മറക്കരുത്... മരിച്ചുപോയ, കൊന്നുകളഞ്ഞ പെൺകുഞ്ഞുങ്ങളെ

HIGHLIGHTS
  • ഇന്ന് പെൺകുട്ടികളുടെ ദിനം
girl-child
പ്രതീകാത്മക ചിത്രം. Photocredit : Kamira / Shutterstock
SHARE

ഒരു പെൺകുഞ്ഞ് ജനിക്കുന്നു. ഒപ്പം ഏറ്റവും കുറഞ്ഞത് അവളുടെ അമ്മയുടെ മനസ്സിലെങ്കിലും കുറേയേറെ ആധികളും. ‘കാലം ഒരുപാട് മുന്നോട്ട് പോയില്ലേ... ഇന്നങ്ങനെയൊന്നുമില്ലന്നേ’ എന്നു വേണമെങ്കിൽ നിഷേധിക്കാം. ശരിയാണ്, കാലത്തോടു പൊരുതിത്തന്നെ സ്വന്തം ഇടം നേടിയെടുത്ത പെൺകുട്ടികളുണ്ട്. അഭിമാനിക്കാം. പക്ഷേ വീണുപോയവരോ? വീണു പോയതല്ല, വീഴ്ത്തിക്കളഞ്ഞത്. ഓർമയില്ലേ, കത്വയിൽ കുതിരയെ അന്വേഷിച്ചു പോയ ഒരു എട്ടു വയസ്സുകാരിയെ, വാളയാറിലെ കുഞ്ഞു സഹോദരിമാരെ? ഹത്രസിൽ രായ്ക്കുരാമാനം ചാരമായ ഒരു പത്തൊൻപതുകാരിയുടെ ചിരി, പാമ്പ് കടിയേറ്റു മരിച്ച ഉത്ര, സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വന്ന തുഷാര... എത്രയെത്ര പേരുകൾ, പേരില്ലാതെ സ്ഥലപ്പേരിൽ മാത്രം ഒതുങ്ങിയവർ.

ഇന്ന് പെൺകുട്ടികളുടെ ദിനം. ‘പെൺകുഞ്ഞ് 90’ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട് സുഗതകുമാരി. 

‘പെണ്ണാണ്, കൊന്നൊഴിച്ചീടാൻ 

കഴിഞ്ഞില്ല, പൊറുക്കുക

നിൻമടിത്തട്ടിൽ ജീവിക്കാൻ

ഇവൾക്കുമിടമേകുക’

പെണ്ണാണ് കൊന്നൊഴിച്ചീടാൻ കഴിഞ്ഞില്ല എന്ന് എഴുതാൻ കവിയെ പ്രേരിപ്പിച്ച എല്ലാ ഘടകങ്ങളും ഏറിയും കുറഞ്ഞും  ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം. ജനിക്കും മുൻപേ ഇല്ലാതായ പെൺകുഞ്ഞുങ്ങളുടെ എണ്ണവും കുറവല്ല. ജനിച്ചത് പെൺകുഞ്ഞെങ്കിൽ നെന്മണി വായിലിട്ടും വിഷച്ചെടികളുടെ പാൽ വായിലിറ്റിച്ചും ജനിച്ചുടൻ തന്നെ ജീവനെടുക്കുന്ന പ്രാകൃത സമ്പ്രദായം തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഒന്ന്, രണ്ട്... ശേഷം മൂന്നമത്തേതും പെൺകുഞ്ഞ് എന്നു കേൾക്കുമ്പോൾ മുഖം മാറുന്നവരെ കണ്ടിട്ടില്ലാത്തവർ കേരളത്തിൽ ഉണ്ടാകുമോ? സുഗതകുമാരിയുടെ കവിതയ്ക്കൊപ്പം ചില സമകാലിക സംഭവങ്ങൾ ഒന്നു കൂടി ഓർക്കാം... 

‘നാളെ സൂര്യനുദിക്കുമ്പോ–

ളിവൾക്കും പകലെത്തുമോ?

രാവിലേതോ കൂർത്ത പൽകൾ–

ക്കിടയ്ക്കിവളൊടുങ്ങുമോ?’

