്സ്കി തെരുവിലൂടെ ഓടിയതാണ് ഞാനിപ്പോൾ ഓർക്കുന്നത്. മനുഷ്യൻ മനുഷ്യനെ ദൈവം എന്ന് വിളിച്ചതിന്റെ ഓർമകൾ വേറെയുമുണ്ട് കേട്ടോ. ബോദലേര്‍ കവിയല്ല, ഈശ്വരനാണ് എന്ന് ഫ്രഞ്ച് കവി റങ്ബോ എഴുതിയതു പോലെ പലതും. ദസ്തയേവ്സ്കിക്ക് ടോള്‍സ്റ്റോയിയെപ്പോലെ, റങ്ബോവിന് ബോദലേറിനെപ്പോലെ എനിക്ക് കൃഷ്ണൻ മാഷ്.

കാവിലുംപാറ ഗവ.യുപി സ്കൂളിലാണ് ഞാനന്ന് പഠിക്കുന്നത്. എനിക്കെന്താനനം ! എന്താസ്യം !! മേപ്പറഞ്ഞ നാലിൽ അന്നല്പം അറിയാവുന്നത് വക്രമാണ്. വക്രമല്ല - വക്ത്രം, പല വട്ടം മാഷും ഞാനും മുഖാമുഖം നിന്ന് ഇക്കളി കളിച്ചിട്ടുണ്ട്. കാവിലുംപാറ സ്കൂളിലെ അക്കാലത്തെ അധ്യാപകരുടെ മുഴുവൻ പട്ടികയൊന്നും ഞാനിവിടെ നിരത്തുന്നില്ല. മാതളനാരങ്ങയിൽ അച്ചാർപൊടി തേച്ച് വിൽക്കുന്ന തൊമ്മിച്ഛാച്ചൻ മുതൽ, പുളിപ്പൊടിയും മജാക്കറച്ചാറും തേൻമുട്ടായിയും വിറ്റ ഉണ്ണിയേട്ടൻ വരെയുള്ള ദിവസവേതനക്കാരായ പാർട്ട് ടൈം ടീച്ചേഴ്സുണ്ട് ആ പട്ടികയിൽ. ഇവരെല്ലാം എന്റെ മാഷമ്മാരാണ്.

ആടുതോമയുടെ ലോറിപ്പുറത്തു കയറി ‘ചെകുത്താൻ’ എന്ന ബോർഡ് മായ്ച്ച് ചാക്കോ മാഷ് ‘സ്ഫടികം’ എന്നെഴുതിയതുപോലെ, ഒരു രാത്രി ആരും കാണാതെ ചെന്ന് കാവിലുംപാറ സ്കൂളിന്റെ  ബോർഡിനു മുകളിൽ ‘വിശ്വഭാരതി’ എന്നെഴുതണമെന്ന് ഞാനെപ്പോഴും ചിന്തിക്കും. വിശ്വഭാരതിയുടെ നെറ്റിയിൽ ‘യത്ര വിശ്വം ഭവത്യേക നീഡം’ എന്ന് ടഗോർ കോറിയിട്ടിട്ടുണ്ട്. ലോകം ഒരു പക്ഷിക്കൂട് പോലെയാണെന്ന് എന്നെ പഠിപ്പിച്ചത് ആ സ്കൂളാണ്. കൃഷ്ണൻ മാഷ് എനിക്ക് ടഗോർ കൃഷ്ണമ്മാഷുമാണ്. 

കൃഷ്ണൻ മാഷ് ചോദിച്ചു: മുഖത്തിന്റെ പര്യായങ്ങളറിയുമോ ? എനിക്കെന്താനനം !എന്താസ്യം !! ഞാൻ പറഞ്ഞു: ‘മീട് !!’ ഇപ്പക്കിട്ടും എന്ന ഭാവത്തിൽ എല്ലാവരും എന്നെത്തന്നെ നോക്കിയിരിപ്പാണ്. കൃഷ്ണൻ മാഷ് തല്ലിയില്ല. ചുമലിൽ കൈ വെച്ച് സ്നേഹത്തോടെ പറഞ്ഞു: ‘മീട് മാത്രമല്ല കുട്ടാ - മോന്ത, മൊത്തി, ചെള്ള ഇങ്ങനെ കുറേയുണ്ട്. അതൊക്കെ നമ്മക്കറിയാവുന്നതാണ്. ഇനി നമ്മൾക്കറിഞ്ഞുകൂടാത്ത ഒരു മൂന്നാലെണ്ണം നമ്മളെ അറിഞ്ഞുകൂടാത്ത മനുഷ്യമ്മാർക്ക് വേണ്ടി വേറെയും പഠിക്കണം - ആനനം, ആസ്യം, വക്ത്രം, പറയ് ആനനം, ആസ്യം, വക്ത്രം, വദനം ...’

Mamukkoya
മാമുക്കോയ. ചിത്രം മനോരമ.

വരവേൽപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള കഥ മാമുക്കോയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാത്രിയാണ്, കള്ളിൽക്കുളിച്ച് അലമ്പുണ്ടാക്കാൻ കൃഷ്ണൻകുട്ടി നായരുടെ കഥാപാത്രം വരുന്ന ഒരു സീനുണ്ട്. ‘ഇയാളെ എന്ത് ചെയ്യണം ?’ മോഹൻലാലിന്റെ കഥാപാത്രം ചോദിച്ചു. മാമുക്കോയ പറഞ്ഞു, ‘ഇയാളെ പൊരയിൽ കൊണ്ടിടാം’. മോഹൻലാല് ഞെട്ടി, ഡയലോഗ് മാറിയിരിക്കുന്നു. ക്യാമറ റോളിങ്ങാണ്. ‘പൊഴയിലോ?’ മോഹൻലാൽ  ചോദിച്ചു. ‘എന്റെ പൊരയില്’ മാമുക്കോയ വീണ്ടും പറഞ്ഞു. ഇതാണ് ഞങ്ങടെ ഭാഷ. നിങ്ങടെ വീട് ഞങ്ങക്ക് പൊരയാണ്, നിങ്ങടെ മുഖം ഞങ്ങക്ക് മീടാണ്. ആദ്യായിട്ട് കേൾക്കുമ്പോ പക്ഷേ അന്തം വിട്ട് പോകും. 

