ADVERTISEMENT

മേതിൽ രാധാകൃഷ്ണനെ വായിക്കുമ്പോൾ അവിടെനിന്ന് ഇഷ്ടവാക്യങ്ങൾ പറിച്ചെടുക്കാനാവുമോ എന്നു ഞാൻ നോക്കാറുണ്ട്. സങ്കീർണമായ ഘടനയുള്ള കൃതികൾ ഇഞ്ചോടിഞ്ച് വായിക്കണം. ചിലപ്പോൾ നല്ല തെളിച്ചമുണ്ടാവും. അല്ലെങ്കിൽ ഇരുട്ടാകും. പലപ്പോഴും വഴിതെറ്റും. പലകാലങ്ങളിൽ, പലയിടത്തായി ഇരുന്ന് വായിക്കുമ്പോൾ അറിയാം ഈ സങ്കീർണതയാണ് അതിന്റെ സവിശേഷസൗന്ദര്യത്തിനു കാരണം. അതുകൊണ്ട് ഒന്നും കളയാൻ പറ്റില്ല. അങ്ങനെ ചെല്ലുമ്പോൾ, ചില വാക്യങ്ങൾ കിട്ടും. അത് അടിവരയിടണം. അല്ലെങ്കിൽ എടുത്തെഴുതണം. പിന്നീട് ആ വരികൾ തനിച്ചു വായിച്ചാൽ പൂർണചന്ദ്രൻ പോലെ പ്രകാശിക്കുന്നതു കാണാം. 

 

Maythil-Radhakrishnan--_

നല്ല കഥയായാലും കവിതയായാലും ഓരോ വായനയിലും അപൂർണത തോന്നും. അതിൽ എന്തോ കുറവുള്ളതുപോലെ, എന്തോ ഒന്ന് മറഞ്ഞിരിക്കുന്നതു പോലെ. (the mystery of love is always the mystery of love എന്നു ബൊലാനോ) അതിനാൽ ഗൗരവവായനയുടെ ആനന്ദത്തിനു പലഘട്ടങ്ങളുണ്ട്. അത് ഒരു ദിവസം കൊണ്ടു ലഭിക്കുകയില്ല, വർഷങ്ങൾ കഴിഞ്ഞാലും അവസാനിക്കുകയുമില്ല. വിദ്യാർഥിയായിരിക്കെയാണു ഞാൻ ഭൂമിയെയും മരണത്തെയും കുറിച്ച് വായിച്ചത്. അതിൽ ഇളയരാജയുടെ ഒരു പാട്ടിന്റെ വരികൾ ചേർത്തിരുന്നു. വിചിത്രമെന്നു പറയട്ടെ, ഞാനും മേതിലും തമ്മിലുള്ള വിനിമയം തുറന്നത് ഇളയരാജയായിരുന്നു. 

Vyloppilly-Sreedhara-Menon
വൈലോപ്പിള്ളി ശ്രീധരമേനോൻ

 

പുറമേ ജടിലമോ കർക്കശമോ ആണെങ്കിലും വായനക്കാർക്കു കൃത്യമായ അടയാളങ്ങൾ നൽകിയാണ് എഴുത്തുകാരൻ മുന്നോട്ടുപോകുന്നത്. എഴുത്തുകാരന്റെ ഭാഷ, വായനക്കാരെ വിശ്വാസത്തിലെടുക്കും വരെ മനോഹരമായ വാക്യങ്ങളിലൂടെ ദിശാസൂചനകൾ തുടർന്നുകൊണ്ടേയിരിക്കും. കുറേ പുസ്തകങ്ങൾ, പണ്ടുമുതൽ വായിച്ചവ എടുത്ത് അതിൽനിന്ന് മദഗന്ധമുള്ള വാക്യങ്ങളോ സന്ദർഭങ്ങളോ പകർത്തിയെഴുതിയിട്ടുണ്ടെങ്കിൽ, അതിൽ മേതിലിന്റെ വരികളും ഉണ്ടാവും. എം.എൻ. വിജയൻ, വൈലോപ്പിള്ളിയെപ്പറ്റി എഴുതിയത് വായിക്കുകയാണെങ്കിൽ, അതിൽ ഓരോ ഖണ്ഡികയ്ക്കുശേഷവും ഈരടികൾ കാണാം. പക്ഷേ നാം വൈലോപ്പിള്ളിയിലേക്കു ചെന്നാൽ എം.എൻ. വിജയൻ ഉദ്ധരിച്ച ഈരടികൾ ആ കവിതകളിൽ വിശേഷിച്ച് ഒരു ഭാവവുമില്ലാതെ മറഞ്ഞിരിക്കുന്നുണ്ടാകും. കവിതയിൽ ഇരിക്കുന്ന പോലെയല്ല നിരൂപകന്റെ വാക്യങ്ങൾക്കിടയിൽ എടുത്തുവച്ചവ. അവ പുതിയ ധ്വനികളും രസങ്ങളും കൊണ്ടുവരുന്നു. താൻ വായിക്കുന്ന കവിതയുടെ സ്വഭാവപരിണാമങ്ങൾ വായനക്കാരൻ അറിയുന്നു. അതു രസകരമാണ്. 

