വെള്ളാറയിൽ നിഷാദും എൻ.വി.എച്ച് പരിയാരവും വി.എച്ച്. നിഷാദ് ആയ കഥ

HIGHLIGHTS
  • വി.എച്ച്. നിഷാദ് താൻ എഴുത്തിലേക്കു കടന്നുവന്ന വഴികൾ പറയുന്നു.
V.H. Nishad
വി. എച്ച്. നിഷാദ്
SHARE

‘സിനിമാ നടൻ വിനീത് കുമാറില്ലേ? പൂച്ചക്കണ്ണുള്ള.സുന്ദരൻ! പുള്ളിയുടെ കാർ സ്കൂളിന്റെ ഗേറ്റു കടന്നുവരികയാണ്. വിനീത് ആ സമയം താരമായി നിൽക്കുകയാണ്. കാറിന്റെ പുറകെ ആർപ്പുവിളിച്ച് വിളിച്ച് കുറെ കുട്ടികളോടി. കൂട്ടത്തിൽ ഞാനും.,,’ 

സമകാലികകഥയിലെ ശ്രദ്ധേയനായ കഥാകൃത്ത് വി.എച്ച്. നിഷാദ് താൻ എഴുത്തിലേക്കു കടന്നുവന്ന വഴികൾ പറയുകയായിരുന്നു. തിരുവനന്തപുരത്ത് എന്റെ വീട്ടിൽ ഊണുമേശയ്ക്ക് അപ്പുറമിപ്പുറമിരുന്നാണ് ഞങ്ങളുടെ വർത്തമാനം. എന്നാൽ കഥ നടക്കുന്നതോ,വർഷങ്ങൾക്കു മുമ്പ് അങ്ങു കണ്ണൂരുള്ള പരിയാരം എന്ന ഗ്രാമത്തിലും.  

കാറിന്റെ പുറകെ ഓടിയാൽ കഥാകൃത്താകുമോ? എന്താണ് സംഭവം? ഞാൻ ആകാംക്ഷയോടെ തിരക്കി. 

‘അന്ന് ഞാൻ എട്ടിൽ പഠിക്കുകയാണ്. പരിയാരത്ത് ‘അക്ഷര’ എന്നൊരു ട്യൂട്ടോറിയലിൽ ട്യൂഷനു പോകുന്നുണ്ട്. അവിടത്തെ ഗോപിമാഷ് വലിയ വായനക്കാരനാണ്. അദ്ദേഹം പുസ്തകങ്ങളെയും എഴുത്തുകാരെയും കുറിച്ചു പറയും. അവിടെ നിന്നും ഒരു കൈയെഴുത്തുമാസിക പുറത്തിറക്കുന്നുണ്ട് പരിയാരം ഗവ. ഹൈസ്കൂളിൽ നടക്കുന്ന ഒരു ചടങ്ങിനോടനുബന്ധിച്ചാണ് അതു പ്രകാശനം ചെയ്യുന്നത്. ആ കൃത്യം നിർവഹിക്കാനാണ് വിനീത് കുമാർ വന്നത്. 

Ezhuthu-vartamanangal09

കാറിനു പുറകെ ഓടിയെങ്കിലും വിനീത് കുമാർ സ്റ്റേജിൽ കയറിയപ്പോൾ എന്റെ നോട്ടം പുള്ളിയുടെ കൈയിലിരിക്കുന്ന മാസികയിലേക്കായിരുന്നു. ചടങ്ങ് തീർന്നപ്പോൾ സ്റ്റേജിനു പുറകിലെത്തി അതെടുത്തുനോക്കി. കമനീയമായ കയ്യക്ഷരത്തിൽ നല്ല ചിത്രങ്ങളോടെ തയാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണം. നാട്ടിലെ സാഹിത്യാഭുചിയുള്ള എല്ലാവരുടേയും കഥകളും കവിതകളുമുണ്ട്. ഞാനും ചെറുതായി എഴുതിത്തുടങ്ങുന്ന കാലമാണ്. എന്റെ രചന അതിൽ വരാത്തതിൽ വിഷമം തോന്നി. അടുത്ത ലക്കം എന്നാണ് പുറത്തിങ്ങുന്നതെന്നു ചോദിച്ചു. വൈകും. അടുത്ത വർഷം ഇതേ സമയമാകണം. അതുവരെ കാത്തിരിക്കാൻ തോന്നിയില്ല.   