2017 ജനുവരി 12 ന്  വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ചതായി കണ്ടെത്തുന്നു. കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു എന്ന് അമ്മയുടെ മൊഴി. ആ കേസിലെ നിര്‍ണായക സാക്ഷിയായ പെൺകുട്ടിയുടെ സഹോദരിയെ കൃത്യം 52 ദിവസങ്ങള്‍ക്ക് ശേഷം അതേ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവം നടന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. കൈകോർത്ത് കഥപറഞ്ഞ് കളിച്ചും ചിരിച്ചും നടക്കേണ്ടിയിരുന്ന ആ പെൺകുട്ടികൾ ഇന്ന് ഈ ലോകത്തു തന്നെയില്ല. ‘രാവിലേതോ കൂർത്ത പൽകൾക്കിടയ്ക്ക്’ അവരൊടുങ്ങി. 

2018 ജനുവരി 10 ന് കുതിരയെ മേയ്ക്കാൻ പോയതായിരുന്നു ആ എട്ടു വയസ്സുകാരി. വൈകിട്ട് കുതിരകൾ തിരിച്ചെത്തിയിട്ടും അവൾ വന്നില്ല. പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരാഴ്ചയ്ക്കു ശേഷം ജനുവരി 17 ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നു. ഒരാഴ്ചയോളം ആ കുഞ്ഞ് അതിക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.

2020 സെപ്റ്റംബർ –14 വീടിനടുത്തുള്ള വയലിൽ പുല്ലരിയാൻ അമ്മയ്ക്കൊപ്പം പോയതായിരുന്നു ഹത്രാസിലെ ആ പത്തൊൻപതുകാരി. ആ വയലിൽനിന്ന് അവൾ മരണത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു, അതിക്രൂരമായി കൊല്ലപ്പെട്ടു. അതിലും ക്രൂരമായി രായ്ക്കുരാമാനം അവളുടെ ശരീരം അധികാരത്തിന്റെ കാവലിൽ കത്തിയമർന്നു.

ഇവർ മാത്രമല്ല. എണ്ണയെണ്ണി പറയാൻ ഇനിയും എത്ര... ഇവർക്കും കൂടി അവകാശപ്പെട്ടതായിരുന്നു ഈ പെൺ ദിനം.

ഇവളേതെങ്കിലും വീട്ടി–

ന്നോമനപ്പുത്രിയാകുമോ?

ഇവളെക്കയ്യേകി മാറ–

ത്തണിയാൻ പ്രേമമെത്തുമോ?

മറ്റേതോ വീടിനുവേണ്ടിയെന്ന് പറഞ്ഞു പാകപ്പെടുത്തിയാണ് ഇന്നും ബഹുഭൂരിപക്ഷം വീടുകളും പെൺകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്നത്. അവളുടെ വിവാഹത്തിനായി പൊന്നു സ്വരുക്കൂട്ടുന്നു, പണം സ്വരുക്കൂട്ടുന്നു. പെൺകുട്ടികൾക്ക് പഠിക്കാനുള്ള വിഷയം തിരഞ്ഞെടുക്കുമ്പോൾ പോലും വിവാഹക്കമ്പോളത്തിലെ മാർക്കറ്റ് വാല്യു കൂടി തിട്ടപ്പെടുത്തുന്നു. 

മുകളിൽപറഞ്ഞ ഓരോ വാർത്തയും അവളുടെ സ്വാതന്ത്ര്യത്തിനു പുറത്ത് വീണ്ടും വീണ്ടും കൂടുകൾ തീർക്കുന്നു. മറ്റൊരു കൈകളിൽ സുരക്ഷിതമായി എത്തും വരെ വീണ്ടും വീണ്ടും നമ്മളവളെ പൊതിഞ്ഞു സൂക്ഷിക്കുന്നു. 

പ്രതികരിക്കാനല്ല, മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കാൻ, തടുക്കാനും തല്ലാനുമല്ല, ഒഴിഞ്ഞുമാറിപ്പോകാൻ അവൾ പരിശീലിക്കപ്പെടുന്നു.

എന്നിട്ടോ?

‘ഇവളെ, ‘പ്പോര പൊന്നെ’ന്നു

തീത്തൈലത്തിലെരിക്കുമോ?

ഇവളെ യൗവനം പോയെന്നപ്പൊഴേ മൊഴി ചൊല്ലുമോ

ഇവളെപ്പണി ചെയ്യിച്ചു

പട്ടിണിക്കിട്ടുകൊല്ലുമോ?

