ADVERTISEMENT

ഒരു സ്ത്രീ. ആദ്യമായാണ് നിങ്ങളവരെ കാണുന്നത്. കാണുമെന്നുറപ്പുള്ളതുകൊണ്ട് സംസാരിക്കാൻ മുൻകൂട്ടി തീരുമാനിച്ച വിഷയങ്ങൾ നിങ്ങളുടെ ഉള്ളിലുണ്ട്. പ്രതീക്ഷിച്ച പോലെ, പ്രതീക്ഷിച്ച നേരത്ത് അവരെ കാണുന്നു. അവർ സംസാരിക്കാൻ തുടങ്ങുന്നു, നിങ്ങളും. ഇത്രയും കാര്യങ്ങൾ മനസ്സിൽ കണ്ടതിനു ശേഷം മാത്രമേ ഇനി പറയുന്നതു വായിക്കാവൂ.

 

തുടങ്ങട്ടെ? 

ഒരു സ്ത്രീ, ആദ്യമായാണ് നിങ്ങളവരോട് സംസാരിക്കുന്നത്. അവർ എന്തൊക്കെ സംസാരിക്കുമെന്നും അവരോടെന്തൊക്കെ ചോദിക്കണമെന്നും നിങ്ങൾക്കു നല്ല ധാരണയുണ്ട്. ബുദ്ധിശാലിയാണ് നിങ്ങൾ. ചിരിച്ചു കൊണ്ട്, കൗശലക്കാരനായ നിങ്ങൾ ആദ്യത്തെ ചോദ്യമെറിയുന്നു: ‘‘മാം, നിങ്ങളൊരു ബഹുമുഖ പ്രതിഭയാണ്. എങ്ങനെ പരിചയപ്പെടുത്തണം എന്ന കൺഫ്യൂഷനുണ്ട് എനിക്ക്. അതൊന്നു തീർത്തു തരാമോ, ഒറ്റ വാക്കിൽ പറയാമോ - ആരാണ് നിങ്ങൾ ?’’ 

 

പലതുമായ ഒരാൾക്ക്, പലകുറി ആലോചിച്ചേ അതിനുത്തരം തരാനൊക്കൂ. ആ ഗ്യാപ്പിൽ ചിരിക്കാനുള്ള ചിരി മുഖത്ത് ഫിറ്റ് ചെയ്താണ് നിങ്ങളുടെ ഇരിപ്പ്. പക്ഷേ, അതോണാവും മുമ്പ് അവരുടെ മറുപടി വരുന്നു, ‘‘ഞാൻ സെക്‌ഷ്വലി ആക്ടീവായ ഒരു സ്ത്രീയാണ്.’’ 

ഇനി നിങ്ങൾ എന്തു ചെയ്യും ?

Joumana-Haddad
ചിത്രത്തിന് കടപ്പാട് – സമൂഹമാധ്യമം

 

‘‘ഞാൻ പലതുമാണെന്നു നിങ്ങൾ പറയും, പക്ഷേ ഇതു പറയില്ല. പെണ്ണ് പലതുമാണ് എന്നൊക്കെ ആണുങ്ങൾ എഴുതും. പക്ഷേ അവൾ സെക്‌ഷ്വലി ആക്ടീവ് ആണ് എന്നെഴുതില്ല. അതോടെ തീരും നിങ്ങൾ ഉണ്ടാക്കിവച്ച ലോകം !! അതു പറയാൻ മാത്രമായി ഒരു ഇറോട്ടിക് മാഗസിൻ പുറത്തിറക്കിയ അറബ് സ്ത്രീയാണ് ഞാൻ. അതു പറയാൻ മാത്രമായി എഴുത്തുകാരിയായവളാണ് ഞാൻ. എന്റെ പേര് ജുമാന ഹദാദ്.’’