ഉമ്മ ഹാജിറാബീവി അവിടെ കണക്കു ടീച്ചറാണ്. അച്ഛൻ കോളജ് അധ്യാപകനും. പിന്നെ അനിയത്തി. സ്കൂളിൽ പോകാൻ മടി തോന്നുമ്പോൾ പ്രയോഗിക്കുന്ന ഒരു സൂത്രമുണ്ട്– കള്ളപ്പനി ! പനി നടിച്ച് മൂടിപ്പുതച്ചു കിടക്കും. അപ്പോ ചെറിയ ചൂടൊക്കെ പൊങ്ങും. അതു കാണുമ്പോൾ സ്കൂളിൽ പോകേണ്ടെന്നും വീട്ടിലിരുന്ന് വിശ്രമിച്ചോളാനും പറയും. അങ്ങനെ കള്ളപ്പനിയുമായി വീട്ടിലിരുന്ന ഒരു ദിവസം  ഇരുന്നൂറു പേജിന്റെ ഒരു നോട്ടു ബുക്കെടുത്ത് ഒരു മാസിക തയാറാക്കി– ‘കല ദ്വൈവാരിക!’ കഥ, കവിത, ലേഖനം...എല്ലാമുണ്ട്. ഭൂരിഭാഗവും എന്റെ തന്നെ സൃഷ്ടികൾ. പിന്നെ ചില കൂട്ടുകാരുടേത്. ക്രയോണും സ്കെച്ചു പെന്നുമായി ചിത്രങ്ങളും ഞാൻ തന്നെ വരച്ചു ചേർത്തു. പത്രാധിപരുടെ േപരിന്റെ സ്ഥാനത്ത് അന്ന് ആദ്യമായി എഴുതി– വി.എച്ച്. നിഷാദ്! അനിയത്തിയും കസിനും സബ് എഡിറ്റർമാർ.. 

വൈകിട്ട് ഉമ്മ വന്നപ്പോൾ ‘കല ദ്വൈവാരിക’ കാണിച്ചു. 

Ezhuthu-vartamanangal-2

ഉമ്മ പിറ്റേന്നത് സ്റ്റാഫ് റൂമിൽ മറ്റു ടീച്ചർമാരെ കാണിച്ചു. എല്ലാവർക്കു നല്ല അഭിപ്രായം, പെരുത്ത് സന്തോഷമായി. മാസികയുടെ അവസാനത്തെ കുറെ താളുകൾ വായനക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ എഴുതുവാനായി നീക്കി വച്ചിരുന്നു. അതിൽ ആശംസകൾ പ്രവഹിക്കാൻ തുടങ്ങി. അങ്ങനെ മാസിക തുടർച്ചയായി നാലഞ്ചു ലക്കം ഇറങ്ങി എന്റെ തന്നെ കഥകളുണ്ട്.. മറ്റുള്ളവരുടെ രചനകൾ വാങ്ങി പ്രസിദ്ധീകരിക്കുന്നുമുണ്ട്. അങ്ങനെ എഴുത്തുകാരനും പത്രാധിപരുമായി ഒരേ സമയം മാറുകയായിരുന്നു.

ബഷീന്റെ ‘മാന്ത്രികപ്പൂച്ച’യും എമിലി സോളയുടെ ‘നാന’യുമാണ് അന്ന് മനസ്സിൽ തങ്ങി നിൽക്കുന്ന കൃതികൾ. ഗോപിമാഷ് അന്നൊരു പുസ്തകം എടുത്തു തന്നിട്ടു പറഞ്ഞു, ഇതിൽ ടി. പത്മനാഭൻ എന്നൊരാളുടെ കഥയുണ്ട് വായിക്കണം. പത്മനാഭന്റെ ‘മകൻ’എന്ന കഥ. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഖ്യാനമാണ്. മനസ്സിലതു വല്ലാതെ കൊണ്ടു. ആ വായനാനുഭവം അതെപോലെ എഴുതാൻ പ്രേരണ നൽകി. ‘നനഞ്ഞ റൊട്ടിക്കഷണങ്ങൾ’എന്ന പേരിൽ ഒരു കഥയെഴുതി. സബ് ജില്ലാ കലോത്സവത്തിൽ അന്നു കഥയ്ക്ക് ഒന്നാംസമ്മാനം കിട്ടി. ജില്ലാതലത്തിൽ ‘മഴ നനഞ്ഞ ഒരാൾ’ എന്ന പേരിലെഴുതിയ കഥയ്ക്കും സമ്മാനം കിട്ടി. രണ്ടിലും പത്മനാഭന്റെ സ്വാധീനമുണ്ടായിരുന്നു. 