Maythil-Radhakrishnan__

 

ഒരു കലാസൃഷ്ടിയെയോ സാഹിത്യാനുഭവത്തെയോ സംബന്ധിച്ച് എഴുതുമ്പോൾ അതിൽനിന്നുള്ള ഉദ്ധരണികൾ കൂടാതെ വയ്യ.  ഉദ്ധരണികളാണ് എഴുത്തിന് ഒഴുക്കും ആധികാരികതയും നൽകുന്നത്. ശരിയായ ഉദ്ധരണി കൃതിയുടെ ഔന്നത്യം വിവരിക്കുന്നു. വായനക്കാരനിൽ ജിജ്ഞാസ ഉണർത്തുന്നു. അതിലേക്കു പോകാൻ അയാളെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ എടുത്തെഴുതുന്നവ ഓരോ വായനക്കാരനും ഓരോന്നാവും. ചിലപ്പോൾ മറ്റൊരാൾ എടുത്തെഴുതിയ ഒരു വാക്യത്തിനുമേൽ പിടിച്ചാവും നാം ഒരു പുസ്തകത്തെയോ എഴുത്തുകാരനെയോ കണ്ടുപിടിക്കുന്നത്. റോബർട്ടോ ബൊലാനോയുടെ കവിതകൾ വായിച്ചുകൊണ്ടിരിക്കെ ഞാൻ ഒരിടത്ത് അമേരിക്കൻ കവി ഫ്രാങ്ക് ഓ ഹാരയുടെ വരികൾ കണ്ടു. (it is nice to be able / to cling to something / simple and real like missing someone). അങ്ങനെ ഞാൻ ഫ്രാങ്ക് ഓ ഹാരയെ തിരയാൻ തുടങ്ങി. ഒരു കവിയിൽ നിന്ന് മറ്റൊരാളിലേക്ക്. ഒരു ഭാഷയിൽനിന്നു മറ്റൊന്നിലേക്ക്. ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്ക്. രണ്ടു കവികൾക്കിടയിലെ രക്തബന്ധം കണ്ടുപിടിക്കുന്നതോടെ വിശാലമാകുക വായനക്കാരുടെ ഭാവുകത്വമാണ്. 

 

ചിലപ്പോൾ നാം ഇഷ്ടപ്പെട്ട് അടിവരയിടുന്നത് ആ പുസ്തകത്തിലെ ഏറ്റവും മനോഹരമായ വാക്യങ്ങൾ ആവണമെന്നുമില്ല. വർഷങ്ങൾക്കുശേഷം നോക്കുമ്പോൾ എന്തിനാണ് ആ വരികൾ അടിവരയിട്ടതെന്ന് ഓർത്ത് നാം അമ്പരന്നേക്കാം. ചിലപ്പോൾ ചില വാക്യങ്ങൾ അടർത്തിയെടുക്കുന്നത് അനുചിതമോ തെറ്റിദ്ധാരണാജനകമോ പോലും ആവാം. എങ്കിലും കൃതിയുടെ സന്ദർഭത്തിൽനിന്നു പുറത്തേക്കു വന്നു തനിച്ചുനിൽക്കാൻ ശേഷി നേടുന്നതായ വാക്യങ്ങളെയാണു നാം ഉദ്ധരണികൾ എന്നു വിളിക്കുന്നത്. കൃതിക്കുള്ളിൽ അതിനുണ്ടായിരുന്ന അസ്തിത്വമല്ല പുറത്ത് അവ നേടുന്നത്. അതിനാൽ ഇഷ്ടപുസ്തകത്തിൽനിന്ന് നിങ്ങൾ എടുക്കുന്ന വരികൾ ആ പുസ്തകത്തിനു മാത്രമല്ല എഴുത്തുകാരനും നഷ്ടമാകുന്നു. പുസ്തകം വായിക്കാത്തവർക്കും ഉദ്ധരണികൾ ഇഷ്ടമാകുമെന്നതിനാലാണ് ഉദ്ധരണികൾ മാത്രമുള്ള പുസ്തകങ്ങൾ ഉണ്ടാകുന്നത്. പ്രസാധകനായ സുഹൃത്ത് മലയാളത്തിലാക്കാം എന്നു പറഞ്ഞ് എടുത്തുകൊണ്ടുപോയ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ദി അൾട്ടിമേറ്റ് ക്വോട്ടബിൾ ഐൻസ്റ്റീൻ ഇതുവരെ മലയാളത്തിൽ വന്നില്ലെന്നുമാത്രമല്ല ആ ബുക് എനിക്കു തിരിച്ചുകിട്ടിയതുമല്ല. നിങ്ങൾ പുസ്തകം മാത്രമല്ല ഉദ്ധരണികളും ആർക്കും വെറുതെ കൊടുക്കരുത്. അതു നഷ്ടമാകും.