 

ജുമാന ഹദാദ്, അറബ് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട എഴുത്തുകാരി. അഡൽറ്റ്സ് ഒൺലി എന്ന് വെണ്ടക്കാ വലുപ്പത്തിലെഴുതിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വിപണിയിലെത്തുന്ന ‘ജസാദ്’ എന്ന ഇറോട്ടിക് മാഗസിന്റെ എഡിറ്റർ. ജസാദ് എന്ന അറബി വാക്കിന് ‘ബോഡി’ എന്നാണർഥം. ഒരു സ്ത്രീ എഡിറ്ററായ ലോകത്തെ ആദ്യ ലൈംഗിക മാസിക, ജസാദ് !! 200 പേജുകൾ, ഇരുന്നൂറും തിളങ്ങുന്ന ഓയിൽപേപ്പറുകൾ. വില - 10 ഡോളർ.

 

ഇതുപോലൊരാഗോള ബ്രാൻഡ് എനിക്കറിയാമായിരുന്നു; അതിന്റെ എഡിറ്ററെയും. പ്ലേ ബോയ് മാഗസിന്റെ സ്ഥാപകൻ ഹഗ് ഹെഫ്നറെ. ജുമാനയ്ക്ക് ആ കംപാരിസൺ ഇഷ്ടമായില്ല, ‘‘ഇത് ‘പ്ലേ ബോയ്’ അല്ല. ഞാൻ അറബ് ലോകത്തെ ഹഗ് ഹെഫ്നറുമല്ല. അയാളെക്കാൾ അപകടകാരിയാണ് ഞാൻ.’’ 

 

സത്യം, പരിചയപ്പെട്ട മറ്റാരെക്കാളും അപകടകാരിയായിരുന്നു എനിക്ക് ജുമാന. കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാവണം ജുമാന ചോദിച്ചു, ‘‘ഞാനങ്ങോട്ട് ചോദിക്കട്ടെ,’’ 

Joumana-Haddad-lijeesh
ജുമാന ഹദാദ്, ലിജീഷ് കുമാർ

ഞാനനങ്ങിയില്ല. എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുന്ന ചോദ്യങ്ങൾ കേട്ട് ഉത്തരം മുട്ടിയിട്ടുണ്ടോ എപ്പോഴെങ്കിലും? ഇല്ലെങ്കിൽ ദാ കേൾക്ക്, ഒരു സ്ത്രീ - ആദ്യമായാണ് നിങ്ങളവരോട് സംസാരിക്കുന്നത്. അവർ എന്തൊക്കെ സംസാരിക്കുമെന്നും അവരോടെന്തൊക്കെ ചോദിക്കണമെന്നും നിങ്ങൾക്ക് നല്ല ധാരണയുണ്ട്. അവർ ചോദിക്കുന്നു: ‘‘നിങ്ങൾ പോൺ വിഡിയോകൾ കാണാറുണ്ടോ? കിടക്കയ്ക്കടിയിൽ ഭാര്യ കാണാതെ ലൈംഗിക മാഗസിനുകൾ ഒളിപ്പിച്ചിട്ടുണ്ടോ?’’

 

ഞാൻ പെട്ടെന്ന് സ്റ്റക്കായിപ്പോയി. ഇപ്പോൾ ജുമാനയുടെ കോർട്ടിലാണ് ചിരി !! ജുമാന പറഞ്ഞു: ‘‘മുലകൾ, രതിമൂർച്ഛ എന്നൊക്കെ ഞാനറബിയിൽ പറയുമ്പോൾ, എന്താണീ സംസാരിക്കുന്നതെന്നറിയാതെ വാ പൊളിച്ചു നോക്കുന്ന ചെറുപ്പക്കാരെ ഞാനറേബ്യയിൽ കണ്ടിട്ടുണ്ട്. ബൂബ്സ്, ഓർഗാസം എന്നാക്കെ എഴുതിയാൽ അവർക്കു മനസ്സിലാവും. മാതൃഭാഷയിൽ പവിത്രതയും ഇംഗ്ലിഷിൽ ആനന്ദവും തേടുന്ന മനുഷ്യരാണ് ഇന്നു ലോകത്തുള്ളത്. അടിമുടി ഇരട്ട മനുഷ്യർ !!’’ ഞാനെന്റെ ചുണ്ടിൽ തൊട്ടു നോക്കി. ഇല്ല, വാ പൊളിച്ചിട്ടില്ല. എന്നെക്കുറിച്ചല്ല, ഞാനാശ്വസിച്ചു.