ഇവളെക്കൊടുമദ്യത്തിന്‍

മദം തല്ലിച്ചതയ്ക്കുമോ?’

ഉത്രയെ ഓർമയില്ലേ? ഒരു വട്ടം അവൾ രക്ഷപ്പെട്ടതാണ്. വീണ്ടും എത്തി വിഷമൊടുങ്ങാത്ത ഭർത്താവ് അവളുടെ ജീവനെടുക്കാൻ. തുഷാരയെ മറന്നുതുടങ്ങിയോ? സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 26 കാരി. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അങ്ങനെ അറിഞ്ഞതും മറന്നതും അറിയാതെ പോയതുമായ എത്രയെത്ര പേരുകൾ...

ഇനി നമുക്ക് പരിതപിക്കാമല്ലേ...

‘ഇവൾ പെണ്ണല്ലയോ? പെണ്ണി

ന്നുടയോൻ ദുഃഖമല്ലയോ?’

കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം 2019 ൽ റജിസ്റ്റർ ചെയ്ത റേപ് കേസുകൾ 2076, സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമ കേസുകൾ 4579, സ്തീധന മരണം 6. 2020 ജൂൺ വരെയുള്ള ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധന മരണം അഞ്ചാണ്. 

ശക്തമായി പ്രതികരിക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമാണ് പെൺകുട്ടികളെ പരിശീലിപ്പിക്കേണ്ടത്. മാന്യമായ വിദ്യാഭ്യാസവും സ്വന്തം കാലിൽ ജീവിക്കാൻ തക്ക വരുമാനമുള്ള ജോലിയുമാണ് മാതാപിതാക്കൾ പെൺമക്കൾക്കായി ഇനിയുള്ള കാലം കരുതിവയ്ക്കേണ്ടത്.

ഇതൊക്കെ സത്യമാ;ണെന്നാൽ

സ്വപ്നം കാണട്ടെ ഞാനിനി

വെളിച്ചം വരും...

ഇതൊക്കെയാണ് സത്യമെങ്കിലും പ്രതികരിച്ചു തുടങ്ങിയ പെണ്ണ് നല്ല നാളെയുെട പ്രതീക്ഷകൾ തരുന്നുണ്ട്. വായിൽ തോന്നിയതെന്തും വിളിച്ചുപറഞ്ഞാൽ പെണ്ണിന്റെ കയ്യിൽനിന്നു നല്ല തല്ലു കിട്ടുമെന്ന് മൂന്നു പെണ്ണുങ്ങൾ സമൂഹത്തിനു മനസ്സിലാക്കിക്കൊടുത്തു. ലൈംഗിക അതിക്രമങ്ങളൊന്നും പൊള്ള അഭിമാനത്തിന്റെ പേരിൽ റിപ്പോർട്ട് ചെയ്യാതെ പോകരുതെന്ന് മലയാളത്തിലെ യുവനടിയുടെ കേസ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഊണുമേശയിൽ ആണിന്റെ പാത്രത്തിൽ കൂടുതലായി വീണ വറുത്ത മീൻകഷണത്തിന്റെ രാഷ്ട്രീയം കേരളത്തിലെ പെൺകുട്ടികൾ പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. പെണ്ണിന്  ചാർത്തിക്കൊടുക്കപ്പെട്ട ‘സർവംസഹ’ പട്ടത്തിലെ കെണി തിരിച്ചറിഞ്ഞ് പലരും അത് വലിച്ചെറിഞ്ഞു തുടങ്ങി. 

നാളെയുടെ പ്രതീക്ഷകൾ...

വേല ചെയ്തു പുലർന്നോളായ് 

പുലർത്തുന്നവളായ്, സ്വയം

ജീവിതം പൊൻകൊടിക്കൂറ

പോലുയർത്തിപ്പിടിച്ചിടും!

ഇന്ന് പെൺകുട്ടികൾക്കായ് മാറ്റി വയ്ക്കപ്പെട്ട ദിനം. ഇനിയെല്ലാ ദിനങ്ങളും പെൺകുഞ്ഞുങ്ങളുടേതുകൂടിയാവട്ടെ!

തല താഴില്ല, താഴ്ത്തില്ല,

ഇവൾ തൻകാലിൽ നില്പവൾ...

English Summary: Re-reading ‘Penkunju’ poem by Sugathakumari on International Day of the Girl Child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;