എനിക്കും അവളായിരുന്നു കാമുകി, ദാദാ നിങ്ങളവളെ കൊണ്ടു പോയ ദിവസം ഞങ്ങൾക്ക് കരിദിനമായിരുന്നു !

Nagma
നഗ്മ
SHARE

എസ്.പി. ബാലസുബ്രഹ്മണ്യം മരിച്ച ദിവസമാണ് വീണ്ടും ശങ്കറിന്റെ കാതലൻ കാണുന്നത്. ഓർമയില്ലേ എക്കാലത്തേയും ക്ലാസിക്കായ എന്നവളേ അടി എന്നവളേ എന്ന പാട്ട്? കാതലൻ സംഗീതമേ എന്ന പാട്ട്, കാറ്റു കുതിരയിലേ എന്ന പാട്ട്, ഊർവശീ ഊർവശീ !! അതൊക്കെ ഓർക്കുമ്പോൾ കാതലൻ എ.ആർ. റഹ്മാന്റെ കാതലനാണ്. പേട്ടൈ റാപ്പും മുക്കാലാ മുക്കാബലായും കേൾക്കുമ്പോൾ പ്രഭുദേവയുടെ കാതലനാണ്. ഇന്ദിരയോ ഇവൾ സുന്ദരിയോ എന്ന പാട്ട് കേൾക്കുമ്പോൾ നഗ്മയുടെ കാതലനാണ്, ജീവയുടെ ക്യാമറ കാണുമ്പോൾ അയാളുടെയാണത്, കെ.ടി.കുഞ്ഞുമോൻ പറയും അതെന്റെ കാതലനാണെന്ന്, പലരുടേയും കാതലനാണത് ! 

ഇവരൊന്നുമല്ലാത്ത രണ്ടിതിഹാസങ്ങൾ കാതലനിലുണ്ട്, സത്യനാരായണ മൂർത്തിയും കതിരേശനും. പ്രഭുദേവ ചെയ്ത നായക കഥാപാത്രം പ്രഭുവിന്റെ അച്ഛനായിരുന്നു കതിരേശൻ, എസ്.പി. ബാലസുബ്രഹ്മണ്യം ജീവിച്ചഭിനയിച്ച വേഷം. ഗവർണർ കാകർല സത്യനാരായണ മൂർത്തിയായിരുന്നു ഗിരീഷ് കർണാട്. നായിക ശ്രുതിയുടെ അച്ഛൻ; നഗ്മയുടെ. ശ്രുതിയും പ്രഭുവും കെട്ടിപ്പിടിച്ച് നടന്ന വഴികളിലൂടെയാണ് ഞങ്ങടെ തലമുറ പ്രേമിച്ച് നടന്നത്. വല്ലാത്തൊരു നായികയായിരുന്നു ശ്രുതി. റൊമാന്റിക് നായകരാകാൻ ഗൃഹപാഠം ചെയ്ത അന്നത്തെ കൗമാരക്കാരുടെയെല്ലാം നായികമാരിലൊരാൾ ശ്രുതിയായിരുന്നു. രണ്ടു തരം നായകന്മാരാണ് അന്നുണ്ടായിരുന്നത്. ഒന്ന് മേപ്പറഞ്ഞവർ, രണ്ടാമത്തേത് മാണിക് ബാഷമാർ. രണ്ട് പേർക്കും അവളായിരുന്നു നായിക, നഗ്മ. കാതലനിലെ ശ്രുതി - ബാഷയിലെ പ്രിയ. സ്റ്റൈല് സ്റ്റൈല് താൻ എന്ന പാട്ടിനൊപ്പം പ്രിയയും മാണിക് ബാഷയും ചുവട് വെക്കുമ്പോൾ പടപടാ നെഞ്ചിടിച്ച കൗമാരമാണത്. 

kadhalan
കാതലൻ മൂവിയിൽ പ്രഭുദേവ്, നഗ്മ

ഞങ്ങൾക്കവളെ നഷ്ടപ്പെടുന്നത് 2001 ലാണ്, അന്നെനിക്ക് 15 വയസ്സാണ്. അന്നത്തെ മസാല മാഗസിനുകളിലൊന്നിലെ ഗോസിപ്പ് കോളത്തിലാണ് അവളുടെയും കാമുകന്റെയും പടം പ്രത്യക്ഷപ്പെടുന്നത്. ഒരു പരാതിയും ഉന്നയിക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ വായടഞ്ഞു പോയി, അവളുടെ കാമുകൻ ഞങ്ങൾക്കത്രമേൽ പ്രിയപ്പെട്ടവനായിരുന്നു. സൗരവ് ഗാംഗുലി - ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ, ഞങ്ങളുടെ ദാദ. വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ - റിനാ റോയ്‌, രവിശാസ്‌ത്രി - അമൃതാ സിങ്, അസ്ഹറുദ്ദീന്‍ - സംഗീത ബിജ്‌ലാനി, ആ വണ്ടിയിൽ കയറി ഗാംഗുലിയും നഗ്മയും പോയി. നീന ഗുപ്തയെ പ്രണയിക്കുമ്പോള്‍ റിച്ചാര്‍ഡ്‌സ് വിവാഹിതനായിരുന്നു, ഭാര്യ മറിയം. എന്നിട്ടും  നീനയും റിച്ചാര്‍ഡ്‌സും പ്രണയിച്ചു. അവർക്ക് ഒരു മകളുണ്ട്, പ്രശസ്തയായ ഫാഷന്‍ ഡിസൈനർ മസാബ ഗുപ്ത. വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ ബാപ്പയുമായിരിക്കുമ്പോഴാണ് അസ്ഹര്‍ സംഗീതയെ പരിചയപ്പെടുന്നത്. നഗ്മ പോയെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. 