അക്കാലത്ത് കഥകൾക്കൊപ്പം അനുഭവക്കുറിപ്പുകളും എഴുതുന്നുണ്ട്. അത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുകരിച്ചായിരുന്നു. ബഷീറിന്റെ പേര് അനുസ്മരിപ്പിക്കുന്ന ഒരു തൂലികാനാമവും സംഘടിപ്പിച്ചു : ‘വെള്ളാറയിൽ നിഷാദ്.’ വെള്ളാറയിൽ എന്നതു വീട്ടുപേരാണ്. കവിത എഴുതുമ്പോൾ ഒ.എൻ.വി. കുറുപ്പിനെ അനുസ്മരിച്ച് ‘എൻ.വി.എച്ച് പരിയാരം’. അങ്ങനെ എഴുതിയതൊക്കെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. 

Ezhuthu-vartamanangal-07

∙ കൈയഴുത്തു മാസികയിൽ എഴുതുന്നതല്ലാതെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്കൊന്നും അന്നു സൃഷ്ടികൾ അയച്ചില്ലേ..? 

ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി എല്ലാത്തിനും അയക്കുന്നുണ്ട്. 

രചനയിലെ മികവു കുറഞ്ഞു പോയതു കൊണ്ടല്ല മാസികയിലെ സ്ഥലപരിമിതി മൂലം പ്രസിദ്ധീകരിക്കാനാവുന്നില്ല എന്നു ഖേദം പ്രകടിപ്പിച്ച് പത്രാധിപന്മാർ ചെന്ന അതേ വേഗത്തിൽ തിരിച്ചയക്കും. മാസികകളിൽ ഇവർക്കു കുറച്ചുക്കൂടി സ്ഥലം വളച്ചുകെട്ടി എടുത്തുകൂടേ എന്നായിരുന്നു എന്റെ സംശയം. ‘ആത്മകവിത’എന്നൊരു പിൽക്കാല രചനയിൽ ഈ അനുഭവങ്ങളൊക്കെ എഴുതിയിട്ടുണ്ട്.  

∙ എന്നാണ് ഈ സ്ഥിതിക്കു മാറ്റം വരുന്നുണ്ട്? 

ആയിടെ ഒരു കഥയെഴുതി. അതുവരെ എഴുതിയതിൽ നിന്നും വ്യത്യാസമുണ്ടെന്നു മനസ്സിലായി. അത് മാതൃഭൂമി വാരികയ്ക്ക് അയച്ചു. രണ്ടുമൂന്നു മാസം കഴിഞ്ഞു. തിരിച്ചുവരുന്നില്ല. ഇതിലും സ്ഥലപരിമിതി പ്രശ്നമായിരിക്കുമെന്നു കരുതി ഞാനത് ഉപേക്ഷിച്ചു. ഒരു ദിവസം മാതൃഭൂമി വന്നപ്പോൾ ബാലപംക്തിയിൽ ആദ്യമായി വി.എച്ച്. നിഷാദ്, പരിയാരം എന്ന പേരിൽ പേരിൽ കഥ അച്ചടി മഷി പുരണ്ടിരിക്കുന്നു. പി. വത്സല ടീച്ചറാണ് കഥ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരാണ് അന്നു കഥ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. കഥയെക്കുറിച്ചുള്ള അവരുടെ കുറിപ്പുമുണ്ടാകും. മാസിക അടച്ചുവച്ച് വീണ്ടും തുറന്നുനോക്കി. കഥ അവിടെത്തന്നെയുണ്ടോ എന്നുറപ്പിക്കുകയായിരുന്നു. നൂള്ളിനോക്കി... വേദനയുണ്ട്.. പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ ടീച്ചർമാർ പറഞ്ഞു, ‘മാതൃഭൂമിയിലൊക്കെ വന്നല്ലോ.. അപ്പോ വലിയ എഴുത്തുകാരനായി.’ 