 

എഴുത്തുകാരും അവരുടെ പുസ്തകങ്ങളുടെ മുഖവാക്യങ്ങളായി മറ്റേതെങ്കിലും കൃതികളിൽനിന്നുള്ള രണ്ടോ മൂന്നോ വാക്യങ്ങൾ എടുത്തുചേർക്കാറുണ്ട്. മോബിഡിക്കിന്റെ തുടക്കത്തിൽ തിമിംഗലത്തെക്കുറിച്ചു പരാമർശമുള്ള വിവിധ കൃതികളിലെ ഡസൻകണക്കിന് ഉദ്ധരണികളാണു ചേർത്തിരിക്കുന്നത്. എംടിയുടെ മഞ്ഞ് എന്ന നോവലിൽ “ഞാൻ എന്റെയും എനിക്കു പിൻപേയും ഉള്ളവരുടെ മരണം മരിക്കുന്നു..” എന്ന വരികൾ ആദ്യം വായിച്ചപ്പോൾ അസാധാരണമായ ആനന്ദം തോന്നി. അത് ആവേശത്തോടെ നോട്ട്ബുക്കിൽ എഴുതിവയ്ക്കുകയുമുണ്ടായി. ആ ഉദ്ധരണി എവിടെനിന്നാണ് എന്ന് നോവലിൽ പറഞ്ഞിരുന്നില്ല. എംഎയ്ക്കു പഠിക്കുമ്പോഴാണ് എലിയറ്റിന്റെ ഒരു കവിതയിലൂടെ പോകുമ്പോൾ അതേ വരികളിൽ ചെന്നു മുട്ടിയത്. I am tired with my own life and the lives of those after me, I am dying in my own death and the deaths of those after me..

 

ആ കവിതയിൽനിന്നു പുറപ്പെട്ടു നോവലിൽ എത്തിയപ്പോൾ ആ  വരികൾ ആകെ മാറിപ്പോയിരുന്നു. അതു മറ്റൊരു ഭാവമാണ് ഉണർത്തിയത്. കവികളെക്കുറിച്ചു പറയുമ്പോഴെല്ലാം എനിക്ക് എലിയറ്റ് ഓർമയിൽ വേഗം വരാനുള്ള ഒരു കാരണം എംടി ആ വരികൾക്കു കൊടുത്ത ഭാവം മനോഹരമായിരുന്നുവെന്നതാവാം. 

 

പഴയ നിയമത്തിലെ സഭാപ്രസംഗിയിലെ വാക്യങ്ങളെല്ലാം നിങ്ങൾക്കു തരംപോലെ പറിച്ചെടുക്കാൻ പാകത്തിനാണു വച്ചിരിക്കുന്നത്. അതു വായിക്കുമ്പോൾ ഏതു സന്ദർഭത്തിലാണോ വിധി നിങ്ങളെ നിർത്തിയിരിക്കുന്നത് അതിനുള്ള ന്യായവാക്യം അതിൽ കാണാം. ഓരോന്നിനും ഓരോ കാലമുണ്ടെന്ന സമാധാനം അങ്ങനെയാണ് ഉണ്ടാകുന്നത്. എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നു, എന്നാൽ കടലോ നിറയുന്നില്ല എന്നു സഭാപ്രസംഗി പറഞ്ഞത് എന്നെ വളരെ ആകർഷിച്ചു. അതു ഞാൻ വളരെക്കാലം മറ്റു കുറിപ്പുകൾക്കൊപ്പം എഴുതിവച്ചിരുന്നു. ഉൽപത്തിപ്പുസ്തകത്തിലെ and God was pleased with what he saw, then he separated light from darkness എന്നു തുടങ്ങുന്ന വാക്യങ്ങളിൽ ഇരുളും വെളിച്ചവും വേർപിരിയുന്നതിന്റെ സൗന്ദര്യം കാണാം. താൻ സൃഷ്ടിച്ചതു കണ്ടിട്ടാണല്ലോ ദൈവത്തിനു കൊള്ളാം എന്നു തോന്നിയത്. സ്വന്തം സൃഷ്ടിയോട്, സ്വന്തം സ്നേഹത്തോടു മമത തോന്നാത്ത ആരാണുള്ളത്!

 

English Summary: Ezhuthumesha Column discuss the art of beautifully crafted sentences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com