ADVERTISEMENT

അമേരിക്കൻ മലയാള സാഹിത്യ രംഗത്ത് എന്നും ഉയർന്നു കേട്ടിരുന്ന പേരാണ് ജോൺ മാത്യുവിന്റേത്. എഴുത്തിനെ വളരെ ഗൗരവമായി എടുത്തിരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ. മലയാള സാഹിത്യമോ ഇംഗ്ലിഷ് സാഹിത്യമോ ആയിക്കൊള്ളട്ടെ, അദ്ദേഹം വാചാലനാകും.

1973 ൽ ഡൽഹിയുടെ ചൂടിൽനിന്നു ഡെട്രോയിറ്റിലെ കൊടുംതണുപ്പിലേക്കു കുടുംബവുമായി വന്നിറങ്ങുമ്പോൾ, ഏതൊരു പ്രവാസിയെയും പോലെ കടുത്ത ഗൃഹാതുരത്വം അദ്ദേഹത്തെയും പിടികൂടി. പക്ഷേ അതിനൊക്കെ എവിടെ സമയം? എങ്കിലും ജോലിയും കുടുംബ കാര്യങ്ങളുമെല്ലാമായി ഓടി നടക്കുമ്പോഴും താൻ ഒപ്പം കൊണ്ടു നടന്നിരുന്ന വായനയും എഴുത്തും അദ്ദേഹം കൈ വിട്ടിരുന്നില്ല. 

മല്ലപ്പള്ളി കുന്നത്ത് വീട്ടിൽ കെ.എം. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ് ജോൺ മാത്യു. പിതാവ് കെ.എം. മത്തായി നെടുങ്ങാടപ്പള്ളി ഹൈസ്‌കൂളിലെ അധ്യാപനായിരുന്നു. ഒരധ്യാപകന്റെ മകനായാതിനാലാവാം പഠനം എന്നും ജോണിന് പ്രിയങ്കരമായിരുന്നു.  സെന്റ് മേരീസ് പ്രൈമറി സ്‌കൂൾ, സിഎംഎസ് ഹൈസ്‌കൂൾ, തിരുവല്ല മാർത്തോമാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അറുപതുകളുടെ തുടക്കത്തിലാണ് ഡൽഹിയിലേക്കുള്ള കുടിയേറ്റം. അവിടെ കാൾടെക്സ് ഓയിൽ കമ്പനിയിൽ ജോലിയും ഒപ്പം പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പഠനവും. 1969 തിൽ പാമ്പാടി സ്വദേശിനി ബേബിക്കുട്ടിയുമായുള്ള വിവാഹത്തിനു ശേഷം എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിലേക്കുള്ള കുടിയേറ്റം. 

john-mathew-books

സാഹിത്യത്തിലേക്കുള്ള വഴി: ചെറുപ്പം മുതൽ കയ്യിൽ കിട്ടുന്നതെല്ലാം വായിക്കുന്ന ശീലം ഉണ്ടായിരുന്നു. മല്ലപ്പള്ളിയിൽ അന്നുണ്ടായിരുന്ന ജയകേരളം ബാലജനസഖ്യത്തിൽ പത്താം വയസ്സിൽ അംഗമാവുന്നതും അന്നത്തെ ബാലമാസികയായ ബാലമിത്രത്തിന്റെ  വരിക്കാരനാവുന്നതും എല്ലാം അദ്ദേഹത്തിന്റെ ഓർമകളിൽ തിളങ്ങി നിൽക്കുന്നു. 

അറുപതുകളിലെ ഡൽഹിയിലേക്കുള്ള കുടിയേറ്റമാണ് ആ സാഹിത്യ  ജീവിതത്തിന് അടിത്തറ പാകിയതെന്നു പറയാം. ഡൽഹിയിലെ കേരള ക്ലബ്ബിൽ പ്രശസ്ത കലാകാരൻമാർ, എഴുത്തുകാർ, കാർട്ടൂണിസ്റ്റുകൾ ഇവരുമെല്ലാമായി അടുത്തിടപഴകുവാൻ  കഴിഞ്ഞു.  ഇവരിൽ ഭൂരിഭാഗവും പാശ്ചാത്യ ലിബറൽ രീതിയിലുള്ള ബുദ്ധിജീവികളായിരുന്നു. അന്നത്തെ ചിന്തകളും ചർച്ചകളുമെല്ലാം ആധുനികതയെ ചുറ്റിപ്പറ്റി തന്നെ. പ്രമുഖ സാഹിത്യനിരൂപകനായിരുന്ന  എം.ഗോവിന്ദനെ പരിചയപ്പെടുവാൻ സാധിച്ചത് ഒരു ഭാഗ്യമായി ജോൺ മാത്യു കരുതുന്നു.   അതുപോലെ ഒ.വി. വിജയൻ, എം. മുകുന്ദൻ, ചെറിയാൻ കെ. ചെറിയാൻ, കാക്കനാടൻ ഇവരുമായുള്ള സഹവാസവും സാഹിത്യ ചർച്ചകളുമെല്ലാം മായാതെ മനസ്സിൽ നിൽക്കുന്നു. അക്കാലത്ത് അദ്ദേഹത്തെ ആകര്ഷിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു വളരെ കുറച്ചു മാത്രം എഴുതിയിരുന്ന എം.പി. നാരായണപിള്ളയും രാജൻ കാക്കനാടനും.