മാമുക്കോയയെ ആദ്യായിട്ട് കണ്ട അനുഭവം സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ചർച്ച കോഴിക്കോട് മഹാറാണിയില്‍ നടക്കുമ്പഴാണ്. ‘ഈ പടത്തിൽ പരീക്ഷിക്കാവുന്ന ഒരാളുണ്ട്, മാമു തൊണ്ടിക്കോട്.’ ശ്രീനിവാസൻ പറഞ്ഞു. പിറ്റേന്നു കാലത്ത് മാമു തൊണ്ടിക്കോട് വന്നു. സത്യൻ അന്തിക്കാട് എഴുതി: ‘കൊള്ളിക്കഷണം പോലെയുള്ള ഒരു മനുഷ്യന്‍, പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും ഞാന്‍ സംശയിച്ചുപോയി.’ 

‘ഞമ്മള് മാമു തൊണ്ടിക്കോട്. കല്ലായീലെ മര മില്ലിലാണ് പണി. ശ്രീനിവാസന്‍ പറഞ്ഞിട്ടാ വന്നത്. ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?’ സത്യൻ അന്തിക്കാട് വീണ്ടും ഞെട്ടി. സത്യൻ അയാളെത്തന്നെ നോക്കി. ‘ങ്ങള് ഇങ്ങനെ നോക്കിനിന്ന് ഞമ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാന്‍സില്ലെങ്കില്‍ ഞമ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട് !’ ലോകചരിത്രത്തിൽ ഇതുപോലെ ചാൻസ് ചോദിച്ച മറ്റൊരാളുണ്ടാവില്ല. ഒരു സംവിധായകന്റെ ആജ്ഞാശക്തി മുഴുവൻ പെട്ടിയിൽ മടക്കിവെച്ച് സത്യൻ അന്തിക്കാട് പറഞ്ഞു ‘ശ്രീനിവാസന്‍ വന്നിട്ടു പറയാം, കഥാപാത്രം ഏതാണെന്നൊന്നും തീരുമാനിച്ചിട്ടില്ല.’ മുണ്ടു മാടിക്കുത്തി, കാറ്റില്‍ രണ്ട് കയ്യും വീശി മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു, ‘അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിന്‍.’

ടഗോർ മാമുക്കോയ !! കൃഷ്ണമ്മാഷ് മുതൽ മാമുക്കോയ വരെ എന്റെ അധ്യാപകരാണ്. ഉറപ്പായും ഓരോ കോഴിക്കോട്ടുകാരനും മാമുക്കോയ ഒരു മാഷായിരിക്കും. കോഴിക്കോട്ടുകാരുടെ ഭാഷയിൽ, ശരീരചലനത്തിൽ എല്ലാം മാമുക്കോയയുണ്ട്. ഓരോരുത്തരിലും അത് ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കും എന്ന് മാത്രം. 1986 ലാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് പുറത്ത് വരുന്നത്, ഞാനുണ്ടായ കൊല്ലമാണത്. അന്നുമുതലിന്നോളം മാമുക്കോയ അങ്ങനന്നെയുണ്ട്. പഴയ മാമു തൊണ്ടിക്കോട് തന്നെയാണ് എന്നുമയാൾ. മാമുക്കോയ മാഷ് എന്നെ പഠിപ്പിച്ചത് അതാണ്. നമുക്കെന്താനനം, എന്താസ്യം എന്ന് !! മാറരുത്, മീടും മൊത്തിയും മോന്തയും ചെള്ളയുമായി ടഗോർ കൃഷ്ണൻ മാഷിന്റെ കുട്ടനായിത്തന്നെ ഇങ്ങനേ ജീവിക്കണം എന്ന്. 

മിലാന്‍ കുന്ദേരയുടെ മാസ്റ്റര്‍പീസ് നോവൽ, ദ് ബുക്ക് ഓഫ് ലാഫർ ആൻഡ് ഫൊർഗറ്റിങ്ങിന്റെ അവസാന ഭാഗത്ത് ഫിലിപ്പ് റോത്ത്, കുന്ദേരയുമായി നടത്തിയ സംഭാഷണം കാണാം. അതില്‍ കുന്ദേര പറയുന്നുണ്ട്: ‘I have been terrified by a world that is losing it sense of humor !’ എന്ന്. നർമബോധം നഷ്ടപ്പെടുന്ന ലോകത്തെയാണ് ഞാൻ പേടിക്കുന്നതെന്ന്.  ടഗോർ കൃഷ്ണൻമാഷ് മുതൽ മാമു തൊണ്ടിക്കോട് വരെയുള്ള മനുഷ്യർ നിർമിച്ച ലോകം നഷ്ടപ്പെടുമോയെന്ന ആധിയാണത്. ഇങ്ങനേയങ്ങ് ജീവിക്കാൻ പാകത്തിൽ എന്നും എപ്പോഴും ഈ ലോകം എന്റെ ചുറ്റുമുണ്ടായെങ്കിൽ !!

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;