 

‘‘ജുമാന, നമ്മൾ ജസാദിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.’’

‘‘അല്ല, നമ്മൾ കിടക്കയ്ക്കടിയിൽ ഭാര്യ കാണാതെ ഒളിപ്പിച്ച ലൈംഗിക മാഗസിനുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ജസാദ് അതല്ല എന്നാണ് ഞാൻ പറയാൻ വന്നത്. പുരുഷന്മാർക്കു സ്വയംഭോഗം ചെയ്യാൻ രൂപകൽപന ചെയ്യപ്പെടുന്ന മാസികകൾ എന്നതാണ് ഇറോട്ടിക് മാഗസിനുകളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ. ഞാൻ സെക്‌ഷ്വലി ആക്ടീവായ ഒരു സ്ത്രീയാണ്, എന്റെ മാഗസിൻ ആണാനന്ദത്തിനു മാത്രമുള്ളതല്ല. ഇവിടെ എല്ലായിടത്തും എപ്പോഴും എറിച്ചു നിൽക്കുന്ന പുല്ലിംഗത്തെ ഞങ്ങൾക്കു മറികടക്കേണ്ടതുണ്ട്. അതാണ് ജസാദിന്റെ ലക്ഷ്യം. ആഗ്രഹങ്ങൾ തുറന്നു പറയുന്ന പെണ്ണിനെ പേടിക്കുന്ന, ശരീരത്തെ പേടിക്കുന്ന ഫണ്ടമെന്റലിസങ്ങളെയെല്ലാം ഞങ്ങൾ ശരീരം കൊണ്ട് വെല്ലുവിളിക്കുകയാണ്.’’

 

ബുദ്ധികൊണ്ട് അതു സാധ്യമല്ലേ എന്ന് ജുമാനയോട് ചോദിക്കൂ, ഒറ്റ വാക്കിൽ അവളതിനുത്തരം തരും: ‘‘ഐ കിൽഡ് ഷഹ്റാസാദ്’’ എന്ന്. ശിരച്ഛേദം ചെയ്യാനൊരുമ്പെട്ടു നിൽക്കുന്ന രാജാവിനെ ബുദ്ധിമതിയായ ഒരു പെൺകുട്ടി നിരന്തരമായി കബളിപ്പിക്കുന്ന കഥയാണ്  ഷഹ്റാസാദിന്റേത്. പക്ഷേ ജുമാന പറയും: ‘‘അന്യായവും പ്രകൃതിവിരുദ്ധവുമായ പുരുഷാധിപത്യ വ്യവസ്ഥയുടെ തണലിലാണ് ഞാൻ. ബുദ്ധിപൂർവം വഴിമാറി നടക്കാനും തന്ത്രപൂർവം ചർച്ച ചെയ്യാനുമുള്ള ശേഷിയാണ് ആൺലോകത്തെ സ്ത്രീയുടെ നിലനിൽപിന് അനിവാര്യമെന്ന് ഒരു ഷഹ്റാസാദിനെക്കാണിച്ചും എന്നെ പഠിപ്പിക്കരുത്.’’ എന്ന്.

 

‘‘മുഖാമുഖം നിൽക്കാൻ ശേഷിയില്ലാത്ത സ്ത്രീയെ സൃഷ്ടിച്ചത് -  കരുത്തയല്ലാത്ത, ചർച്ച ചെയ്യാൻ മാത്രമറിയുന്ന ദുർബലയായ സ്ത്രീയെ സൃഷ്ടിച്ചത് ഷഹ്റാസാദ് എന്ന മാതൃകയാണ്. അത്തരം സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ആണിനോട് നേർക്കുനേർ നിന്ന് വിലപേശാൻ ശേഷിയുള്ള പെണ്ണുങ്ങളുടെ മാതൃക ഷെഹ്റാസാദല്ല. ഐ കിൽഡ് ഷഹ്റാസാദ്.’’