അന്ന് ഞങ്ങൾക്ക് കരിദിനമായിരുന്നു. 

sourav-ganguly
സൗരവ് ഗാംഗുലി

താത്വിക അവലോകനം നടത്താൻ പ്രാപ്തരായ ചങ്ങാതിമാർ ഞങ്ങളുടെ ഇടയിൽ അന്നധികമില്ല. ആകെയുള്ളത് ഒരു മുഹമ്മദാണ്. ‘‘ഇതൊരു പ്രതിഭാസമാണ്.’’ അവൻ വിലയിരുത്തി. എന്തോന്ന് പ്രതിഭാസം !!  ‘‘ചെറിയ പെണ്ണുങ്ങൾക്കൊന്നും നമ്മുടെയീ ഏജ് ഗ്രൂപ്പിനോട് കമ്പം കാണില്ല. അതൊരു പ്രപഞ്ച സത്യമാണ്.’’ അവൻ വിശദീകരിച്ചു. അത് സത്യമായിരുന്നു, ക്രിക്കറ്റ് താരം ഗാരി സോബേഴ്സിനെ അഞ്ജു മഹേഡ്രോ പ്രേമിക്കുന്നത് അവളുടെ 17 ാം വയസ്സിലാണ്, മുഹമ്മദ് ചുമ്മാ പറഞ്ഞതല്ല. ദാദ പക്ഷേ അന്നുമിന്നും ഞങ്ങളെക്കാൾ ചെറുപ്പമാണ്. ടൈഗര്‍ പട്ടൗഡിയെയും ശര്‍മിള ടാഗോറിനെയും ആഘോഷിച്ച പോലെ, കപിലിനെയും സരികയെയും ആഘോഷിച്ച പോലെ ലോകം ദാദയെയും നഗ്മയെയും കൊണ്ടാടി. ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് സര്‍പ്പദോഷ പൂജ ചെയ്യാൻ നഗ്മയ്‌ക്കൊപ്പം ശ്രീകാളഹസ്തിയിലെ ശിവക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ട ദാദയെ ലോകം കണ്ടു പിടിച്ചു. ഗോസിപ്പുകൾ കൂടുന്തോറും ദാദയുടെ കരിയർ മങ്ങിത്തുടങ്ങി, അയാൾ പതിയെ വഴിമാറി നടന്നു. അയാളായിരുന്നോ അവളായിരുന്നോ എന്നെനിക്കറിയില്ല. എന്നിട്ടും അയാൾ വഴിമാറി നടന്നു എന്നെഴുതിയത് അയാൾക്കൊപ്പം ഒരു ഡോണയുണ്ട് എന്നത് കൊണ്ടാണ്. നഗ്മയിപ്പോഴും ഒറ്റയ്ക്കു ജീവിക്കുന്നു എന്നത് കൊണ്ടാണ്. 

പെണ്ണുങ്ങൾക്ക് ജീവിക്കാൻ ആണുങ്ങൾ അനാവാര്യമാണെന്ന തോന്നലോ, പ്രണയ നഷ്ടത്താലാണ് അവർ ഒറ്റയ്ക്ക് ജീവിക്കുന്നത് എന്ന മുൻവിധിയോ, ഒറ്റയ്ക്ക് ജീവിക്കുന്നവരെല്ലാം ഒറ്റയ്ക്കാണ് എന്ന വിചാരമോ എനിക്കില്ല. ഒന്നുമില്ല, ഉള്ളത് ഒരു തമാശച്ചോദ്യമാണ്. മേഘം സിനിമയുടെ അവസാനം ശ്രീനിവാസൻ മമ്മൂട്ടിയോട് ചോദിച്ച ചോദ്യം, ‘‘ഒടുവിൽ നമുക്ക് രണ്ടു പേർക്കും കിട്ടിയില്ല ല്ലേ ?’’ എന്ന്. 

എൺപതാമത്തെ വയസ്സിൽ ജനിക്കുകയും ക്രമേണ പതിനെട്ടിലേക്കു പോവുകയും ചെയ്താൽ ജീവിതം ആഹ്ലാദ നിർഭരമായിരിക്കുമെന്ന് മാർക്ക് ട്വയിൻ. എൺപതിനു മുമ്പേ ജനിച്ച് പതിനെട്ടിനും താഴേക്ക് പോകാനുള്ള ശ്രമത്തിലാണ് ഞാൻ. വഴിയിൽ അവളെ കാണാതിരിക്കില്ല.

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar, Nagma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;