ADVERTISEMENT

നഗരത്തിൽ താമസിക്കുന്ന യുവാവ് നദീതീരത്തു താമസിക്കുന്ന സന്യാസിയെ കാണാനെത്തി. തന്റെ ആശങ്ക സന്യാസിയോടു പങ്കുവച്ചു: സത്യസന്ധമായി ജീവിക്കാനാഗ്രഹിക്കുന്നു. പക്ഷേ, ചുറ്റുപാടും അഴിമതിയും അസത്യവും മാത്രമേയുള്ളൂ. ഞാനും ആ പ്രലോഭനങ്ങളിൽ വീണുപോകുമോ എന്നു സംശയിക്കുന്നു. അതുകൊണ്ട് ഈ ആശ്രമത്തിൽ താമസിച്ചോട്ടേ?

നദിയിലൂടെ വരുന്ന തോണിക്കാരനെ ചൂണ്ടി സന്യാസി പറഞ്ഞു: തോണിയുടെ പ്രസക്തി അതു വെള്ളത്തിനു മുകളിലാണ് എന്നതാണ്. തോണിക്കാരൻ ചെയ്യുന്നതു ശ്രദ്ധിച്ചോ? അകത്തുകയറുന്ന വെള്ളം കോരിക്കളയുന്നു. നിന്റെ പ്രസക്തി നിന്റെ നാട്ടിലാണ്. അവിടെപ്പോയി ജീവിക്കൂ.

ഒളിച്ചോട്ടം ഭീരുവിന്റെ പരിഹാരവും അതിജീവനം ആത്മധൈര്യമുള്ളവരുടെ പ്രതിവിധിയുമാണ്. സുരക്ഷിതകേന്ദ്രങ്ങളിലും സുന്ദരസ്ഥലങ്ങളിലുമുള്ള സുഖവാസം ആർക്കും സാധിക്കും. പക്ഷേ, അപായസാധ്യത ഉള്ളിടത്തു നിലനിൽക്കണമെങ്കിൽ നിശ്ചയദാർഢ്യം വേണം. എല്ലാറ്റിനെയും ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കുന്നവർക്ക് ജീവിക്കാൻ ഒരിടവും അവശേഷിക്കില്ല. അണുവിമുക്തമാക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രം ആർക്കും സഞ്ചരിക്കാനാകില്ല. സ്വയംപ്രതിരോധ തന്ത്രങ്ങൾ സ്വീകരിക്കുക മാത്രമാണു പോംവഴി.

ഒരു സാഹചര്യവുമില്ലാത്തതുകൊണ്ട് തിന്മ ചെയ്യാതിരിക്കുന്നതും എല്ലാ സാഹചര്യമുണ്ടായിട്ടും തിന്മ ചെയ്യാതിരിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. എല്ലാ ദുഷിച്ച ചുറ്റുപാടുകളിൽ നിന്നും മാറിനിന്ന് ഒരു കറപോലും പുരളാതെ ജീവിക്കുന്നതിലല്ല, എല്ലാ സാഹചര്യങ്ങളിലും ജീവിച്ച് പറ്റിയ കറകൾ കണ്ടെത്തി കഴുകിക്കളഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന ആർജവത്തോടെ തുടരുന്നതിലാണ് ആത്മവീര്യം പ്രകടമാകുന്നത്.

English Summary : Subdhadinam : How to overcome obstacles?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com