വിക്ടർ ഹ്യൂഗോയും പാബ്ലോ നെരൂദയും എങ്ങനെയാണു മലയാളിക്ക് ഇത്രമേൽ പ്രിയങ്കരരായത്?

international-translation-day-colash-image
SHARE

കൊച്ചി ∙ ലിയോ ടോൾസ്റ്റോയിയും ഫിയദോർ ദസ്തയേവ്സ്കിയും പാബ്ലോ നെരൂദയും വിക്ടർ ഹ്യൂഗോയുമെല്ലാം എങ്ങനെയാണു മലയാളിക്ക് ഇത്രമേൽ പ്രിയങ്കരരായത്? ബഷീറും തകഴിയും എംടിയുമെല്ലാം എങ്ങനെയാണു വിശ്വസാഹിത്യകാരന്മാരായത്. വിവർത്തനമെന്നൊരു സാഹിത്യശാഖ വളർന്നുവന്നില്ലായിരുന്നെങ്കിൽ വിശ്വസാഹിത്യമെന്ന പ്രയോഗംതന്നെ ഉണ്ടാകുമായിരുന്നില്ല. ഇന്നു വിശ്വ വിവർത്തനദിനം. ഏതു ഭാഷയിലെഴുതിയാലും അതു ലോകത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കുന്ന ചാലകങ്ങളായ വിവർത്തനശാഖയുടെ ദിനം. വിദേശഭാഷകളിലേക്കു മാത്രമല്ല, മലയാളം സഹ്യനും കടന്നു രാജ്യത്തെ ഇതര ഭാഷകളിലേക്കും പടരാൻ വിവർത്തനങ്ങൾ സഹായകമായി. ബഷീറും തകഴിയും എംടിയും മാത്രമല്ല, മലയാളത്തിലെ പുതിയ എഴുത്തുകാരുടെയും പുസ്തകങ്ങൾ ഇംഗ്ലിഷിലേക്കും മറ്റു ലോക ഭാഷകളിലേക്കും തമിഴിലേക്കും ഹിന്ദിയിലേക്കും കന്നഡയിലേക്കും ബംഗാളിയിലേക്കുമെല്ലാം മൊഴിമാറ്റം ചെയ്യപ്പെടുന്നു. 

വിവർത്തനത്തിലെ ജനാധിപത്യം 

anitha-nair-writer
അനിത നായർ (ഇന്ത്യ–ഇംഗ്ലിഷ് എഴുത്തുകാരിയും വിവർത്തകയും)

പണ്ടു ചില ഭാഷകളിൽനിന്നു മാത്രമേ സ്ഥിരം വിവർത്തനങ്ങൾ നമുക്കു ലഭിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന് ഇംഗ്ലിഷ്, സ്പാനിഷ്, റഷ്യൻ, ജർമൻ, ഫ്രഞ്ച് തുടങ്ങിയവ. എന്നാൽ ഇന്നു കൊറിയൻ പോലുള്ള ഭാഷകളിൽ നിന്നുപോലും വിവർത്തനങ്ങൾ വന്നുതുടങ്ങി. ഇംഗ്ലിഷിനു പുറമെ മറ്റു വിദേശഭാഷകളും കൈകാര്യം ചെയ്യാൻ കഴിവുള്ളവരുടെ എണ്ണം വർധിച്ചു. ഇതിനാൽ ഒരുപാടു വിവർത്തനങ്ങൾ ലഭ്യമാണിന്ന്. ഇംഗ്ലിഷിനു പുറമെ മറ്റു ഭാഷകളിൽനിന്നുള്ള പുസ്തകങ്ങളും ലഭ്യമാകുന്നു. ബംഗാളി പോലുള്ള ഇന്ത്യൻ ഭാഷകളിൽനിന്നുള്ള പുസ്തകങ്ങളും വന്നുതുടങ്ങി. മുൻപ് ബഷീർ, തകഴി, എംടി പോലെയുള്ള അതിപ്രഗല‌്‌ഭരുടെ പുസ്തകങ്ങൾ മാത്രമാണു മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നത്. ഇന്നു ടി.പി.രാജീവൻ, ടി.ഡി.രാമകൃഷ്ണൻ, എസ്.ഹരീഷ് തുടങ്ങി ഒട്ടേറെ പ്രഗല്‌ഭരായ എഴുത്തുകാരുടെ പുസ്തകങ്ങളും ഇംഗ്ലിഷിൽ ലഭ്യമാണ്. ഇതു സമീപകാലത്തുവന്ന കാര്യമായ മാറ്റമാണ്. 

സാഹിത്യത്തെ  സമ്പുഷ്ടമാക്കി  

venu-v-desom-writer
വേണു വി.ദേശം (എഴുത്തുകാരൻ, വിവർത്തകൻ)

ദസ്തയേവ്സ്കിയുടെ ‘ദ് ബ്രദേഴ്സ് ഓഫ് കരാമസോവ്’ വായിച്ചതോടെയാണു ഞാൻ അദ്ദേഹത്തിൽ ആകൃഷ്ടനായത്. തുടർന്ന് അദ്ദേഹത്തിനു പിന്നിൽ ഒരു സഞ്ചാരമായിരുന്നു. അങ്ങനെ ദസ്തയേവ്സ്കി രചിച്ച 19 കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. അങ്ങനെയായിരുന്നു തുടക്കം. ദസ്തയേവ്സ്കിയെയും ആന്റൺ ചെക്കോവിനെയുമെല്ലാം പാശ്ചാത്യ സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയത് 1861–1946 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കോൺസ്റ്റൻസ് ഗാർനെറ്റ് എന്ന ഇംഗ്ലിഷുകാരിയായിരുന്നു. മുപ്പതുകൾ മുതൽ ദസ്തയേവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്കു വന്നിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മലയാളത്തിൽ ഒരുപാടു കൃതികളുണ്ടായിട്ടുണ്ട്. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ നാലപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്കു തർജമ ചെയ്തിട്ടുണ്ട്. ‘പാവങ്ങളെ’ പിൻപറ്റിയും മലയാളത്തിൽ കൃതികൾ പിറന്നു. അതിനു മുൻപു രാജവാഴ്ചയുമായും പുരാണങ്ങളുമായും ബന്ധപ്പെട്ട കൃതികളാണു മലയാളത്തിലുണ്ടായിരുന്നത്. തർജമകൾ സാഹിത്യത്തെ സമ്പുഷ്ടമാക്കിയെന്നും പറയാം.

English Summary : September 10 - International Translation Day Special 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;