 

ഷഹ്റാസാദിനെ എനിക്കിഷ്ടമായിരുന്നു. ജുമാന പക്ഷേ അവളെയും കൊന്നുകളഞ്ഞു. ജുമാന, നിങ്ങളെന്നെ വഴി തെറ്റിക്കുന്നു!!

 

ജുമാന പറഞ്ഞു, ‘‘വഴി തെറ്റരുത്. ആഗ്രഹമുള്ള വഴിയേ പോകുന്ന മനസ്സ് സ്വന്തമാക്കുകയാണു വേണ്ടത്; നമുക്കു മാത്രം പൂർണ നിയന്ത്രണമുള്ള ശരീരത്തെയും. വഴി തെറ്റാതിരിക്കുക എന്നത് നാം കേവലമായി ചിന്തിക്കുന്നതിനേക്കാൾ അർഥമുള്ള വാക്കാണ്. എനിക്കു പോകേണ്ട വഴിയേ പോകുമ്പോൾ മാത്രമാണ് ഞാൻ സ്വതന്ത്രയായിരിക്കുന്നത്. തെറ്റുന്ന വഴികളെല്ലാം അസ്വാതന്ത്ര്യത്തിലേക്കുള്ള വഴികളാണ്.’’

 

അവളെന്നോടു പറഞ്ഞു: വഴി തെറ്റരുത് !! ജുമാന, അതു പകർത്തിയെടുത്ത്, നിന്നെ മൊത്തമായും പകർത്തിയെടുത്ത് ഞാനെന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതുപോലെ തങ്കലിപികളിൽ എഴുതി സൂക്ഷിക്കേണ്ടവയ്ക്കു വേണ്ടി അവിടെ ഞാനൊരു നോട്ടുപുസ്തകം കരുതിയിട്ടുണ്ട്. ദ് ഗോൾഡൻ നോട്ട്ബുക്ക് എന്നാണതിനു പേര്, സുവർണ്ണ പുസ്തകം !! 

 

ആ പുസ്തകത്തിനു പിന്നിലും ഒരു പെണ്ണാണ്. റോഡേഷ്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഒരെഴുത്തുകാരി, പേര് അന്ന ഫ്രീമാൻ വൾഫ്. പല നിറങ്ങളുള്ള ചട്ടകളിൽ നാലു പുസ്തകങ്ങളുണ്ട് അന്നയ്ക്ക്. അതിലൊന്ന്, ഒരു ബ്ലൂ നോട്ട്ബുക്കാണ്. ഓർമകളും സ്വപ്നങ്ങളും  വൈകാരിക ജീവിതവും കുറിച്ചിട്ട അവളുടെ സ്വകാര്യ ഡയറിയാണത്. രണ്ടാമത്തേത്, ഒരു യെല്ലൊ നോട്ട്ബുക്കാണ്. അന്ന ഇപ്പോഴെഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ പണിപ്പുരയാണത്. മൂന്നാമത്തെ ബുക്ക് ബ്ലാക്ക് ബുക്കാണ്. അന്ന വിട്ടുപോന്ന റോഡേഷ്യ അതിലുണ്ട്, അവളുടെ കുട്ടിക്കാലവും. നാലാമത്തെ പുസ്തകത്തിലുള്ളത് അന്നയുടെ രാഷ്ട്രീയ ജീവിതമാണ്. അതൊരു റെഡ് ബുക്കാണ്. നാലുംകൂടി സ്വർണ്ണക്കളറുള്ള ഒരു നോട്ട് ബുക്കിലാക്കാനുള്ള ശ്രമത്തിലാണ് അന്നയിപ്പോൾ !! പുസ്തകത്തിന്റെ പേര് ദ് ഗോൾഡൻ നോട്ട്ബുക്ക്, സുവർണ്ണ പുസ്തകം !!