Ezhuthu-vartamanangal-3

∙ എപ്പോഴായിരുന്നു അടുത്ത കഥ? 

ആദ്യകഥ വന്നതോടെ വല്ലാതെ പേടിയായി. കാരണം ഒരു കഥ പ്രസിദ്ധീകരിച്ചു. ഇനി അടുത്ത കഥയും അച്ചടിക്കണം. കുത്തിപ്പിടിച്ചിരുന്ന് എഴുതി. പക്ഷേ അയക്കാൻ കോൺഫിഡൻസ് ഇല്ല. അങ്ങനെ ഒരു വർഷം കടന്നുപോയി. അന്ന് ഇന്ത്യാ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയെഴുതി– ലാഹോർ! ഭാര്യയും ഭർത്താവും ദാമ്പത്യബന്ധം പിരിയാൻ നിൽക്കുകയാണ്. രണ്ടുപേരും അവരവരുടെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്തവർ. 

മത്സരത്തിൽ ഒരാൾ ഇന്ത്യയുടെ ഭാഗത്തും മറ്റേയാൾ പാക്കിസ്ഥാന്റെ ഭാഗത്തും ചേർന്നു. ഇന്ത്യ ജയിക്കുകയാണെങ്കിൽ ഭാര്യ ഭർത്താവ് പറയുന്നത് അനുസരിക്കും. മറിച്ചാണെങ്കിൽ ഭർത്താവ് ഭാര്യ പറയുന്നത് കേൾക്കും. പക്ഷേ ആരും ജയിക്കുന്നില്ല, തോൽക്കുന്നുമില്ല, മത്സരം ടൈ ആകുന്നതായിരുന്നു കഥാന്ത്യം. ഈ കഥയും മാതൃഭൂമിയിൽ വന്നു. അതോടെ എഴുത്തിൽ മുന്നോട്ടു പോകാമെന്ന ആത്മ വിശ്വാസമായി. തളിപ്പറമ്പ് സർ സയ്യദ് കോളജിൽ വിദ്യാർഥിയായി. സയൻസ് വിഷയങ്ങൾ വലിയ ബോറാണ്. റെക്കോർഡ് ബുക്കിനുള്ളിൽ വച്ച് കഥയെഴുതിയാണ് ബോറടി മാറ്റിയത്. കോളജ് പഠനകാലത്ത് കുറെ കഥകൾ കൂടി പ്രസിദ്ധീകരിച്ചു. ബാലപംക്തിക്കു പുറമേ ദേശാഭിമാനിയിലെ ‘കുട്ടികളുടെ ലോക’ത്തിലും ചന്ദ്രികയിലെ ‘പുതുനാമ്പു’കളിലും ഒക്കെയായിരുന്നു അത്. 

2002 –ൽ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ‘വാൻഗോഗിന്റെ ചെവി’ എന്ന കഥയ്ക്കു സമ്മാനം കിട്ടുന്നതോടെയാണ് മുഖ്യധാരയിലേക്ക് എത്തുന്നത്. ‘വ്യാകരണം’ എന്ന കഥയ്ക്ക് ആ വർഷം മുട്ടത്തുവർക്കി സ്മാരക കലാലയ കഥാ സമ്മാനം കിട്ടി. തൊട്ടുപിന്നാലെ എം.പി. നാരായണപിള്ള കഥാ അവാർഡും തേടിയെത്തി. ‘സീതാ നീ ഏതു ഫ്ളാറ്റിലാണ്’എന്ന കഥയ്ക്കായിരുന്നു പുരസ്കാരം. ക്യാംപസ് എഴുത്തുകാരൻ എന്ന കുപ്പായം അഴിച്ചുമാറ്റുന്നത് അതോടെയാണ്. 

English Summary: Ezhuthuvarthamanangal, V. H. Nishad talks about his life as a writer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;