ആയിടക്കാണ് എം. മുകുന്ദൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ചെറാമംഗലം രാധാകൃഷ്ണൻ, മാവേലിക്കര രാമചന്ദ്രൻ എന്നിവരുമായി ചേർന്ന് ആധുനിക സാഹിത്യകൃതികളുടെ പഠനത്തിന് ഡൽഹി ലിറ്റററി വർക്‌ഷോപ് എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.  

മദ്രാസിൽനിന്നു പ്രസിദ്ധികരിച്ചിരുന്ന ജയകേരളം, അന്ന്വേഷണം, സൈനിക സമാചാർ തുടങ്ങി കേരളത്തിലെ വിവിധ മാസികകളിലും എഴുത്തു സജീവമായി തുടർന്നിരുന്നു.   

കുടിയേറ്റത്തിന്റെയും കൂടുമാറ്റത്തിന്റെയും തിരക്കുകളിൽ മുഴുകുമ്പോൾത്തന്നെ, എൺപതുകളുടെ അവസാനമായപ്പോഴേക്കും  വീണ്ടും ജോൺ മാത്യു എഴുത്തിൽ സജീവമായി.  ഇതിനു സഹായകമായത് ഹൂസ്റ്റണിലെ റൈറ്റേഴ്സ് ഫോറവും മറ്റു മലയാള പ്രസിദ്ധീകരണങ്ങളും. തൊണ്ണൂറുകളുടെ തുടക്കത്തിൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരണം  ആരംഭിച്ച മലയാളം പത്രത്തെ ജോൺ മാത്യൂ നന്ദിയോടെ സ്മരിക്കുന്നു. 

ഏഴു കഥാസമാഹാരങ്ങളും മൂന്നു ലേഖന സമാഹാരങ്ങളും ഭൂമിക്കു മേലൊരു മുദ്ര എന്ന നോവലും അദ്ദേഹത്തിന്റേതായുണ്ട്. ജോൺ മാത്യുവിന്റെ കഥകൾ എന്ന കഥാസമാഹാരവും, ഭൂമിക്കു മേലൊരു മുദ്രയും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.. ഇപ്പോഴും അദ്ദേഹം എഴുത്തിൽ വളരെ സജീവം. 

1974 ജോൺ മാത്യുവും സുഹൃത്തുക്കളും ചേർന്നാണ് ആദ്യത്തെ മലയാളി കൂട്ടായ്മ ഡെട്രോയിറ്റിൽ തുടങ്ങുന്നത്. 1982 ലാണ് അദ്ദേഹവും കുടുംബവും ടെക്‌സസിലെ  ഹൂസ്റ്റണിലേക്കു  വരുന്നത്. 1989 ഹൂസ്റ്റണിലെ ഒരു കൂട്ടം എഴുത്തുകാർക്കൊപ്പം തുടങ്ങിയ  കേരളം റൈറ്റേഴ്‌സ് ഫോറം ഇന്നും സജീവമായി പ്രവർത്തിക്കുന്നു. 1996 -1997 കാലഘട്ടത്തിൽ രൂപം കൊണ്ട ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക – ലാന – യുടെ തുടക്കം മുതൽ ജോൺ മാത്യുവും ഉണ്ട്. ലാനയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വന്നിരുന്ന ഇദ്ദേഹം രണ്ടു വർഷത്തോളം അതിന്റെ പ്രസിഡന്റുമായിരുന്നു.    

john-mathew-family
ജോൺ മാത്യുവും ഭാര്യ ബേബികുട്ടിയും

എഴുത്തിൽ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഭാര്യ ബേബികുട്ടിയോടൊപ്പം ഹൂസ്റ്റണിലെ എനർജി കോറിഡോറിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജോൺ മാത്യുവിന് ഒരു പുത്രനും ഒരു പുത്രിയുമാണ്. മൂന്നു പേരക്കുട്ടികളും.      

അമേരിക്കയിലിരുന്ന് എഴുതുന്ന മലയാളി എഴുത്തുകാരനെ പ്രവാസി എഴുത്തുകാരൻ എന്ന ലേബൽ കൊടുത്തു മാറ്റിയിരുത്തേണ്ട കാര്യമില്ലന്നു ജോൺ മാത്യു വിശ്വസിക്കുന്നു. പ്രവാസമോ ഗൃഹാതുരത്വമോ ഒന്നുമല്ല വിഷയം. ചരിത്രത്തിൽ സംഭവിച്ച മനുഷ്യ നീക്കങ്ങൾ നാം എങ്ങിനെ വിലയിരുത്തി എന്നതാണ് കാര്യം. വരും തലമുറകൾക്കു  ഗവേഷണവും പഠനവും സാധ്യമാവുന്ന വിധത്തിൽ ചരിത്രവും സന്ദര്ഭങ്ങളും അടയാളപ്പെടുത്തിവയ്‌ക്കേണ്ടതു മലയാളി എഴുത്തുകാരുടെ ദൗത്യമായി അദ്ദേഹം കാണുന്നു. ആ വലിയ ദൗത്യവുമായി ജോൺ  മാത്യു തന്റെ എഴുത്തു ജീവിതം തുടർന്നുകൊണ്ടേയിരിക്കുന്നു; സുശക്തം.

English Summary : Malayalam Sahithyam Americayil Series by Meenu Elizabeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com