 

നോബൽ സമ്മാനം നേടിയ ബ്രിട്ടിഷ് - സിംബാബ്‌വിയൻ നോവലിസ്റ്റ് ഡോറിസ് ലെസ്സിങ്ങിന്റെ നോവലാണ് ദ് ഗോൾഡൻ നോട്ട്ബുക്ക്. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരെഴുത്തുകാരിയുടെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ ക്ലാസിക് പുസ്തകത്തിലൂടെയാണ് അന്നയെ ഞാൻ പരിചയപ്പെടുന്നത്. 

 

ഡോറിസ് ലെസ്സിങ് ഒരിക്കൽ പങ്കുവെച്ച ഒരു ചിത്രകാരന്റെ കഥയുണ്ട്. അതിങ്ങനെയാണ്: അയാൾ ഒരു ദിവസം ലെസ്സിങ്ങിനെ കാണാൻ വന്നു. അവളുടെ കഥയെഴുത്തിനെക്കുറിച്ചും അയാളുടെ വരയെക്കുറിച്ചും സംസാരിക്കുന്നതിനിടെ അയാൾ പറഞ്ഞു, ‘‘വരച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ചിലപ്പോഴൊക്കെ എനിക്കു തോന്നും. അതെന്താണെന്ന് പക്ഷേ എത്ര നോക്കിയാലും പിടികിട്ടില്ല. അത്തരം ദിവസങ്ങളിൽ, ഞാൻ പാതിരാത്രി എഴുന്നേറ്റ്, കിടക്കയിൽ നിന്നിഴഞ്ഞു ചെന്ന്, പെട്ടെന്ന് വിളക്കുകൾ മുഴുവൻ കത്തിക്കും !!’’ എന്തിനാണതെന്ന് ലെസ്സിങ് ചോദിച്ചതും, അയാളുടെ വിചിത്രമായ മറുപടി വന്നു. ‘‘അതോ, പടം എന്നെക്കാണുന്നതിനു മുമ്പ് എനിക്കതിനെ കാണണം. അതിനാണ് !!’’ എന്ന്. 

 

ഡോറിസ് ലെസ്സിങ് എഴുതി, ‘‘ഞാൻ എന്നെക്കാണുന്നതിനു മുമ്പ്, എനിക്കെന്നെക്കാണാൻ വേണ്ടി ഒരു പുതിയ പ്രകാശം പ്രസരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ !’’ അകത്തേക്കു നോക്കും മുമ്പ് കൂടുതൽ വെളിച്ചമുള്ള അകമുണ്ടാക്കാൻ എന്ന്. ഇടയ്ക്ക് ഞാനുമാലോചിക്കും, ഉള്ളിലേക്ക് നോക്കിത്തുടങ്ങുന്ന ദിവസത്തെപ്പറ്റി; അന്നെനിക്ക് ആത്മസംതൃപ്തി തരുന്ന ഉള്ളുണ്ടാക്കേണ്ടതിനെപ്പറ്റി. ഞാൻ എന്നെക്കാണുന്നതിനു മുമ്പ്, എനിക്കെന്നെക്കാണാൻ വേണ്ടി, എന്നിലേക്ക് വരേണ്ടുന്ന മനുഷ്യരെപ്പറ്റി. അവരാൽ പുതുക്കിപ്പണിഞ്ഞുണ്ടാവേണ്ട എന്നെപ്പറ്റി !! അങ്ങനെയൊരാൾ വന്നു പോയതിന്റെ ഓർമയാണിത്; ജുമാനയുടെ. 

 

ജുമാന, ഞാൻ എന്നെക്കാണുന്നതിനു മുമ്പ്, എനിക്കെന്നെക്കാണാൻ വേണ്ടി ഒരു പുതിയ പ്രകാശം പ്രസരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ !! അകത്തേക്ക് നോക്കും മുമ്പ് കൂടുതൽ വെളിച്ചമുള്ള അകമുണ്ടാക്കാൻ. നിങ്ങളെയാണ് ഞാൻ കാത്തിരുന്നത്. ഏറിയും കുറഞ്ഞും നിങ്ങളെപ്പോലുള്ള മനുഷ്യരെ.

 

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar, Joumana Haddad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com